Top

ഡാർക്ക് കോമഡിയുമായി രൺവീർ സിംഗ്; 'ജയേഷ്ഭായി ജോർദാർ' ട്രെയ്‌ലർ പുറത്ത്

ഗുജാറാത്ത് ആണ് സിനിമയുടെ കഥാപശ്ചാത്തലം

19 April 2022 1:09 PM GMT
ഫിൽമി റിപ്പോർട്ടർ

ഡാർക്ക് കോമഡിയുമായി രൺവീർ സിംഗ്; ജയേഷ്ഭായി ജോർദാർ ട്രെയ്‌ലർ പുറത്ത്
X

രൺവീർ സിംഗിനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ ദിവ്യാംഗ് ഥക്കർ രചനയും സംവിധാനവും നിർവഹിക്കുന്ന ബോളിവുഡ് ചിത്രം 'ജയേഷ്ഭായി ജോർദാറിന്റെ' ട്രെയ്‌ലർ പുറത്തുവിട്ടു. ആക്ഷേപഹാസ്യരൂപത്തിൽ ഒരുക്കിയിട്ടുള്ള ഈ ചിത്രം ശക്തമായ രാഷ്ട്രീയമാണ് പറയുന്നത്.പെൺ ഭ്രൂണഹത്യ, സ്ത്രീ വിവേചനം എന്നിങ്ങനെ ഗൗരവമുള്ള വിഷയങ്ങളാണ് ചിത്രം പറയുന്നത്. മൂന്ന് മിനിറ്റോളം വരുന്ന ട്രെയ്‌ലറിൽ നർമ്മത്തിൽ ചാലിച്ചാണ് അവതരിപ്പിച്ചിരിക്കുന്നത്.

ഗുജാറാത്ത് ആണ് സിനിമയുടെ കഥാപശ്ചാത്തലം.ഭാര്യയും മകളും അച്ഛനും അമ്മയും അടങ്ങുന്നതാണ് ജയേഷ് ഭായിയുടെ കുടുംബം. ജയേഷിന്റെ ഭാര്യ രണ്ടാമത് ഗർഭിണിയാണ്. ജയേഷിന്റെ അച്ഛൻ രാംലാൽ പട്ടേൽ ഒരു ഗ്രാമമുഖ്യനാണ്. പിന്തിരിപ്പനായ രാംലാലിന് കുടുംബത്തിന്റെ അധികാരം നിലനിർത്താൻ ഒരു ആൺകുട്ടിയെ വേണമെന്നാണ് ആഗ്രഹം. ഈ സാഹചര്യം ജയേഷ്ഭായിക്ക് ഉണ്ടാക്കുന്ന മാനസിക സംഘർഷങ്ങളും ബുദ്ധിമുട്ടുകളുമാണ് സിനിയുടെ പ്രധാന ഇതിവൃത്തം.

ചിത്രത്തിൽ രാംലാൽ പട്ടേലായി എത്തുന്നത് ബൊമാൻ ഇറാനിയാണ്. ജയേഷ്ഭായിയുടെ ഭാര്യയായ മുദ്ര പട്ടേലിനെ അവതരിപ്പിക്കുന്നത് ശാലിനി പാണ്ഡേ ആണ്. അർജ്ജുൻ റെഡ്ഡി ഫെയിം ശാലിനിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണിത്. യഷ് രാജ് ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്. സ്ത്രീവിരുദ്ധത, ലിംഗവിവേചനം തുടങ്ങി ഏറ്റവും പ്രാധാന്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്ന ചിത്രം മെയ് 13ന് തിയേറ്ററുകളിൽ എത്തും.

Story highlights: Ranveer singh With a Dark humour project in bollywood; Jayeshbhai Jordaar trailer out

Next Story