Top

'സെറ്റിൽ രാവിലെ കൃത്യസമയത്ത് ഷാരൂഖ് ആദ്യമായി എത്തുന്നത് അന്നായിരുന്നു, നിറയെ പ്രത്യേകതകളുള്ള സിനിമ'; ഫറാ ഖാൻ

ഗാനത്തിനായി ഏകദേശം 31 ഓളം പ്രശസ്തരായ ബോളിവുഡ് താരങ്ങളാണ് ഒത്തുചേർന്നത്

18 Jan 2022 7:34 AM GMT
ഫിൽമി റിപ്പോർട്ടർ

സെറ്റിൽ രാവിലെ കൃത്യസമയത്ത് ഷാരൂഖ് ആദ്യമായി എത്തുന്നത് അന്നായിരുന്നു, നിറയെ പ്രത്യേകതകളുള്ള സിനിമ; ഫറാ ഖാൻ
X

ദീപിക പദുകോൺ ഷാരൂഖ് ഖാൻ താരജോഡികളുടെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് 'ഓം ശാന്തി ഓം'. ഫറാ ഖാൻ സംവിധാനം ചെയ്ത ചിത്രത്തിലെ ഗാനങ്ങൾ ഇന്നും ആരാധകർക്ക് പ്രിയപ്പെട്ടതാണ്. ഏറെ പ്രത്യേകതകളുള്ള സിനിമയാണ് 'ഓം ശാന്തി ഓം'. സിനിമയിലെ ഒരു ഗാനത്തിന് വേണ്ടി മാത്രം നിരവധി ബോളിവുഡ് താരങ്ങളാണ് അണിനിരന്നത്. ഇപ്പോൾ ചിത്രത്തിലെ ഷാരൂഖ് ഖാനുമായുള്ള ചില ഓർമ്മകൾ പങ്കുവയ്ക്കുകയാണ് സംവിധായകയും നൃത്ത സംവിധായികയുമായ ഫറാ ഖാൻ. സെറ്റിൽ രാവിലെ കൃത്യസമയത്ത് ഷാരൂഖ് ആദ്യമായി എത്തുന്നത് ഓം ശാന്തി ഓമിൽ ആയിരുന്നു എന്നാണ് കപിൽ ശർമ്മയുടെ ഷോയിൽ എത്തിയ ഫറാ പറഞ്ഞത്.

'' 'ഓം ശാന്തി ഓമി'ലെ 'ദിവാൻഗി ദിവാൻഗി' എന്ന ഗാനത്തിനായി ഏകദേശം 31 ഓളം പ്രശസ്തരായ ബോളിവുഡ് താരങ്ങളാണ് ഒത്തുചേർന്നത്. ഗാനരംഗത്തിൽ ദിലീപ് കുമാറിനെയും സൈറ ബാനുവിനെയും ഒരുമിച്ച് കൊണ്ടുവരാൻ താൻ ആഗ്രഹിച്ചിരുന്നു. ഷാരൂഖ് ഖാൻ വ്യക്തിപരമായി ഇക്കാര്യത്തിനു വേണ്ടി ശ്രമിച്ചു. പക്ഷേ നടന്നില്ല. ദേവ് ആനന്ദിനെ സമീപിച്ചുവെങ്കിലും അതിഥി വേഷം താൻ ചെയ്യാറില്ലെന്ന് പറഞ്ഞ് പിന്മാറി.

അഭിഷേക് ബച്ചനെയും ഐശ്വര്യ റായിയെയും കൊണ്ടുവരാൻ ശ്രമിച്ചിരുന്നു. എന്നാൽ ആ മാസം ആയിരുന്നു അവരുടെ വിവാഹം. ഒരു ദിവസം അഞ്ചു താരങ്ങളെ വച്ച് രണ്ടു മണിക്കൂർ വീതമാണ് ഗാനം ഷൂട്ട് ചെയ്തത്. സെറ്റിൽ രാവിലെ കൃത്യസമയത്ത് ഷാരൂഖ് ആദ്യമായി എത്തുന്നത് അന്നായിരുന്നു. കാരണം അദ്ദേഹമായിരുന്നു സിനിമയുടെ നിർമ്മാതാവും നായകനും.'' ഫറാ പറഞ്ഞു. രേഖ, ധർമ്മേന്ദ്ര, മിഥുൻ ചക്രവർത്തി, കരിഷ്മ കപൂർ, പ്രിയങ്ക ചോപ്ര, പ്രീതി സിന്റ, സൽമാൻ ഖാൻ, സെയ്ഫ് അലി ഖാൻ, ജൂഹി ചൗള, ജിതേന്ദ്ര, ഷബാന ആസ്മി, ശിൽപ ഷെട്ടി, കജോൾ, റാണി മുഖർജി അടക്കമുളളവരാണ് 'ദിവാൻഗി ദിവാൻഗി' ഗാനത്തിൽ അതിഥികളായി എത്തിയത്.

Next Story