Top

'ലോറന്‍സിനെ എല്ലാവര്‍ക്കും അറിയുന്നത് പോലെ എനിക്കും അറിയാം'; 'വധഭീഷണി'യില്‍ സല്‍മാന്‍

7 Jun 2022 3:28 PM GMT
ഫിൽമി റിപ്പോർട്ടർ

ലോറന്‍സിനെ എല്ലാവര്‍ക്കും അറിയുന്നത് പോലെ എനിക്കും അറിയാം; വധഭീഷണിയില്‍ സല്‍മാന്‍
X

ബോളിവുഡ് താരം സല്‍മാന്‍ ഖാനും പിതാവ് സലീം ഖാനും വധഭീഷണിയുണ്ടായ സംഭവത്തില്‍ താരത്തിന്റെ മൊഴിയിലെ വിവരങ്ങള്‍ പുറത്ത്. ലോറന്‍സ് ബിഷ്‌ണോയിയെ എല്ലാവര്‍ക്കും അറിയുന്നത് പോലെ തനിക്ക് അറിയാമെന്നും എന്നാല്‍ ഗോള്‍ഡി ബ്രാരിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും സല്‍മാന്‍ പറഞ്ഞു. ഗുണ്ടാസംഘങ്ങളായ ലോറന്‍സ് ബിഷ്ണോയി, ഗോള്‍ഡി ബ്രാര്‍ എന്നിവരുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി.

മുംബൈ പൊലീസ് നടന്റെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെ ടൈംസ് നൗ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. സല്‍മാനെ ദ്രോഹിക്കാന്‍ ആഗ്രഹിക്കുന്ന ആരെങ്കിലും ഉണ്ടോ എന്നത് സംബന്ധിച്ച ചോദ്യത്തിന് ' എനിക്കാരെയും സംശയിക്കേണ്ട കാര്യമില്ലെ'ന്നായിരുന്നു താരം മറുപടി നല്‍കിയത്. കഴിഞ്ഞ ദിവസം ലഭിച്ച കത്തിന് പുറമെ മറ്റ് ഭീഷണിയുണ്ടായിട്ടുണ്ടോ എന്ന പൊലീസിന്റെ ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കിയില്ലെന്നും തനിക്കോ തന്റെ കുടുംബത്തിലെ ആര്‍ക്കും അടുത്തിടെ വധഭീഷണിയില്ലെന്ന് അദ്ദേഹം പരാമര്‍ശിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, സല്‍മാനും പിതാവിനും എതിരെയുള്ള വധ ഭീഷണിയില്‍ ലോറന്‍സ് ബിഷ്‌ണോയിക്ക് പങ്കില്ലെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചിരുന്നു. ജയിലില്‍ കഴിയുന്ന ലോറന്‍സ് ബിഷ്‌ണോയിയെ ചോദ്യം ചെയ്തത ശേഷം പൊലീസ് ഇക്കാര്യം അറിയിച്ചുവെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കഴിഞ്ഞ ദിവസമാണ് സല്‍മാനും പിതാവിനുമെതിരെ വധ ഭീഷണി ഉണ്ടായത്. ബാന്ദ്ര ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നും കത്ത് മുഖാന്തരമാണ് താരത്തിനെതിരെ ഭീഷണി. 'മൂസെവാലയുടെ അവസ്ഥ തന്നെയാകും' എന്നാണ് കത്തില്‍ പറയുന്നത്. സലിം ഖാന്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ എന്നും നടക്കാന്‍ പോകുന്ന പതിവുണ്ട്. അദ്ദേഹം നടത്തത്തിന് ശേഷം പതിവായി വിശ്രമിക്കാറുള്ള സ്ഥലത്ത് നിന്നും സുരക്ഷാ ഉദ്യോഗസ്ഥരാണ് കത്ത് കണ്ടെത്തിയത്.

Story Highlights; Salman khan says I know Lawrence Bishnoi as well as everyone else

Next Story