സോനം കപൂറിന്റെ വീട്ടിൽ കള്ളൻ കയറി; ആഭരണങ്ങളുൾപ്പെടെ 2 കോടി മോഷ്ടിക്കപ്പെട്ടു
9 April 2022 9:03 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ന്യൂഡൽഹി: നടി സോനം കപൂറിന്റെ ഡൽഹിയിലെ വീട്ടിൽ മോഷണം. വിലപിടിപ്പുള്ള സ്വർണാഭരണങ്ങളും പണവും മോഷ്ടിക്കപ്പെട്ടു. 2.4 കോടി രൂപയോളം നഷ്ടപ്പെട്ടെന്നാണ് റിപ്പോർട്ട്. ഫെബ്രുവരി 11 നാണ് മോഷണം നടന്നത്. രണ്ടാഴ്ചക്ക് ശേഷം ഫെബ്രുവരി 23 നാണ് സോനവും കുടുംബവും പരാതി നൽകിയതെന്ന് പൊലീസ് ഇന്ന് പുറത്തു വിട്ട പത്രക്കുറിപ്പിൽ പറയുന്നു. നിലവിൽ ഭർത്താവ് ആനന്ദ് അഹുജയോടൊപ്പം ലണ്ടനിലാണ് സോനം കപൂർ കഴിയുന്നത്. നേരത്തെ സോനം കപൂറിന്റെ ഭർതൃപിതാവിന്റെ കമ്പനിയും പണം തട്ടലിന് ഇരയായിരുന്നു.
താരത്തിന്റെ ഭര്‍ത്തൃപിതാവ് ഹരീഷ് അഹൂജയാണ് 27 കോടി രൂപയുടെ സൈബര്‍ തട്ടിപ്പിന് ഇരയായത്. ഫരീദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഷാഹി എക്സ്പോര്‍ട്ട് ഫാക്ടറിയില്‍ നിന്നാണ് സംഘം തട്ടിപ്പ് നടത്തിയത്. സംഭവത്തിന് പിന്നിലെ സംഘത്തെ ഫരീദാബാദ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്ഥാപനത്തിന് വേണ്ടിയുള്ള റിബേറ്റ് ഓഫ് സ്റ്റേറ്റ്, സെന്‍ട്രല്‍ ടാക്സ് ആന്‍ഡ് ലെവീസ് ലൈസന്‍സുകള്‍ ദുരുപയോഗം ചെയ്തുകൊണ്ട് തട്ടിപ്പുകാര്‍ കബളിപ്പിച്ചതായി പോലീസ് വെളിപ്പെടുത്തി. ഡിജിറ്റല്‍ സിഗ്നേച്ചര്‍ സര്‍ട്ടിഫിക്കറ്റും ഇവര്‍ വ്യാജമായി ഉണ്ടാക്കി.
ഡല്‍ഹി സ്വദേശികളായ മനോജ് റാണ, മനീഷ് കുമാര്‍, പ്രവീണ്‍ കുമാര്‍, ലളിത് കുമാര്‍ ജെയ്ന്‍ എന്നിവരും മുംബൈ സ്വദേശി ഭൂഷണ് കിഷന് താക്കൂര്‍, ചെന്നൈ സ്വദേശി സുരേഷ് കുമാര്‍ ജെയ്ന്‍, കര്‍ണാടക സ്വദേശി ഗണേശ് പരശുറാം, മഹാരാഷ്ട്ര സ്വദേശി രാഹുല്‍ രഘുനാഥ്, പൂനെ സ്വദേശി സന്തോഷ് സീതാറാം എന്നിവരാണ് അറസ്റ്റിലായത്.
Story highlight: Sonam Kapoor Delhi home robbed, cash, jewellery worth 2.4 crore stolen