Top

'നിങ്ങളുടെ അറിവില്ലായ്മ അമ്പരപ്പിക്കുന്നു, ഹിന്ദി ദേശീയ ഭാഷയല്ല'; അജയ് ദേവ്ഗണിനെതിരെ രമ്യ

27 April 2022 4:14 PM GMT
ഫിൽമി റിപ്പോർട്ടർ

നിങ്ങളുടെ അറിവില്ലായ്മ അമ്പരപ്പിക്കുന്നു, ഹിന്ദി ദേശീയ ഭാഷയല്ല; അജയ് ദേവ്ഗണിനെതിരെ രമ്യ
X

ഹിന്ദി ഭാഷാ വിവാദത്തില്‍ അജയ് ദേവ്ഗണിനെതിരെ നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ രമ്യ. ഹിന്ദി ദേശീയ ഭാഷയല്ലെന്ന സുദീപിന്റെ പരാമര്‍ശത്തില്‍ അജയ്‌യുടെ മറുപടിയില്‍ പ്രതികരണവുമായാണ് രമ്യ രംഗത്തെത്തിയത്. ഹിന്ദി നമ്മുടെ ദേശീയ ഭാഷയല്ലെന്നും അജയ് യുടെ അറിവില്ലായ്മ അമ്പരപ്പിക്കുന്നതാണെന്നും രമ്യ പറഞ്ഞു.

'ഹിന്ദി നമ്മുടെ ദേശീയ ഭാഷയല്ല അജയ് ദേവ്ഗണ്‍. നിങ്ങളുടെ അറിവില്ലായ്മ അമ്പരപ്പിക്കുന്നതാണ്. കെജിഎഫ് പുഷ്പ, ആര്‍ആര്‍ആര്‍ തുടങ്ങിയ ചിത്രങ്ങള്‍ മികച്ച പ്രകടനം കാഴ്ചവെച്ചുവെന്നത് വലിയ കാര്യമാണ്. കലയ്ക്ക് ഭാഷാഭേദമില്ല. നിങ്ങളുടെ സിനിമകള്‍ ഞങ്ങള്‍ ആസ്വദിക്കുന്നത് പോലെ ഞങ്ങളുടെ സിനിമകളും ആസ്വദിക്കൂ' എന്ന് രമ്യ ട്വീറ്റ് ചെയ്തു.

അടുത്തിടെ ഒരു ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചിനിടെ'പാന്‍ഇന്ത്യ' എന്ന പദത്തിന്റെ ഉപയോഗത്തെക്കുച്ച് സുദീപ് സംസാരിച്ചിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ കന്നഡ ചിത്രം 'കെ.ജി.എഫ്: ചാപ്റ്റര്‍ 2' ഉത്തരേന്ത്യയില്‍ പോലും മികച്ച പ്രകടനം കാഴ്ചവച്ചതിനെക്കുറിച്ചുള്ള ഒരു അഭിപ്രായത്തോട് പ്രതികരിച്ചുകൊണ്ട് സുദീപ് പറഞ്ഞു, 'ഒരു കന്നഡ സിനിമ പാന്‍ ഇന്ത്യ തലത്തിലാണ് നിര്‍മ്മിച്ചതെന്ന് എല്ലാവരും പറയുന്നു, പക്ഷേ അതില്‍ ചെറിയ തിരുത്തുണ്ട് ഹിന്ദി ഇനി ഒരു ദേശീയ ഭാഷയല്ല എന്നതാണത്' എന്നായിരുന്നു സുദീപിന്റെ പരാമര്‍ശം.

സുദീപിന്റെ ഈ പരാമര്‍ശത്തില്‍ പ്രതികരണവുമായി അജയ് ദേവ്ഗണ്‍ രംഗത്തെത്തിയിരുന്നു. 'നിങ്ങളുടെ അഭിപ്രായത്തില്‍ ഹിന്ദി നമ്മുടെ ദേശീയ ഭാഷയല്ലെങ്കില്‍ പിന്നെ എന്തിനാണ് നിങ്ങളുടെ മാതൃഭാഷാ സിനിമകള്‍ ഹിന്ദിയില്‍ ഡബ്ബ് ചെയ്ത് റിലീസ് ചെയ്യുന്നത്? ഹിന്ദി അന്നും ഇന്നും എന്നും നമ്മുടെ മാതൃഭാഷയും ദേശീയ ഭാഷയുമാണ്.' എന്നായിരുന്നു സുദീപിന്റെ വീഡിയോ പങ്കുവച്ച് അജയ് ട്വീറ്റ് ചെയ്തത്. ഹിന്ദിയിലായിരുന്നു നടന്റെ ട്വീറ്റ്.

'ഞാന്‍ ഊഹിക്കുന്ന തരത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായാണ് എന്റെ വാക്കുകള്‍ നിങ്ങളിലേക്ക് എത്തിയത്.താങ്കളെ നേരിട്ട് കാണുമ്പോള്‍ എന്തിനാണ് ഈ പ്രസ്താവന നടത്തിയത് വ്യക്തമാക്കാം. അത് വേദനിപ്പിക്കാനോ പ്രകോപിപ്പിക്കാനോ എന്തെങ്കിലും വിവാദമുണ്ടാക്കാനോ ആയിരുന്നില്ല'. എന്നാണ് അജയ് ദേവ്ഗണിന് സുദീപിന്റെ മറുപടി.

'നിങ്ങള്‍ ഹിന്ദിയില്‍ പറഞ്ഞ വാക്കുകള്‍ എനിക്ക് മനസ്സിലായി. ഹിന്ദിയെ ബഹുമാനിക്കുകയും സ്‌നേഹിക്കുകയും പഠിക്കുകയും ചെയ്തതിനാല്‍ മാത്രമാണത്. വിരോധമില്ല സര്‍, പക്ഷേ എന്റെ പ്രതികരണം കന്നഡയില്‍ ടൈപ്പ് ചെയ്താല്‍ എന്തായിരിക്കും അവസ്ഥ എന്നായിരുന്നു ആശ്ചര്യം. ഞങ്ങളും ഇന്ത്യക്കാരല്ലേ സര്‍'. എന്നും സുദീപ് ട്വീറ്റ് ചെയ്തു.

Story Highlights; Remya against Ajay Devgn in Hindi language controversy

Next Story