Top

ഖലിസ്ഥാനി ഭീകരര്‍ പരാമര്‍ശം; കങ്കണയുടെ സാമൂഹിക മാധ്യമ പോസ്റ്റുകള്‍ സെന്‍സര്‍ ചെയ്യാനാവില്ലെന്ന് സുപ്രീംകോടതി

നിഷ്‌കളങ്കരായ സിഖുകാരുടെ കൊലപാതകത്തെ ന്യായീകരിച്ചെന്ന് ആരോപിച്ച് കങ്കണയുടെ ഭാവി സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വിലക്കണമെന്നാവശ്യപ്പെട്ട ഹര്‍ജിയിലാണ് കോടതിയുടെ പ്രതികരണം.

21 Jan 2022 4:31 PM GMT
ഫിൽമി റിപ്പോർട്ടർ

ഖലിസ്ഥാനി ഭീകരര്‍ പരാമര്‍ശം; കങ്കണയുടെ സാമൂഹിക മാധ്യമ പോസ്റ്റുകള്‍ സെന്‍സര്‍ ചെയ്യാനാവില്ലെന്ന് സുപ്രീംകോടതി
X

ബോളിവുഡ് താരം കങ്കണ റണൗത്തിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ സെന്‍സര്‍ ചെയ്യാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. കര്‍ഷക സമരത്തില്‍ പങ്കെടുത്ത സിഖ് കര്‍ഷകരെ 'ഖലിസ്ഥാനി തീവ്രവാദികള്‍' എന്നു വിളിച്ച താരത്തിന്റെ സാമൂഹിക മാധ്യമ പോസ്റ്റുകള്‍ക്കെതിരെ പൊലീസ് കേസെടുത്ത സാഹചര്യത്തിലാണ് പോസ്റ്റ് സെന്‍സര്‍ ചെയ്യണമെന്ന ഹര്‍ജി കോടതി തള്ളിയത്. ജസ്റ്റിസുമാരായ ബേല എം. ത്രിവേദി, ഡി. വൈ ചന്ദ്രചൂട് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

കങ്കണ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച പോസ്റ്റില്‍ നിഷ്‌കളങ്കരായ സിഖുകാരുടെ കൊലപാതകത്തെ ന്യായീകരിച്ചെന്ന് ആരോപിച്ച് സുപ്രീം കോടതി അഭിഭാഷകനാണ് ഹര്‍ജി സര്‍പ്പിച്ചിരുന്നത്. കങ്കണയുടെ ഭാവി സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വിലക്കണമെന്നാവശ്യപ്പെട്ട ഹര്‍ജിയിലാണ് കോടതിയുടെ പ്രതികരണം.

താന്‍ കര്‍ഷക സമരസ്ഥലത്ത് പോയിട്ടുണ്ടെന്നും അവിടെ ഖലിസ്ഥാനിയായ ഒന്നും ഉണ്ടായില്ലെന്നും ഹര്‍ജിക്കാരന്‍ ചന്ദര്‍ജിത്ത് സിംഗ് ചന്ദര്‍പാല്‍ പറയുന്നു. കര്‍ഷകരുമായി ബന്ധപ്പെട്ട പൊതു വിഷയത്തിലാണ് സമരം നടന്നതെന്നും എന്നാല്‍ കങ്കണ സ്ഥിരമായി വിദ്വേഷജനകമായ പോസ്റ്റുകളാണ് പങ്കുവെക്കുന്നതെന്നും പരാതിക്കാരന്‍ വ്യക്തമാക്കുന്നു.

കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ കങ്കണ ഇന്‍സ്റ്റാഗ്രാമിലിട്ടിരുന്ന പോസ്റ്റാണ് വിവാദമായത്. 'ഖലിസ്ഥാനി ഭീകരര്‍ ഇപ്പോള്‍ സര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടാകാം. എന്നാല്‍ ഒരു വനിതാ പ്രധാനമന്ത്രിയെ നമ്മള്‍ മറക്കാന്‍ പാടില്ല. ഒരു വനിതാ പ്രധാനമന്ത്രി മാത്രമാണ് അവരെ ചവിട്ടിയരച്ചത്. സ്വന്തം ജീവന്‍ തന്നെ അതിന് വിലയായി നല്‍കേണ്ടി വന്നെങ്കിലും രാജ്യത്തെ വിഭജിക്കാന്‍ അവര്‍ അനുവദിച്ചില്ല. ഇപ്പോഴും ഇന്ദിരയുടെ പേരുകേട്ടാല്‍ അവര്‍ വിറയ്ക്കും. ഇന്ദിരയെപ്പോലെ ഒരു ഗുരുവിനെയാണ് അവര്‍ക്ക് വേണ്ടത്' എന്നായിരുന്നു കങ്കണയുടെ പരാമര്‍ശം.

Next Story