Top

'കൊവിഡിന് ശേഷം കാര്യങ്ങള്‍ മാറിയെന്നത് അംഗീകരിക്കേണ്ടതുണ്ട്'; 'പൃഥ്വിരാജി'ന് പ്രതീക്ഷിച്ച ലാഭമില്ലെന്ന് സോനു സൂദ്

ചിത്രത്തില്‍ ചാന്ദ് ബര്‍ദായിയെന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് സോനു സൂദ് ആണ്

12 Jun 2022 11:41 AM GMT
ഫിൽമി റിപ്പോർട്ടർ

കൊവിഡിന് ശേഷം കാര്യങ്ങള്‍ മാറിയെന്നത് അംഗീകരിക്കേണ്ടതുണ്ട്; പൃഥ്വിരാജിന് പ്രതീക്ഷിച്ച ലാഭമില്ലെന്ന് സോനു സൂദ്
X

അക്ഷയ് കുമാര്‍ ചിത്രം 'സാമ്രാട്ട് പൃഥ്വിരാജ്' ബോക്‌സ് ഓഫീസില്‍ വന്‍ പരാജയം ഏറ്റുവാങ്ങുന്നതിനിടെ നടന്‍ സോനു സൂദിന്റെ വാക്കുകളാണിപ്പോള്‍ വൈറലാകുന്നത്. സിനിമയ്ക്ക് പ്രതീക്ഷിച്ച വിജയം ഉണ്ടായില്ലെന്നും പ്രേക്ഷകര്‍ കാണിക്കുന്ന സ്‌നേഹത്തിന് നന്ദിയുണ്ടെന്നും താരം പറയുന്നു. ചിത്രത്തില്‍ ചാന്ദ് ബര്‍ദായിയെന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് സോനു സൂദ് ആണ്.

'സിനിമ വളരെ പ്രത്യേകതയുള്ളതാണ്. ഒരു മികച്ച കഥാപാത്രത്തെ അവതരിപ്പിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. പ്രേക്ഷകര്‍ നല്‍കുന്ന സ്‌നേഹത്തിന് നന്ദി. പ്രതീക്ഷിച്ചത്ര ലാഭം ഇതിന് ലഭിച്ചില്ലായിരിക്കാം. പക്ഷേ കൊവിഡിന് ശേഷം കാര്യങ്ങള്‍ അല്‍പ്പം വ്യത്യസ്തമാണെന്ന് ഞങ്ങള്‍ അംഗീകരിക്കേണ്ടതുണ്ട്. ഞാന്‍ പറയുന്നത് ഞാനതില്‍ സന്തോഷവാനാണെന്നല്ല. പ്രേക്ഷകര്‍ എത്ര സ്‌നേഹം കാണിക്കുന്നുവെന്നതാണ്'- സോനു സൂദ് പറഞ്ഞു.

ജൂണ്‍ മൂന്നിന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ അനക്കം സൃഷ്ടിക്കാന്‍ സാധിച്ചിട്ടില്ല. റിലീസ് ചെയ്ത് ഒമ്പത് ദിവസം പിന്നിടുമ്പോഴും 56 കോടി മാത്രമാണ് നേടാനായത്. 250 കോടിയോളം മുതല്‍ മുടക്കില്‍ ഒരുങ്ങിയ ചിത്രത്തിന് കളക്ഷന്‍ നേടാന്‍ കഴിയാതായതോടെ നഷ്ടം നികത്താന്‍ അക്ഷയ് കുമാര്‍ തയ്യാറാകണമെന്ന ആവശ്യവുമായി വിതരണക്കാരും രംഗത്തെത്തിയിട്ടുണ്ട്.

കടുത്ത നഷ്ടം നേരിടുന്ന സാഹചര്യത്തില്‍ 'പൃഥ്വിരാജ്' ഒടിടി റിലീസായി എത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. നാല് ആഴ്ചക്കുള്ളില്‍ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ചിത്രം എത്തുമെന്നാണ് സൂചന. പ്രേക്ഷകര്‍ ഇല്ലാത്തതിനാല്‍ പലയിടങ്ങളിലായി ചിത്രത്തിന്റെ പല ഷോകളും ഒഴിവാക്കുന്ന സാഹചര്യമാണ് നിലവില്‍ ഉള്ളത്. 'സാമ്രാട്ട് പൃഥ്വിരാജി'നൊപ്പം റിലീസ് ചെയ്ത 'വിക്രം', 'മേജര്‍' എന്നീ തെന്നിന്ത്യന്‍ ചിത്രങ്ങള്‍ക്ക് മികച്ച പ്രതികരണം ബോക്‌സോഫീസില്‍ നിന്ന് ലഭിക്കുന്നുണ്ട്.

Story Highlights; Sonu Sood on box office failure of Samrat Prithviraj

Next Story