Top

നിമിഷയ്ക്ക് പകരം സാനിയ മല്‍ഹോത്ര; 'ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' ഹിന്ദി റീമേക്ക് ഒരുങ്ങുന്നു

ആരതി കാദവാണ് ചിത്രം സംവിധാനം ചെയ്യുന്നത്

23 Feb 2022 10:12 AM GMT
ഫിൽമി റിപ്പോർട്ടർ

നിമിഷയ്ക്ക് പകരം സാനിയ മല്‍ഹോത്ര; ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ഹിന്ദി റീമേക്ക് ഒരുങ്ങുന്നു
X

ജിയോ ബേബി ചിത്രം 'ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന്റെ' ഹിന്ദി റീമേക്കില്‍ നടി സാനിയ മല്‍ഹോത്ര കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കും. താരം തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന്റെ ഭാഗമാകുന്നതില്‍ അതിയായ ആവേശത്തിലും സന്തോഷത്തിലുമാണ്. കാത്തിരിക്കാനാവില്ലന്ന് സാനിയ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. നിമിഷ സജയന്റെ കഥാപാത്രത്തെയാണ് സാനിയ അവതരിപ്പിക്കുന്നത്.

ആരതി കാദവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. താന്‍ കണ്ടതില്‍ വച്ച് വളരെ വ്യക്തമായി എഴുതിയ സ്‌ക്രിപ്റ്റാണ് ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന്റേത്. അതിലേക്ക് ചേരാന്‍ കാത്തിരിക്കുന്നുവെന്ന് സംവിധായിക ആരതി പറഞ്ഞു.

ചിത്രത്തിന്റെ റീമേക്കിനുള്ള അവകാശം സ്വന്തമാക്കിയിരിക്കുന്നത് ഹര്‍മാന്‍ ബാജ്വയാണ്. ഹര്‍മാന്‍ ബാജ്വയും വിക്കി ബഹ്രിയും ചേര്‍ന്നാണ് നിര്‍മ്മാണം. സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. മറ്റ് അണിയറ പ്രവര്‍ത്തകരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ചിത്രം 2022 പകുതിയോടെ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

നേരത്തെ ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്തിരുന്നു. ഐശ്വര്യ രാജേഷാണ് പ്രധാന കഥാപാത്രമായി എത്തിയത്. സുരാജിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് രാഹുല്‍ രവീന്ദ്രന്‍ ആണ്. ആര്‍ കണ്ണാനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ആര്‍ഡിസി മീഡിയയുടെ ബാനറില്‍ ദര്‍ഗരം ചൗധരിയും നീല്‍ ചൗധരിയും ചേര്‍ന്നാണ് നിര്‍മ്മാണം.

സുരാജ് വെഞ്ഞാറമൂടിനെയും നിമിഷ സജയനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ 2021 ലാണ് പ്രദര്‍ശനത്തിനെത്തിയത്. ഒടിടി പ്ലാറ്റഫോമായ നീസ്ട്രീമിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. ഡിജോ അഗസ്റ്റിന്‍, ജോമോന്‍ ജേക്കബ്, വിഷ്ണു രാജന്‍, സജിന്‍ രാജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സാലു കെ തോമസ് ക്യാമറ ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കിയത് സൂരജ് എസ് കുറുപ്പാണ്.

Story Highlights; Saniya Malhotra play lead roll in the great Indian kitchen Hindi remake

Next Story