ഉറി - പുൽവാമ ഭീകരാക്രമണം; സർജിക്കൽ സ്ട്രൈക്കിന്റെ ഓർമ്മകൾ പങ്കുവച്ച സിനിമ
ജമ്മു കാശ്മീരിലെ ഉറിയിൽ ഉണ്ടായ ഭീകരാക്രമണം പുൽവാമയ്ക്ക് മുൻപുള്ള സമാനമായ ഏറ്റവും വലിയ ആക്രമണമായിരുന്നു
14 Feb 2022 9:45 AM GMT
ഫിൽമി റിപ്പോർട്ടർ

ഫെബ്രുവരി 14 പ്രണയ ദിനം. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇന്ന് കറുത്ത ദിനം കൂടിയാണ്. ഇന്ത്യയെ മുഴുവൻ കണ്ണീരിലാഴ്ത്തിയ പുൽവാമയിലെ ആ ദുരന്തത്തിന് ഇന്ന് മൂന്ന് വയസ്സ്. അപ്രതീക്ഷിതമായ ആ ദുരന്തം കവർന്നെടുത്തത് രാജ്യത്തിന്റെ 40 സൈനികരെയാണ്. സംഭവം നടന്ന അതെ വർഷം തന്നെ തിയേറ്ററുകളിൽ നിറഞ്ഞ സാന്നിധ്യത്തോടെ ഇന്ത്യയൊട്ടാകെ ഏറ്റെടുത്ത ഒരു ചിത്രം കൂടി പുറത്തിറങ്ങി. 'ഉറി: ദി സർജിക്കൽ സ്ട്രൈക്ക്'.
ജമ്മു കാശ്മീരിലെ ഉറിയിൽ ഉണ്ടായ ഭീകരാക്രമണം പുൽവാമയ്ക്ക് മുൻപുള്ള സമാനമായ ഏറ്റവും വലിയ ആക്രമണമായിരുന്നു. ഈ സംഭവത്തെ ആസ്പതമാക്കിയായിരുന്നു ചിത്രം. മലയാളികൾ അന്ന് അധികം കേട്ട് കേഴ്വിയില്ലാതിരുന്ന ചിത്രം കേരളത്തിൽ വിരലിലെണ്ണാവുന്ന തിയേറ്ററുകളിൽ മാത്രമാണ് പ്രദർശനം നടത്തിയത്. എന്നിരുന്നാലും നിറഞ്ഞ കാഴ്ചക്കാരുടെ ചിത്രം വിജയകരമായി മാറി. പിന്നീട് സിനിമ മലയാളികൾക്കിടയിൽ പുൽവാമയോടൊപ്പം ഇതും ചർച്ചയായി.
'ഉറി: ദി സർജിക്കൽ സ്ട്രൈക്ക്' എന്ന സിനിമ വെറും നാല് ദിവസം കൊണ്ട് ബോക്സോഫീസ് കളക്ഷൻ ഇരട്ടിയാക്കിയിരുന്നു, പിന്നീട് സിനിമ കാണാൻ എത്തുന്നവരുടെ എണ്ണവും കൂടി. 25 കോടി ബഡ്ജറ്റിൽ പുറത്തിറങ്ങിയ സിനിമ നേടിയത് 342.06 കോടിയാണ്. ഒരു സിനിമ എന്നതിനപ്പുറം ആ സംഭവം രാജ്യത്തെ എത്രത്തോളം ഉറി ഭീകരാക്രമണവും തുടർന്നുണ്ടായ പുൽവാമ ആക്രമണവും ബാധിച്ചു എന്നതിനുദാഹരണം കൂടിയായിരുന്നു 'ഉറി' സിനിമയുടെ സ്വീകാര്യത.
വിക്കി കൗശൽ ആണ് ചിത്രത്തിൽ നായകനായെത്തുന്നത്. ഒപ്പം യാമി ഗൗതം, മോഹിത് റെയ്ന, കൃതി, പരേഷ് റാവൽ, രജിത് കപൂർ, മാനസി പാരേക്കർ തുടങ്ങിയർ പ്രധാന വേഷത്തിലെത്തി. വിക്കി കൗശലിന്റെ, മേജർ വിഹാൻ സിംഗ് ഷെർഗിൽ എന്ന കഥാപാത്രം യഥാർത്ഥത്തിൽ മേജർ മൈക്ക് ടാംഗോ എന്ന ഇന്ത്യൻ പാര സ്പെഷ്യൽ ഫോഴ്സിലെ വീറുറ്റ സൈനികനാണ്. ഉറി ഭീകരാക്രമണത്തിന് തിരിച്ചടി നൽകാൻ രാജ്യം ചുമതലപ്പെട്ടുത്തിയത് മേജർ ടാംഗോയുടെ നേതൃത്വത്തിലുള്ള പാര സ്പെഷ്യൽ ഫോഴ്സ് കാമാൻഡോസിനെയാണ്. എന്നാൽ മേജർ ടാംഗോ എന്ന പേര് യാഥാർത്ഥമല്ല. അദ്ദേഹത്തിന്റെ പേര് സൈന്യം ഇതുവരെയും പുറത്തുവിട്ടിട്ടില്ല. ഔദ്യോഗികമായി ഇന്ത്യൻ സേന പുറത്തുവിട്ട അദ്ദേഹത്തിന്റെ അഭിമുഖത്തിൽ പോലും അന്ന് പേര് പുറത്തു വിട്ടില്ല. മേജർ കരൺ കശ്യപ് എന്ന മറ്റൊരു പ്രധാന കഥാപാത്രമായിരുന്നു. മോഹിത് റെയ്ന അഭിനയിച്ച പാര സ്പെഷ്യൽ ഫോഴ്സ് കാമാൻഡോ മരിക്കുന്നതായി കാണിച്ചിട്ടുണ്ട്. യഥാർത്ഥത്തിൽ അങ്ങനെ ഒരു ഓഫീസർ മരിക്കുന്നില്ല. എന്നാൽ മലയാളിയായ എൻഎസജി കാമാൻഡൊ ലെഫ്റ്. കേണൽ നിരഞ്ജന്റെ മരണത്തിന് സമാനമായി കരൺ കശ്യപ് കൊല്ലപ്പെടുന്നു.

ചിത്രത്തിൽ ശ്രദ്ധേയമായ മറ്റൊരു കഥാപാത്രമായിരുന്നു പരേഷ് റാവൽ അവതരിപ്പിച്ച ഗോവിന്ദ് ഭർദ്വാജ് എന്ന ദേശിയ സുരക്ഷ ഉപദേഷ്ടാവിന്റെ വേഷം. യഥാർത്ഥ ജീവിതത്തിലെ ഇന്ത്യൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ ആണ് ആ കഥാപാത്രം. പാക്കിസ്ഥാനിൽ ഏഴ് വർഷത്തോളം ചാരനായി പ്രവർത്തിച്ച് അവിടുത്തെ ആണവ രഹസ്യങ്ങളടക്കം ചോർത്തിയ കേരളം കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ അജിത് കുമാർ ഡോവൽ തന്നെയായിരുന്നു സർജിക്കൽ സ്ട്രൈക്കിന്റെ തലവൻ എന്ന് പറയാം.

ഉറി ഭീകരാക്രമണത്തിനു ശേഷം ഹൃദയം നീറുന്ന വേദനയോടെ കണ്ട ചില സംഭവങ്ങളിൽ ഒന്നായിരുന്നു കേണൽ എം എൻ റോയിയുടെ മരണാനന്തര ചടങ്ങിൽ കൊണ്ട് 'ബലിദാൻ പരംധർമ്മ' എന്ന് വിളിച്ചു പറയുന്ന രംഗം. ഇതും ചിത്രത്തിൽ കാണിക്കുന്നു. സിനിമയിൽ കരൺ കശ്യപിന്റെ മരണാനന്തര ചടങ്ങിലാണ് ഇതേ സന്ദർഭം കാണിക്കുന്നത്.

ഇത് കൂടാതെ റോയുടെയും ഐബിയുടെയും മാറ്റ് ഇന്ത്യൻ ചരന്മാരുടെയും കഥാപാത്രങ്ങൾ ചിത്തത്തിന്റെ പ്രധാന ഭാഗങ്ങളാണ് എന്നാൽ ഇവരൊക്കെ യാഥാർത്ഥത്തിൽ ആരൊക്കെയാണ് എന്ന് ഇതുവരെയും പുറത്തുവിട്ടിട്ടില്ല. എല്ലാം ഇന്ത്യൻ ചാര സംഘടനയ്ക്ക് മാത്രം അറിയാവുന്ന രഹസ്യമായി തുടരുന്നു. രാജ്യത്തിനുണ്ടായ ഏറ്റവും വലിയ നഷ്ടമായിരുന്നു ഉറി ആക്രമണത്തിലും പുൽവാമ ആക്രമണത്തിലും ഉണ്ടായത്. എത്ര തിരിച്ചടികൾ നടത്തിയാലും പകരം വെക്കാൻ സാധിക്കാത്ത ധീരജവാന്മാർക്ക് മുന്നിലുള്ള ഒരു ആദരവ് കൂടിയാണ് ഈ സിനിമ എന്ന് താന്നെ പറയാം.