Top

'ബോളിവുഡിനെ തകർക്കാൻ അവന്റെ ബ്രഹ്മാസ്ത്രം മാത്രം മതി'; ഹിന്ദി സിനിമകൾക്കെതിരെ സുശാന്തിന്റെ സഹോദരി

'ഗുണനിലവാരവും ധാർമ്മിക മൂല്യങ്ങളും ഉണ്ടെങ്കിൽ മാത്രമേ മതിപ്പും ആദരവും നേടുയെടുക്കാൻ സാധിക്കൂ'

12 Sep 2022 7:25 AM GMT
ഫിൽമി റിപ്പോർട്ടർ

ബോളിവുഡിനെ തകർക്കാൻ അവന്റെ ബ്രഹ്മാസ്ത്രം മാത്രം മതി; ഹിന്ദി സിനിമകൾക്കെതിരെ സുശാന്തിന്റെ സഹോദരി
X

2020-ൽ ഇന്ത്യൻ സിനിമ പ്രേക്ഷകരെ ഞെട്ടിച്ച വാർത്തയായിരുന്നു സുശാന്ത് സിങ് രാജ്പുതിന്റെ മരണം. ആരാധകരെ കണ്ണീരിലാഴ്ത്തിയ ആ സംഭവത്തിന് പിന്നാലെ ഉയർന്നുവന്ന പല ചർച്ചകളും സുശാന്തിന് ബോളിവുഡിൽ നിന്ന് ലഭിച്ച അനുഭവങ്ങൾ തന്നെയായിരുന്നു. ഒട്ടുമിക്ക ബോയ്കോട്ട്-ഹാഷ് ടാ​ഗ് ക്യാംപെയിനുകളുടെയും തുടക്കം സുശാന്തിന്റെ മരണത്തിനു പിന്നാലെയായിരുന്നു.

നിരന്തരമായുള്ള പരാജയങ്ങൾക്കൊടുവിലാണ് ബോളിവുഡ് ചിത്രമായ രൺബീർ കപൂർ-ആലിയ ഭട്ട് ജോഡികളുടെ 'ബ്രഹ്മാസ്ത്ര' തിയേറ്ററിൽ വിജയം നേടുന്നത്. രണ്ട് ദിനങ്ങൾ കൊണ്ട് ആഗോള തലത്തിൽ 160 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. എന്നാലിപ്പോൾ ചിത്രത്തിനെതിരെ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് സുശാന്തിന്റെ സഹോദരി മീതു സിങ്.

സുശാന്തിന്റെ ബ്രഹ്മാസ്ത്രം മാത്രം മതി ബോളിവുഡിനെ തകർക്കാൻ എന്നും വിനയമോ പരസ്പര ബഹുമാനമോ കണിക്കാത്ത ബോളിവുഡിന് എപ്പോഴും താല്പര്യം പൊതുജനങ്ങളെ ആജ്ഞാപിക്കാനാണ് എന്നും മീതു സോഷ്യൽ മീഡിയയിൽ കുറിച്ചു. സുശാന്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു മീതു സിങ്ങിന്റെ വിമർശനം.

മീതു സിങ് പങ്കുവെച്ച കുറിപ്പ്

സുശാന്തിന്റെ ബ്രഹ്മാസ്ത്രം മാത്രം മതി ബോളിവുഡിനെ തകർക്കാൻ. ബോളിവുഡ് എല്ലായ്‌പ്പോഴും പൊതുജനങ്ങളെ ആജ്ഞാപിക്കാനാണ് താല്പര്യപ്പെടുന്നത്. അതല്ലാതെ പരസ്പര ബഹുമാനവും വിനയവും കാണിക്കാൻ ഒരിക്കലും ശ്രമിക്കുന്നില്ല. ധാർമ്മിക മൂല്യങ്ങൾ കൊണ്ട് സമ്പന്നമായ നമ്മുടെ രാജ്യത്തിന്റെ മുഖമാകാൻ ഇത്തരക്കാരെ എങ്ങനെയാണ് അനുവദിക്കുക? ക്ഷമാപണം നടത്തിക്കൊണ്ട് പൊതുജനങ്ങളുടെ സ്നേഹം നേടിയെടുക്കാനുള്ള അവരുടെ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. ഗുണനിലവാരവും ധാർമ്മിക മൂല്യങ്ങളും ഉണ്ടെങ്കിൽ മാത്രമേ മതിപ്പും ആദരവും നേടുയെടുക്കാൻ സാധിക്കൂ.

2020 ജൂണില്‍ ആത്മഹത്യ ചെയ്ത സുശാന്തിന്റ മരണത്തിന് പിന്നിലെ ദുരൂഹതകള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. കേസില്‍ തീര്‍പ്പ് വന്നിട്ടില്ലാത്ത സാഹചര്യത്തില്‍ സുശാന്തിന് വിഷാദ രോഗമായിരുന്നു എന്ന് സൂചന നല്‍കുന്നതിനോട് യോജിക്കാന്‍ കഴിയില്ലെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. സുശാന്തിന്റെ കുടുംബത്തെക്കുറിച്ച് ചിന്തിക്കണമെന്നും ചിലര്‍ പ്രതികരിക്കുന്നു.

Story highlights: Sushant's Brahmastra is enough to destroy this Bollywood says meetu singh

Next Story