അച്ഛനൊപ്പം ഒരു മുഴുനീള കോമഡി സിനിമയില്‍ അഭിനയിക്കണം; ശ്രദ്ധ കപൂര്‍
2010ല്‍ പുറത്തിറങ്ങിയ 'ടീന്‍ പാര്‍ട്ടി ' എന്ന സിനിമയിലൂടെയാണ് ശ്രദ്ധ കപൂര്‍ അഭിനയ രംഗത്തേക്ക് എത്തുന്നത്.
21 April 2022 8:26 AM GMT
ഫിൽമി റിപ്പോർട്ടർ

സ്റ്റാര്‍ 'പാരെന്റ് - ചൈല്‍ഡ്' കോമ്പിനേഷന്‍ എന്നത് ബോളിവുഡിലെ സ്ഥിരം കാഴ്ചയാണ്. 'പാ' സിനിമയിലെ അമിതാഭ്ബച്ചന്- അഭിഷേക് ബച്ചന്, ബേഷരം'ത്തില്‍ ഋഷി കപൂര്‍- രണ്‍ബീര്‍ കപൂര്‍, അനില്‍ കപൂറും മകള്‍ സോനം കപൂര്‍ എന്നിങ്ങനെ നീളുന്നു ബോളിവുഡിലെ അച്ഛന് മക്കള്‍ കോമ്പോ. അത്പോലെ ബോളിവുഡിലെ ശ്രദ്ധേയരായ അച്ഛനും മകളുമാണ് ശക്തി കപൂറും ശ്രദ്ധ കപൂറും. ഇപ്പോള്‍ അച്ഛനുമായൊരു മുഴുനീള സിനിമ ചെയ്യണമെന്ന ആഗ്രഹം തുറന്നുപറഞ്ഞിരിക്കുകയാണ് ശ്രദ്ധ. ഒരു അഭിമുഖത്തിനിടെയാണ് നടിയുടെ പ്രതികരണം.
' അച്ഛനൊപ്പം ഒരു മുഴുനീള കോമഡി സിനിമ ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. വീട്ടില്‍ ഞങ്ങളെയെല്ലാവരെയും ഒരുപാട് തമാശകള്‍ പറഞ്ഞ് ചിരിപ്പിക്കാറുണ്ട്. അദ്ദേഹവുമായി സ്ക്രീന്‍ സ്പേസ് പങ്കിടുക എന്നത് മനോഹരമായൊരു കാര്യമാണ്. നാല് പതിറ്റാണ്ടിലേറേയായി അദ്ദേഹത്തിന്റെ സിനിമ ജീവിതം ആരംഭിച്ചിട്ട്. ഇതിനിടെയില്‍ നെഗറ്റീവും പോസിറ്റീവുമായ ഒരുപാട് കഥാപാത്രങ്ങള്‍ അച്ഛന് അവതരിപ്പിച്ചിട്ടുണ്ട്. അഭിനേതാവെന്ന നിലയിലും ഒരു വ്യക്തിയെന്ന നിലയിലും അദ്ദേഹത്തില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ടെന്നും ശ്രദ്ധ കപൂര്‍ പറഞ്ഞു.
2010ല്‍ പുറത്തിറങ്ങിയ 'ടീന്‍ പാര്‍ട്ടി ' എന്ന സിനിമയിലൂടെയാണ് ശ്രദ്ധ കപൂര്‍ അഭിനയ രംഗത്തേക്ക് എത്തുന്നത്. ആ സിനിമയില്‍ ശക്തി കപൂര്‍ ഒരു അതിഥി വേഷം ചെയ്തിട്ടുണ്ടെങ്കിലും ഇരുവരും ഒരുമിച്ചൊരു മുഴുനീള സിനിമ ചെയ്യ്തിട്ടില്ല.അടുത്തുതന്നെ അത് സാധ്യമാകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
story highlights: sradha kapoor sayas that she wants to act with her father