Top

'സിനിമയ്ക്കായി എന്റെ രക്തം വരെ നൽകി'; ജേഴ്‌സി അനുഭവം പങ്കുവെച്ച് ഷാഹിദ് കപൂർ

ഹെല്‍മെറ്റ് ധരിക്കാത്തതുകൊണ്ടാണ് പരിക്ക് പറ്റിയതെന്നും ഷാഹിദ് കൂട്ടിച്ചേർത്തു.

28 Nov 2021 7:32 AM GMT
ഫിൽമി റിപ്പോർട്ടർ

സിനിമയ്ക്കായി എന്റെ രക്തം വരെ നൽകി; ജേഴ്‌സി അനുഭവം പങ്കുവെച്ച് ഷാഹിദ് കപൂർ
X

നാനി നായകനായെത്തി മികച്ച വിജയം കരസ്ഥമാക്കിയ ചിത്രമായിരുന്നു ജേഴ്‌സി. ചിത്രം ബോളിവുഡിലേക്ക് റീമേക്ക് ചെയ്യപ്പെടുന്നു എന്ന വാർത്ത ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഷാഹിദ് കപൂർ ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ സിനിയമയുടെ ചിത്രീകരണത്തിന് ഇടയിൽ തനിക്കേറ്റ പരിക്കിനെക്കുറിച്ച് പറയുകയാണ് ഷാഹിദ്.

ജേഴ്‌സിയുടെ ചിത്രീകരണ സമയത്ത് സീസണ്‍ഡ് ബോള്‍ ഓഫ് ക്യാമറയുമായി പരിശീലിക്കുന്നതിടയിലാണ് സംഭവം. പന്ത് കൊണ്ട് തന്റെ ചുണ്ട് മുറിയുകയും 25 തുന്നലുകൾ ഇടേണ്ടി വരുകയും ചെയ്തു. താന്‍ ഹെല്‍മെറ്റ് ധരിക്കാത്തതുകൊണ്ടാണ് പരിക്ക് പറ്റിയതെന്നും ഷാഹിദ് കൂട്ടിച്ചേർത്തു. ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം തന്റെ അനുഭവം പങ്കുവെച്ചത്.

'എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അബദ്ധങ്ങളിൽ ഒന്ന്. പന്ത് എന്റെ കീഴ്ചുണ്ട് പൊട്ടിച്ചു, അത് കാരണം ഞങ്ങള്‍ക്ക് രണ്ട് മാസത്തേക്ക് ചിത്രീകരണം നിർത്തിവെക്കേണ്ടി വന്നു. 25 സ്റ്റിച്ചുകൾ ഉണ്ടായിരുന്നു. മൂന്ന് മാസം എടുത്തു എന്റെ ചുണ്ടുകൾ പഴയ അവസ്ഥയിൽ എത്തുവാൻ. എന്നാൽ ഇപ്പോഴും ചില സമയങ്ങളിൽ അത് പഴയത് പോലെ തോന്നാറില്ല. എനിക്ക് അത് ചലിപ്പിക്കാൻ കഴിയില്ല. അതിനാൽ തന്നെ സിനിമയ്ക്കായി എന്റെ രക്തം വരെ നൽകി', ഷാഹിദ് ഇൻസ്റ്റാഗ്രാമിലൂടെ പറഞ്ഞു.

ഡിസംബർ 31നാണ് ജേഴ്‌സി റിലീസ് ചെയ്യുന്നത്. മൃണാൾ താക്കൂർ, പങ്കജ് കപൂർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


Next Story