Top

'റേയുടെ സിനിമ കണ്ടില്ലെങ്കില്‍ സൂര്യനെയോ ചന്ദ്രനെയോ കാണാത്തപോലെ'; 101-ാം ജന്മദിനത്തില്‍ ഇന്ത്യന്‍ ചലച്ചിത്ര ഇതിഹാസത്തെ ഓര്‍ക്കാം

2 May 2022 12:19 PM GMT
ഫിൽമി റിപ്പോർട്ടർ

റേയുടെ സിനിമ കണ്ടില്ലെങ്കില്‍ സൂര്യനെയോ ചന്ദ്രനെയോ കാണാത്തപോലെ; 101-ാം ജന്മദിനത്തില്‍ ഇന്ത്യന്‍ ചലച്ചിത്ര ഇതിഹാസത്തെ ഓര്‍ക്കാം
X

ഇന്ത്യന്‍ സിനിമയുടെ എക്കാലത്തെയും ലെജന്‍ഡ് സത്യജിത് റേ എന്ന അതുല്യ പ്രതിഭ. 'പഥേര്‍ പാഞ്ചാലി', 'ചാരുലത' തുടങ്ങിയ ചിത്രങ്ങളിലൂടെ ഇന്ത്യന്‍ സിനിമയെ ലോക സിനിമയുടെ നെറുകയില്‍ കൊണ്ടെത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. 'റേയുടെ സിനിമ കണ്ടിട്ടില്ല എന്നാല്‍ സൂര്യനെയോ ചന്ദ്രനെയോ കാണാതെ ഭൂമിയില്‍ ജീവിച്ചു എന്നാണ് അര്‍ത്ഥമാക്കുന്നത്', എന്ന് പ്രശസ്ത ജാപ്പനീസ് നിര്‍മ്മാതാവ് അകീര കുറസോവ പറഞ്ഞിരുന്നു. അപുവിന്റേയും ഇന്ത്യന്‍ നവ സിനിമയുടേയും പിതാവിന് ഇന്ന്101-ാം പിറന്നാളാണ്. അദ്ദേഹത്തോടുള്ള ആദരസൂചകമായി ഈ വര്‍ഷത്തെ കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ സത്യജിത് റേയുടെ പത്ത് സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങുകയാണ്.


സത്യജിത് റേയുടെ കരിയറിന്റെ തുടക്കം ഒരു ഗ്രാഫിക് ഡിസൈനറായിട്ടായിരുന്നു. 'ഡി ജെ കെയ്മര്‍'എന്ന പ്രശസ്ത ബ്രിട്ടീഷ് പരസ്യ നിര്‍മാണ സ്ഥാപനത്തില്‍ ജൂനിയര്‍ വിഷ്വലൈസര്‍ എന്ന തസ്തികയില്‍ ജോലിയില്‍ പ്രവേശിച്ചു. പതിമൂന്നു വര്‍ഷക്കാലം നീണ്ടുനിന്ന കെയ്മറിലെ തന്റെ പരസ്യകലാ ജീവിതം റേ വളരെ വിജയകരമായി പൂര്‍ത്തിയാക്കി. കാലിഗ്രാഫിയില്‍ അസാമാന്യമായ കഴിവുണ്ടായിരുന്നു സത്യജിത് റേ ടാഗോറിന്റെ ശാന്തിനികേതനില്‍ നിന്നും കാലിഗ്രാഫി, ടൈപ്പോഗ്രാഫി എന്നിവയില്‍ ഉപരിപഠനം നടത്തി.


പിന്നീട് സിഗ്നറ്റ പ്രസ്സില്‍ കവര്‍ ഡിനൈനറായി ജോലിയില്‍ പ്രവേശിച്ചു. 1944 ല്‍ ഗുപ്താജി, ബിഭൂതി ഭൂഷണ്‍ ബന്ദോപാദ്ധ്യായയുടെ പഥേര്‍ പാഞ്ചാലി എന്ന നോവല്‍ പ്രസിദ്ധപ്പെടുത്താന്‍ തീരുമാനിച്ചപ്പോള്‍ അന്നുവരെ ബംഗാളി സാഹിത്യം കാര്യമായി വായിച്ചിട്ടൊന്നുമില്ലാത്ത സത്യജിത് റേ പുസ്തകത്തിന്റെ കവര്‍ ഡിസൈന്‍ ചെയ്യാന്‍ വേണ്ടി മാത്രം ആ പുസ്തകം വായിക്കുകയും അതിലെ വൈകാരികമായ കഥയില്‍ അനുരക്തനാവുകുന്നു.



തുടര്‍ന്ന് 1955ല്‍ അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ പഥേര്‍ പാഞ്ചാലി പുറത്തിറങ്ങി. അപു ട്രയോളജിയിലെ 'അപരാജിതോ'( 1956), ?അപുര്‍ സന്‍സാര്‍'(1959) എന്നിവയായിരുന്നു അടുത്ത രണ്ടു ചിത്രങ്ങള്‍. ഈ ചിത്രങ്ങളുടെ സ്‌ക്രിപ്റ്റിംഗ്, ബിജിഎം, എഡിറ്റിംഗ്, ടൈറ്റില്‍ ഗ്രാഫിക്‌സ്, പോസ്റ്റര്‍ ഡിസൈന്‍ എന്നിങ്ങനെ പല കാര്യങ്ങളും നിര്‍വഹിച്ചത് റേ തന്നെയായിരുന്നു.


പഥേര്‍ പാഞ്ചാലിയില്‍ തുടങ്ങി ഫീച്ചര്‍ സിനിമകളുടെ ഡോക്യുമെന്ററിയുടെ ഉള്‍പ്പെടെ 36 ചിത്രങ്ങള്‍ സത്യജിത് റേ സംവിധാനം ചെയ്തു. 1992 ല്‍ പുറത്തിറങ്ങിയ 'ആഗന്തുക' ആണ് റേയുടെ അവസാന ചിത്രം. വിവിധ വിഭാഗങ്ങളിലായി 32 ദേശീയ അവാര്‍ഡുകള്‍ അദ്ദേഹത്തിന് കിട്ടിയിട്ടുണ്ട്. 1992 ല്‍ അദ്ദേഹത്തിന് ആദരസൂചകമായി ഓസ്‌കാര്‍ പുരസ്‌കാരം ലഭിച്ചു. ആ വര്‍ഷംതന്നെ ഇന്ത്യയുടെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നയും അദ്ദേഹത്തെ തേടിയെത്തി.


Next Story