Top

'നായകന്റെ എൻട്രിയ്ക്ക് കയ്യടിയും വിസിലും ലഭിക്കണം'; ബോളിവുഡ് ഹീറോയിസം മറന്നുവെന്ന് സഞ്ജയ് ദത്ത്

'ശക്തനായ ഒരു വില്ലനില്ലാതെ നായകന് ശക്തനാകാൻ സാധിക്കില്ല'

16 April 2022 8:13 AM GMT
ഫിൽമി റിപ്പോർട്ടർ

നായകന്റെ എൻട്രിയ്ക്ക് കയ്യടിയും വിസിലും ലഭിക്കണം; ബോളിവുഡ് ഹീറോയിസം മറന്നുവെന്ന് സഞ്ജയ് ദത്ത്
X

ബോളിവുഡ് സിനിമകൾ 'ഹീറോയിസം' മറന്നുവെന്ന് നടൻ സഞ്ജയ് ദത്ത്. സിനിമയിലെ നായകന്റെ എൻട്രി എപ്പോഴും ആഘോഷമായിരിക്കണം. അത് ബോളിവുഡിൽ ഇപ്പോൾ കാണാൻ സാധിക്കുന്നില്ല. എന്നാൽ ദക്ഷിണേന്ത്യൻ സിനിമയിൽ നായകന്മാരുടെ ഹീറോയിസത്തെ മറന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ദക്ഷിണേത്യൻ സിനിമ ഒരിക്കലും ഹീറോയിസം മറന്നില്ല. അത് വളരെ പ്രധാനപ്പെട്ടതാണ്. നമ്മൾ(ബോളിവുഡ്) അത് അൽപ്പം മറന്നു. ഒരു നായകന് എപ്പോഴും ആഘോഷപൂർവ്വമായ വരവേൽപ്പ് ലഭിക്കണം' സഞ്ജയ് ദത്ത് പറഞ്ഞു.

നായകനോ വില്ലനോ ആകട്ടെ അവരുടെ എൻട്രിയ്ക്ക് കയ്യടിയും വിസിലും ലഭിക്കണം. അംരീഷ് ജി(അംരീഷ് പുരി)യുടെയൊക്കെ കഥാപാത്രങ്ങളെ നോക്കൂ. അവർ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അന്ന് മികച്ച വില്ലന്മാരും ഉണ്ടായിരുന്നു. ശക്തനായ ഒരു വില്ലനില്ലാതെ ഒരു നായകന് ശക്തനാകാൻ സാധിക്കില്ല. ഹോളിവുഡ് സിനിമകളിലേക്ക് നോക്കിയാൽ മനസ്സിലാകും, താനോസ് ലോകത്തെ മുഴുവൻ നിമിഷ നേരം കൊണ്ട് നശിപ്പിക്കാൻ മാത്രം ശക്തനാണ്. താനോസ് ഇല്ലായിരുന്നുവെങ്കിൽ അവഞ്ചേഴ്‌സ് എങ്ങനെ സൂപ്പർഹീറോസ് ആകും' സഞ്ജയ് ദത്ത് പറഞ്ഞു.

കെജിഎഫ് ചാപ്റ്റർ 2വാണ് സഞ്ജയ് ദത്തിന്റേതായി ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്ന ചിത്രം. സിനിമയിൽ അധീര എന്ന വില്ലൻ കഥാപാത്രത്തെയാണ് സഞ്ജയ് അവതരിപ്പിച്ചിരിക്കുന്നത്. മികച്ച പ്രതികരണമാ തന്നെ കഥാപാത്രം നേടുന്നുണ്ട്. നായകനെ തകർക്കാൻ കെൽപ്പുള്ള ശക്തനായ വില്ലൻ എന്നാണ് അധീരയെക്കുറിച്ച് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.

story highlights: sanjay dutt says that bollywood is missing the heroism

Next Story