Top

'നിശ്ചിത ഫോർമുല ഒന്നുമില്ല, ചിലപ്പോൾ നടക്കും ചിലപ്പോൾ ഇല്ല' ; ബോളിവുഡ് സിനിമകൾ നേരിടുന്ന പരാജയത്തെക്കുറിച്ച് സൽമാൻ

'ഞങ്ങൾ എപ്പോഴും മികച്ച സിനിമകൾ ഒരുക്കുവാനാണ് ശ്രമിക്കുന്നത്. അത് എല്ലാവരിലേക്കും എത്തുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു'

26 July 2022 11:18 AM GMT
ഫിൽമി റിപ്പോർട്ടർ

നിശ്ചിത ഫോർമുല ഒന്നുമില്ല, ചിലപ്പോൾ നടക്കും ചിലപ്പോൾ ഇല്ല ; ബോളിവുഡ് സിനിമകൾ നേരിടുന്ന പരാജയത്തെക്കുറിച്ച് സൽമാൻ
X

ഇന്ത്യൻ സിനിമയിലെ ഏറ്റവും ചിലവേറിയ സിനിമകൾ പുറത്തിറങ്ങുന്ന ഇൻഡസ്ട്രിയാണ് ബോളിവുഡ്. എന്നാൽ ഈ അടുത്ത കാലത്ത് പുറത്തിറങ്ങിയ ബോളിവുഡ് സിനിമകൾ പലതും പരാജയം നേരിടുന്ന അവസ്ഥയാണുള്ളത്. വ്യവസായം നേരിടുന്ന തുടർച്ചയായുള്ള പരാജയത്തെക്കുറിച്ച് സംസാരിക്കുകയാണ് സൽമാൻ ഖാൻ.

'ഞങ്ങൾ എപ്പോഴും മികച്ച സിനിമകൾ ഒരുക്കുവാനാണ് ശ്രമിക്കുന്നത്. അത് എല്ലാവരിലേക്കും എത്തുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ചിലപ്പോൾ അത് നടക്കും ചിലപ്പോൾ ഇല്ല. ഇതിന് അങ്ങനെ നിശ്ചിത ഫോർമുല ഒന്നുമില്ല' സൽമാൻ ഖാൻ പറഞ്ഞു. കിച്ച സുദീപ് നായകനാകുന്ന കന്നഡ ചിത്രം 'വിക്രാന്ത് റോണ'യുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയിലാണ് സൽമാന്റെ പ്രതികരണം. ചിത്രം ഹിന്ദിയിൽ അവതരിപ്പിക്കുന്നത് സൽമാനാണ്.

ബോളിവുഡ് താരങ്ങൾ ഇപ്പോൾ അധികമായി തെന്നിന്ത്യൻ സിനിമകളുടെ ഭാഗമാകുന്നതിനെക്കുറിച്ച് ചോദ്യം വന്നപ്പോൾ അത് എല്ലാ കാലവും ഉണ്ടല്ലോ എന്നാണ് സൽമാന്റെ പ്രതികരണം. 'എല്ലാ കാലത്തും അങ്ങനെ തന്നെയാണ്. ചില കാരണങ്ങളാൽ അത് നിന്നു.ഞാൻ തെന്നിന്ത്യയിലെ നിരവധി കഴിവുറ്റ കലാകാരന്മാർക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. സുദീപ്, പ്രകാശ് രാജ്, പ്രഭുദേവ തുടങ്ങിയവർക്കൊപ്പം ഞാൻ വർക്ക് ചെയ്തിട്ടുണ്ട്. ഇപ്പോൾ ഞാൻ വെങ്കടേഷിനൊപ്പം വർക്ക് ചെയ്യുന്നുണ്ട്. കമൽ ഹാസൻ ഉൾപ്പടെ നിരവധി തെന്നിന്ത്യൻ താരങ്ങൾ ഇവിടെ വന്നു വലിയ ഹിറ്റുകൾ നൽകിയിട്ടുണ്ട്' സൽമാൻ ഖാൻ പറഞ്ഞു.

ചിരഞ്ജീവി നായകനാകുന്ന 'ഗോഡ്ഫാദർ' എന്ന തെലുങ്ക് സിനിമയിൽ സൽമാൻ കാമിയോ വേഷത്തിലെത്തുന്നുണ്ട്. മലയാളത്തിൽ ഹിറ്റായ 'ലൂസിഫറി'ന്റെ റീമേക്കാണ് ചിത്രം. മലയാളത്തിൽ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രമായാകും സൽമാൻ എത്തുക.

story highlights: salman khan talks about the recent failures in bollywood

Next Story