Top

സൈന നെഹ്‌വാളിനോട് ക്ഷമ ചോദിച്ച് സിദ്ധാർഥ്; 'നിങ്ങൾ എക്കാലവും എന്റെ ചാമ്പ്യനായിരിക്കും'

നിങ്ങളുടെ ട്വീറ്റിന് താഴെ ഞാൻ പങ്കുവെച്ച പരുഷമായ തമാശയ്ക്ക് ക്ഷമ ചോദിക്കുന്നു.

12 Jan 2022 9:40 AM GMT
ഫിൽമി റിപ്പോർട്ടർ

സൈന നെഹ്‌വാളിനോട് ക്ഷമ ചോദിച്ച് സിദ്ധാർഥ്; നിങ്ങൾ എക്കാലവും എന്റെ ചാമ്പ്യനായിരിക്കും
X

ബാഡ്മിന്റൺ താരം സൈന നെഹ്‌വാളിന്റെ ട്വീറ്റിനെക്കുറിച്ച് നടത്തിയ പരാമർശത്തിൽ ക്ഷമ ചോദിച്ച് നടൻ സിദ്ധാർഥ്. താൻ ഒരിക്കലും ഒരു തരത്തിലുമുള്ള ദുരുദ്ദേശ്യത്തോടെയല്ല പരാമർശം നടത്തിയത്. ഒരു തമാശയായി മാത്രമേ കരുതിയിരുന്നുള്ളു. ഈ വിഷയം മറന്നുകളയാമെന്നും സിദ്ധാർഥ് പറഞ്ഞു. ട്വിറ്ററിലൂടെയാണ് സിദ്ധാർഥിന്റെ പ്രതികരണം.

സിദ്ധാർഥിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം:

കഴിഞ്ഞ ദിവസം നിങ്ങളുടെ ട്വീറ്റിന് താഴെ ഞാൻ പങ്കുവെച്ച പരുഷമായ തമാശയ്ക്ക് ക്ഷമ ചോദിക്കുന്നു. നിങ്ങളുമായി പല കാര്യങ്ങളിലും എനിക്ക് വിയോജിപ്പുകളുണ്ട്. എങ്കിലും നിങ്ങളുടെ ട്വീറ്റ് വായിച്ചപ്പോൾ എനിക്കു തോന്നിയ നിരാശയും ദേഷ്യവും എന്റെ വാക്കുകളെയും അതിന്റെ അർഥത്തെയും ന്യായീകരിക്കാൻ കാരണമല്ല. ഇനി ആ തമാശയെക്കുറിച്ച്... ഒരു തമാശ മറ്റുള്ളവർക്ക് വിവരിച്ചു കൊടുക്കേണ്ടി വന്നാൽ അത് നല്ല തമാശ അല്ലെന്നാണ് അർഥം.

എന്നിരുന്നാലും, എന്റെ തമാശയ്ക്ക് പല കോണുകളിൽ നിന്നും ആരോപിക്കപ്പെടുന്ന ദുരുദ്ദേശ്യങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്ന് ഞാൻ തറപ്പിച്ചു പറയും. ഫെമിനിസം എന്ന ആശയത്തെ പിന്തുണയ്ക്കുന്ന ഒരു വ്യക്തിയാണ് ഞാൻ, അതിനാൽ എന്റെ ട്വീറ്റിൽ ലിംഗഭേദമായ് യാതൊരു അർഥവും സൂചിപ്പിച്ചിട്ടില്ലെന്നും ഒരു സ്ത്രീയെന്ന നിലയിൽ നിങ്ങളെ ആക്രമിക്കാനുള്ള ഉദ്ദേശ്യമില്ലായിരുന്നു എന്നും ഞാൻ ഉറപ്പ് നൽകുന്നു. ഈ വിഷയം നമുക്ക് മറന്നുകളയാമെന്നും നിങ്ങൾ എന്റെ കത്ത് സ്വീകരിക്കുമെന്നും പ്രതീക്ഷിക്കുന്നു. നിങ്ങൾ എക്കാലവും എന്റെ ചാമ്പ്യനായിരിക്കും.

കഴിഞ്ഞ ദിവസമായിരുന്നു സിദ്ധാർഥ് സൈനയുടെ പോസ്റ്റിനെക്കുറിച്ച് വിവാദ പരാമർശം നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പഞ്ചാബിൽ നിന്ന് പാതിവഴിയിൽ തിരിച്ചെത്തിയതിനെ കുറിച്ച് പ്രതികരിച്ചുകൊണ്ട് സൈന നെഹ്‌വാൾ ട്വീറ്റ് ചെയ്തു, "സ്വന്തം പ്രധാനമന്ത്രിയുടെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്താൽ ഒരു രാജ്യത്തിനും സ്വയം സുരക്ഷിതമാണെന്ന് അവകാശപ്പെടാനാവില്ല. സാധ്യമായ ശക്തമായ വാക്കുകളിൽ പറഞ്ഞാൽ, പ്രധാനമന്ത്രി മോദിക്കെതിരായ ഭീരുവായ ആക്രമണത്തെ ഞാൻ അപലപിക്കുന്നു. അരാജകവാദികൾ. 'സബ്ടിൽ കോക്ക് ചാമ്പ്യൻ ഓഫ് ദി വേൾഡ്. ദൈവത്തിന് നന്ദി ഞങ്ങൾക്ക് ഇന്ത്യയുടെ സംരക്ഷകരുണ്ട്. ലജ്ജിക്കുന്നു റിഹാന', എന്നായിരുന്നു സിദ്ധാർത്ഥിന്റെ മറുപടി.

തൊട്ടുപിന്നാലെ ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മ സിദ്ധാർത്ഥിന്റെ ട്വീറ്റിനെ വിമർശിച്ചു രംഗത്ത് വന്നു. "ഈ മനുഷ്യന് ചില പാഠങ്ങൾ ആവശ്യമാണ്. ട്വിറ്ററിൽ എന്തുകൊണ്ടാണ് ഈ വ്യക്തിയുടെ അക്കൗണ്ട് ഇപ്പോഴും നിലനിൽക്കുന്നത്? ബന്ധപ്പെട്ട പോലീസിനെ സമീപിക്കുക', രേഖ പറഞ്ഞു. വിഷയത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യുവാനും അന്വേഷണം നടത്തുവാനും മഹാരാഷ്ട്ര ഡിജിപിയോടും വനിതാ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

Next Story