Top

സല്‍മാന് ഇനി തോക്ക് കൈവശം വയ്ക്കാം; ലൈസന്‍സ് അനുവദിച്ചു

ഒരു തോക്ക് കൈവശം വയ്ക്കാനുള്ള അനുമതിയാണ് സല്‍മാന് ലഭിച്ചിരിക്കുന്നത്

1 Aug 2022 9:40 AM GMT
ഫിൽമി റിപ്പോർട്ടർ

സല്‍മാന് ഇനി തോക്ക് കൈവശം വയ്ക്കാം; ലൈസന്‍സ് അനുവദിച്ചു
X

ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് തോക്ക് ലൈസന്‍സ് ലഭിച്ചു. മുംബൈ പൊലീസാണ് താരത്തിന് ലൈസന്‍സ് അനുവദിച്ചത്. ഒരു തോക്ക് കൈവശം വയ്ക്കാനുള്ള അനുമതിയാണ് സല്‍മാന് ലഭിച്ചിരിക്കുന്നത്. സല്‍മാനും പിതാവ് സലീമിനും വധ ഭീഷണി ഉണ്ടായ സാഹചര്യത്തില്‍ തനിക്കും കുടുംബാംഗങ്ങള്‍ക്കും സുരക്ഷ ഉറപ്പാക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് താരം തോക്ക് ലൈസന്‍സിന് അപേക്ഷ സമര്‍പ്പിച്ചത്.

മുംബൈ പൊലീസ് ആസ്ഥാനത്ത് എത്തി പൊലീസ് ഉന്നത ഉദ്യോഗസ്ഥന്‍ വിവേക് ഫന്‍സാല്‍കറെക്കാണ് സല്‍മാന്‍ അപേക്ഷ നല്‍കിയത്. അപേക്ഷ ലഭിച്ചയുടന്‍ താരം താമസിക്കുന്ന സോണ്‍ 9ന്റെ ചുമതലയുള്ള ഡി സി പി യ്ക്ക് നല്‍കിയിരുന്നു. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമാണ് സല്‍മാന് തോക്കിന് ലൈസന്‍സ് നല്‍കിയിരിക്കുന്നത്. പോയിന്റ് 32 കാലിബര്‍ പിസ്റ്റളോ റിവോള്‍റോ ആയിരിക്കും സല്‍മാന് ഉപയോഗിക്കാനാവുക എന്നാണ് വിദഗ്ധര്‍ പറയുന്നത്.

തോക്ക് ലൈസന്‍സിന് പിന്നാലെ സുരക്ഷ ശക്തമാക്കിക്കൊണ്ട് താരം ബുള്ളറ്റ് പ്രൂഫ് കാര്‍ സ്വന്തമാക്കിയിരുന്നു. തന്റെ വാഹനങ്ങളില്‍ ഒന്നായ ലാന്‍ഡ് ക്രൂയിസറാണ് ബുള്ളറ്റ്പ്രൂഫായി അപ്‌ഗ്രേഡ് ചെയ്തിരിക്കുന്നത്. കാര്‍ പുതിയ മോഡല്‍ അല്ലെങ്കിലും, അപകടങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കാന്‍ ഇതിനു കഴിയും. ഗുണ്ടാ തലവന്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘം, ഗായകനും കോണ്‍ഗ്രസ് നേതാവുമായിരുന്ന സിദ്ധു മുസേവാലയെ കൊലപ്പെടുത്തി ദിവസങ്ങള്‍ക്കുള്ളിലാണ് സല്‍മാനും പിതാവിനും വധഭീഷണി കത്ത് ലഭിച്ചത്.

ബാന്ദ്ര ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നുമാണ് താരത്തിനെതിരെ ഭീഷണി ഉണ്ടായത്. 'മൂസെവാലയുടെ അവസ്ഥ തന്നെയാകും' എന്നായിരുന്നു കത്തില്‍ കുറിച്ചിരുന്നത്. സലിം ഖാന്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ എന്നും നടക്കാന്‍ പോകുന്ന പതിവുണ്ട്. അദ്ദേഹം നടത്തത്തിന് ശേഷം പതിവായി വിശ്രമിക്കാറുള്ള സ്ഥലത്ത് നിന്നും സുരക്ഷാ ഉദ്യോഗസ്ഥരാണ് കത്ത് കണ്ടെത്തിയത്. സംഭവത്തില്‍ ഇരുവരുടെയും മൊഴിയും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

Story Highlights; Salman Khan got gun license

Next Story