Top

'ഹോളിവുഡിനെ അനുകരിക്കാന്‍ ശ്രമിച്ചു'; ബോളിവുഡിന് പ്രേക്ഷകരുമായുളള ബന്ധം നഷ്ടമായെന്ന് രവീണ ടണ്ഠന്‍

കെജിഎഫ് രണ്ടാം ഭാഗത്തില്‍ പ്രധാനമന്ത്രിയായാണ് രവീണ എത്തിയത്

21 April 2022 4:27 PM GMT
ഫിൽമി റിപ്പോർട്ടർ

ഹോളിവുഡിനെ അനുകരിക്കാന്‍ ശ്രമിച്ചു; ബോളിവുഡിന് പ്രേക്ഷകരുമായുളള ബന്ധം നഷ്ടമായെന്ന് രവീണ ടണ്ഠന്‍
X

ബോളിവുഡിന് പ്രേക്ഷകരുമായുളള ബന്ധം നഷ്ടമായെന്ന് നടി രവീണ ടണ്ഠന്‍. ഹോളിവുഡിനെ അനുകരിക്കുന്ന ബോളിവുഡിന്റെ പ്രവണതയാണ് പ്രേക്ഷകരുമായുള്ള ബന്ധം നഷ്ടപ്പെടാന്‍ കാരണമായെന്ന് രവീണ അഭിപ്രായപ്പെട്ടു. ജനപ്രീതി, സ്റ്റാര്‍ വാല്യു, ബോക്‌സോഫീസ് കളക്ഷന്‍ എന്നിവയുടെ കാര്യത്തില്‍ പ്രാദേശിക സിനിമാ ഇന്‍ഡസ്ട്രി ബോളിവുഡിനെ മറികടക്കുന്നതായും രവീണ പറഞ്ഞു.

'ബോളിവുഡ് സിനിമകളില്‍ നിന്നും ഇന്ത്യന്‍ സംസ്‌കാരം നഷ്ടമായി. സൗത്ത് ഇന്ത്യയില്‍ ഷൂട്ടിംഗിനായി പോയപ്പോള്‍ മനസിലായത്, അവരുടെ സംസ്‌കാരത്തെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചും ആചാരാനുഷ്ഠാനങ്ങളെക്കുറിച്ചും അവര്‍ക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. അത്തരത്തിലുള്ള കഥകളെ ചുറ്റിപ്പറ്റിയാണ് സിനിമകള്‍ ഉണ്ടാകുന്നത്. അത് ജനങ്ങള്‍ തിരിച്ചറിയുകയും അവ സൂപ്പര്‍ ഹിറ്റുകളാവുകയും ചെയ്യുന്നു' എന്ന രവീണ കൂട്ടിച്ചേര്‍ത്തു.

ബോളിവുഡിന്റെ തിരക്കഥകളില്‍ അത്തരത്തിലൊരു കുറവാണെന്ന് തോന്നിയതെന്നും ജനങ്ങളെ തിരിച്ചറയുന്നതില്‍ നിന്നും ബോളിവുഡ് അകന്നു പോകുന്നതായി തനിക്ക് തോന്നിയെന്നും രവീണ പറഞ്ഞു. കെജിഎഫിന്റെ രണ്ടു ഭാഗങ്ങളും ആക്ഷന്‍ സിനിമയായി ചിത്രീകരിച്ചേക്കാം. എന്നാല്‍ ആളുകളുടെ ഹൃദയത്തെ പിടിച്ചിരുത്തുന്ന വികാരങ്ങള്‍ ഇല്ലെങ്കില്‍, ഒരു സിനിമയും വിജയിക്കുമെന്ന് താന്‍ കരുതുന്നില്ലെന്നും രവീണ കൂട്ടിച്ചേര്‍ത്തു.

കെജിഎഫ് രണ്ടാം ഭാഗത്തില്‍ പ്രധാനമന്ത്രിയായാണ് രവീണ എത്തിയത്. ആദ്യ ഭാഗത്തിന്റെ അവസാനത്തില്‍ രവീണയുടെ റോള്‍ സസ്‌പെന്‍സ് നിറച്ചാണ് കാണിച്ചിരിക്കുന്നത്. യഷ് അവതരിപ്പിച്ച റോക്കി ഭായിയെയും കെജിഎഫിനെയും തകര്‍ക്കാന്‍ റമിക സെന്‍ എന്ന പ്രധാന മന്ത്രി നടത്തുന്ന ശ്രമങ്ങളെയും ആവേശത്തോടെയും ആര്‍പ്പുവിളികളോടെയുമാണ് പ്രേക്ഷകര്‍ കണ്ടത്. രവീണയ്ക്ക് വേണ്ടി സിനിമയുടെ മലയാള പതിപ്പില്‍ നടി ലെനയാണ് ശബ്ദം നല്‍കിയത്. ചിത്രം റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുകയാണ്.

Story Highlights; Raveena Tandon says why bollywood has lost touch with the audience

Next Story