Top

'വിസിആർ വന്നപ്പോൾ തിയേറ്റർ പൂട്ടുമെന്ന് പറഞ്ഞവരുണ്ട്, സമാനമാണ് ഒടിടിയുടെ കാര്യത്തിലും ഉയരുന്നത്'; ​​രോഹിത് ഷെട്ടി

29 May 2022 10:18 AM GMT
ഫിൽമി റിപ്പോർട്ടർ

വിസിആർ വന്നപ്പോൾ തിയേറ്റർ പൂട്ടുമെന്ന് പറഞ്ഞവരുണ്ട്, സമാനമാണ് ഒടിടിയുടെ കാര്യത്തിലും ഉയരുന്നത്; ​​രോഹിത് ഷെട്ടി
X

ദക്ഷിണേന്ത്യൻ-ബോളിവുഡ് സിനിമ വിവാദങ്ങളിൽ പ്രതികരിച്ച് സംവിധായകൻ രോഹിത് ഷെട്ടി. സിനിമയിലെ പല ഘട്ടങ്ങളിലും ബോളിവുഡ് അവസാനിക്കുമെന്ന് പലരും പറഞ്ഞിരുന്നതായും എന്നാൽ ബോളിവുഡ് ഒരിക്കലും അവസാനിക്കുന്നില്ലെന്നും രോഹിത് ഷെട്ടി പറഞ്ഞു. ഒരു പരസ്യ പ്രചാരണത്തിന്റെ ഭാഗമായി നടന്ന ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'എൺപതുകളിൽ വിസിആർ വന്നപ്പോൾ തിയേറ്ററുകൾ അടച്ചുപൂട്ടേണ്ടിവരുമെന്നും ബോളിവുഡ് തകരുമെന്നും എല്ലാവരും പറഞ്ഞു. അടുത്തിടെ ഒ ടി ടി പ്ലാറ്റ്‌ഫോമുകൾ വന്നപ്പോഴും ബോളിവുഡ് തീർന്നെന്ന് പലരും പറഞ്ഞു. പക്ഷേ ബോളിവുഡ് ഒരിക്കലും അവസാനിക്കുന്നില്ല'- രോഹിത് അഭിപ്രായപ്പെട്ടു.

ചരിത്രം പരിശോധിക്കുമ്പോൾ 50കളും 60കളും മുതൽ ദക്ഷിണേന്ത്യൻ സിനിമകൾ സാന്നിധ്യമറിയിച്ചിട്ടുണ്ടെന്നും ബോളിവുഡിനൊപ്പം നിൽക്കാൻ പറ്റുന്ന രീതിയിലുള്ള തെന്നിന്ത്യൻ സിനിമകൾ എല്ലായ്‌പ്പോഴും ഉണ്ടായിട്ടുണ്ടെന്നും രോഹിത് പറഞ്ഞു. ബോളിവുഡ് സിനിമയിൽ അമിതാഭ് ബച്ചനും വിനോദ് ഖന്നയും വാഴുന്ന കാലത്താണ് ഏക് ദുജേ കേലിയേയുമായി കമൽ ഹാസൻ വന്ന് ഹിറ്റുണ്ടാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

തെന്നിന്ത്യൻ ചിത്രങ്ങളായ ആർആർആർ, കെജിഎഫ് 2 എന്നിവയുടെ വിജയങ്ങൾ ബോളിവുഡ് ഇൻഡസ്ട്രിയെ ബാധിക്കുന്നുവെന്ന് ചർച്ചകൾ സജീവമാണ്. തെലുങ്ക്, കന്നഡ സിനിമകൾ ബോളിവുഡിനെ കൊവിഡ് പോലെ ബാധിക്കുന്നതായി സംവിധായകൻ രാം ഗോപാൽ വർമ്മ പറഞ്ഞിരുന്നു. ബോളിവുഡ് ഉടൻ ഒടിടിയ്ക്ക് വേണ്ടി മാത്രം സിനിമകൾ നിർമ്മിക്കേണ്ടി വരുമെന്ന് തോന്നുന്നുവെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. തെന്നിന്ത്യൻ സിനിമകളെ പിന്തുണച്ചുകൊണ്ടായിരുന്നു രാം ഗോപാൽ വർമ്മയുടെ പ്രതികരണം.

Story Highlights; Rohit Shetty responds to South Indian-Bollywood film controversy

Next Story