Top

'വ്യത്യസ്ത സിനിമകള്‍ ചെയ്യാനുള്ള ശ്രമം തുടരും'; ഷാഹിദ് കപൂറുമായുള്ള റോഷന്‍ ആന്‍ഡ്രൂസ് ചിത്രം ഉടന്‍

സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നവംബര്‍ 16ന് ആരംഭിക്കുമെന്ന് സംവിധായകന്‍ അറിയിച്ചു

12 Nov 2022 12:14 PM GMT
ഫിൽമി റിപ്പോർട്ടർ

വ്യത്യസ്ത സിനിമകള്‍ ചെയ്യാനുള്ള ശ്രമം തുടരും; ഷാഹിദ് കപൂറുമായുള്ള റോഷന്‍ ആന്‍ഡ്രൂസ് ചിത്രം ഉടന്‍
X

ബോളിവുഡ് നടന്‍ ഷാഹിദ് കപൂറുമായുള്ള ചിത്രത്തില്‍ ഔദ്യോഗിക പ്രഖ്യാപനവുമായി സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. ഇരുവരും ഒന്നിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നുവെങ്കിലും ഇപ്പോഴാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. റോഷന്‍ ആന്‍ഡ്രൂസിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായിരിക്കും ഇത്. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നവംബര്‍ 16ന് ആരംഭിക്കുമെന്ന് സംവിധായകന്‍ അറിയിച്ചു.

ബോബി സഞ്ജയ്‌യാണ് സിനിമയ്ക്കായി തിരക്കഥയൊരുക്കുന്നത്. ഹുസൈന്‍ ദലാല്‍ സംഭാഷണം എഴുതുന്നു. ആര്‍കെഎഫിന്റെ ബാനറില്‍ സിദ്ധാര്‍ത്ഥ് റോയ് കപൂറാണ് ചിത്രത്തിന്റെ നിര്‍മ്മാണം. കഴിഞ്ഞ 17 വര്‍ഷങ്ങളായി വ്യത്യസ്ത സിനിമകള്‍ ചെയ്യാന്‍ താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു. പ്രേക്ഷകര്‍ക്കായി വ്യത്യസ്ത ഴോണറിലുള്ള സിനിമകള്‍ ചെയ്യാനായതില്‍ താന്‍ സന്തുഷ്ടനാണെന്നും വ്യത്യസ്തങ്ങളായ സിനിമകള്‍ ചെയ്യാനുള്ള ശ്രമം ഒരിക്കലും നിര്‍ത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഇന്ത്യന്‍ സിനിമാ മേഖലയിലെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളായ നടന്‍ ഷാഹിദ് കപൂറിനെ എന്റെ നായകനാക്കിയുള്ള പുതിയ ചിത്രം പ്രഖ്യാപിക്കുന്നതില്‍ വളരെ സന്തോഷമുണ്ട്. ബോബി സഞ്ജയ് യാണ് സിനിമയ്ക്കായി തിരക്കഥയും ഹുസൈന്‍ ദലാല്‍ സംഭാഷണവും എഴുതുന്നു. ഇന്ത്യന്‍ ചലച്ചിത്രമേഖലയിലെ മുന്‍നിര നിര്‍മ്മാതാക്കളിലൊരാളായ സിദ്ധാര്‍ത്ഥ് റോയ് കപൂര്‍ ആര്‍കെഎഫിന്റെ ബാനറില്‍ ഈ സിനിമ നിര്‍മ്മിക്കും. നവംബര്‍ 16നാണ് ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിക്കുക.

കഴിഞ്ഞ 17 വര്‍ഷമായി ഞാന്‍ വ്യത്യസ്ത സിനിമകള്‍ നിര്‍മ്മിക്കാന്‍ ശ്രമിച്ചു. പ്രേക്ഷകര്‍ക്കായി വ്യത്യസ്ത ഴോണറിലുള്ള സിനിമകള്‍ ചെയ്യാനായതില്‍ സന്തുഷ്ടനാണ്. ഞാന്‍ എന്നെതന്നെ മെച്ചപ്പെടുത്തി. വ്യത്യസ്ത തരം ഫിലിം മേക്കിംഗ് നടത്തി. ഹിറ്റുകളും ആവറേജും ഫ്‌ലോപ്പുകളും ഉണ്ടാക്കി. എന്നാല്‍ വ്യത്യസ്ത സിനിമകള്‍ ചെയ്യാനുള്ള ശ്രമം ഒരിക്കലും നിര്‍ത്തില്ല. എന്നെ സ്വീകരിച്ചതിനും പ്രോത്സാഹിപ്പിച്ചതിനും നന്ദി. ഞാന്‍ ഉടനെ തിരിച്ചുവരും' റോഷന്‍ ആഡ്രൂസ് ഫേസ്ബുക്കില്‍ കുറിച്ചു.

Story Highlights; Rosshan Andrrews, Shahid Kapoor movie post production work started soon

Next Story