Top

'നൊപ്പോട്ടിസം, വിഷാദ രോ​ഗം', ബോളിവുഡിനെ വിവാദച്ചുഴിയിലാക്കിയ സുശാന്തിന്റെ ഓർമ്മകൾക്ക് രണ്ട് വർഷം

2020 ജൂൺ പതിനാലിനായിരുന്നു സുശാന്തിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

14 Jun 2022 4:55 AM GMT
ഫിൽമി റിപ്പോർട്ടർ

നൊപ്പോട്ടിസം, വിഷാദ രോ​ഗം, ബോളിവുഡിനെ വിവാദച്ചുഴിയിലാക്കിയ സുശാന്തിന്റെ ഓർമ്മകൾക്ക് രണ്ട് വർഷം
X

ജൂൺ പതിനാല് എന്ന ദിനം വലിയ ഞെട്ടലോടെ മാത്രമേ ബോളിവുഡ് ആരാധകർക്ക് ഇന്നും ഓർക്കാനാകൂ. രണ്ട് വർഷം മുൻപ് ഇതേ ദിവസമാണ് സിനിമ ആരാധകരെ കണ്ണീരിലാഴ്ത്തി സുശാന്ത് സിംഗ് രാജ്പുതിന്റെ വിയോഗവാർത്ത ലോകമറിയുന്നത്. മുംബൈ ബാന്ദ്രയിലെ വസതിയിൽ സുശാന്തിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിടപറഞ്ഞ് രണ്ട് വർഷം പിന്നിടുമ്പോഴും താരത്തിന്റെ മരണത്തിൽ ദുരൂഹതകൾ ഒഴിഞ്ഞിട്ടില്ല.

കടുത്ത വിഷാദരോഗം സുശാന്തിനെ ആത്മഹത്യയിലേയ്ക്ക് നയിച്ചു എന്നായിരുന്നു ആദ്യം പുറത്തു വന്ന റിപ്പോർട്ടുകൾ. തുടർന്ന് ബോളിവുഡിലെ സ്വജനപക്ഷപാതവും മയക്കുമരുന്ന് കേസുകളും ചർച്ചയിൽ വന്നു. മാനസിക ആരോഗ്യവും അതിന്റെ പ്രാധാന്യവും മുഖ്യധാരയിൽ ചർച്ചയായതും സുശാന്തിന്റെ മരണത്തെ തുടർന്നായിരുന്നു.

ബിഹാർ സ്റ്റേറ്റ് ഹാൻഡ്‌ലൂം കോർപറേഷനിലെ ടെക്‌നിക്കൽ ഓഫിസറായ കൃഷ്ണകുമാർ സിംഗിന്റേയും ഭാര്യ ഉഷാ സിംഗിന്റേയും അഞ്ച് മക്കളിൽ ഇളയവനായിരുന്നു സുശാന്ത് സിംഗ് രാജ്പുത്. ആസ്‌ട്രോ ഫിസിക്‌സിൽ അതീവ താത്പരനായിരുന്ന സുശാന്ത് ഫിസിക്സ് നാഷണൽ ഒളിമ്പ്യാഡിലെ വിജയിയാണ്. ബഹിരാകാശ യാത്രികനാകാനും തുടർന്ന് എയർ ഫോഴ്‌സ് പൈലറ്റാകാനുമായിരുന്നു സുശാന്തിന്റെ ആ​ഗ്രഹം. എന്നാൽ, ഷാരൂഖ് ഖാന്റെ കടുത്ത ആരാധകനായിരുന്ന സുശാന്ത് ബോളിവുഡിലേക്ക് ചുവട് മാറ്റം നടത്തി.

സിനിമ പാരമ്പര്യമില്ലാത്തവർക്കും സിനിമ ലോകം, പ്രത്യേകിച്ചും ബോളിവുഡ് അപ്രാഭ്യമല്ല എന്ന പ്രതീക്ഷയായിരുന്നു സുശാന്തിന്റെ ബോളിവുഡിലെ വിജയം. ടെലിവിഷൻ പരമ്പരകളിൽ നിന്ന് ബോളിവുഡിൽ എത്തുകമാത്രമല്ല സ്വപ്രയത്നം കൊണ്ട് തൻ്റേതായ ഒരിടം കണ്ടെത്തുകയായിരുന്നു സുശാന്ത്. സ്റ്റാർ പ്ലസിലെ 'കിസ് ദേശ് മേ ഹെ മേരാ ദിൽ' എന്ന സീരിയലിലൂടെയായിരുന്നു തുടക്കം. തുടർന്ന് വന്ന 'പവിത്ര റിഷ്ത' എന്ന സീരിയൽ സുശാന്തിനെ മിനിസ്ക്രീനിൽ പ്രേക്ഷകർക്കിടയിൽ പ്രിയങ്കരനാക്കി.

'കൈപോ ചെ' ആയിരിന്നു സുശാന്തിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം. മികച്ച നവാഗത നടനുള്ള ആ വർഷത്തെ ഫിലിം ഫെയർ പുരസ്‌കാരവും ചിത്രത്തിലൂടെ സുശാന്ത് സ്വന്തമാക്കി. തുടർന്ന് വന്ന ശുദ്ധ് ദേശി റൊമാൻസ്, ഡിറ്റക്ടീവ് ബ്യോംകേശ് ബക്ഷി എന്നീ ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടു. എം എസ് ധോണിയുടെ ജീവചരിത്ര സിനിമയായ 'എം എസ് ധോണി: ദ അൺടോൾഡ് സ്റ്റോറി'യിൽ ധോണിയായി അഭിനയിച്ചതിലൂടെയാണ് താരത്തിന് കൂടുതൽ ആരാധകർ ഉണ്ടായത്. സംവിധായകൻ നീരജ് പാണ്ഡെ ധോണിയുടെ വേഷത്തിലേയ്ക്ക് സുശാന്തിനെ തെരഞ്ഞെടുക്കാനുള്ള കാരണം, ധോണിയേപ്പോലെ തന്നെ എളിമയുള്ള, കൂളായ മനുഷ്യനാണ് സുശാന്ത് എന്നതായിരുന്നു. നീരജ് പാണ്ഡെ തന്നെ ഒരവസരത്തിൽ ഇതേക്കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. ഒരിക്കൽ ഏറ്റവും പേടി എന്തിനെയെന്ന ചോദ്യത്തിന്, 'മരണത്തെയാണ് ഏറ്റവും ഭയക്കുന്നത്' എന്നായിരുന്നു സുശാന്തിന്റെ മറുപടി…

Story highlights: Sushant singh rajput's second death anniversary

Next Story