Top

രൺബീർ-ആലിയ വിവാഹം; ഏപ്രിൽ 13 നും 18 നും ഇടയിൽ, ഒരുക്കങ്ങൾ ആരംഭിച്ചു

രണ്‍ബീറിന്റെ തറവാട് വീടായ ആര്‍കെ ഹൗസില്‍ വെച്ച് വിവാഹം നടത്താനാണ് തീരുമാനം.

7 April 2022 7:50 AM GMT
ഫിൽമി റിപ്പോർട്ടർ

രൺബീർ-ആലിയ വിവാഹം; ഏപ്രിൽ 13 നും 18 നും ഇടയിൽ, ഒരുക്കങ്ങൾ ആരംഭിച്ചു
X

മുംബൈ: ബോളിവുഡ് താരങ്ങളായ രൺബീർ കപൂറും ആലിയ ഭട്ടും വിവാഹിതരാകുന്നു. ഈ മാസം 13 നും 18 നും ഇടയിൽ വിവാഹമുണ്ടാകും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം ഇരുവരുടെയും കുടുംബത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്. 450 അതിഥികളാകും വിവാഹത്തിൽ പങ്കെടുക്കുക. ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, ദീപിക പദുകോൺ, സൽമാൻ ഖാൻ തുടങ്ങിയവരും സംവിധായകൻ സഞ്ചയ് ലീല ബൻസാലിയും പങ്കെടുക്കും. ബോളിവുഡിലെ താര വിവാഹങ്ങളിൽ ഇപ്പോഴും എടുത്തു കേൾക്കുന്ന പേരാണ് സഭ്യ സാച്ചി. ആലിയ രൺബീർ വിവാഹത്തിനും സഭ്യ സാച്ചി ഒരുക്കുന്ന വിവാഹ വസ്ത്രങ്ങൾ ആയിരിക്കും ഇരുവരും അണിയുക.അനുഷ്ക ശർമ, ദീപിക പദുകോൺ, പ്രിയങ്ക ചോപ്ര, കത്രീന കൈഫ് എന്നീ താരങ്ങളുടെ വിവാഹ വസ്ത്രങ്ങൾ തയ്യാറാക്കിയത് സഭ്യ സാച്ചി ആയിരുന്നു. സംഗീത്, മെഹന്ദി ചടങ്ങുകൾക്ക് മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത വേഷങ്ങളായിരിക്കും ആലിയ ധരിക്കുക.

രണ്‍ബീറിന്റെ തറവാട് വീടായ ആര്‍കെ ഹൗസില്‍ വെച്ച് വിവാഹം നടത്താനാണ് തീരുമാനം. രണ്‍ബീറിന്റെ മാതാപിതാക്കളായ റിഷി കപൂറും നീതു കപൂറും ഈ വീട്ടില്‍ വെച്ചാണ് വിവാഹിതരായത്. രണ്‍ബീറിന്റെ ആഗ്രഹ പ്രകാരമാണ് ഇവിടെ വെച്ച് ആലിയയുമായുള്ള വിവാഹം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ആലിയയുടെ അമ്മയുടെ പിതാവ് നരേന്ദ്ര നാഥ് രസ്ദാന്റെ ആരോഗ്യ നില മോശമാണ്. ഈ സാഹചര്യത്തിലാണ് വിവാഹം നേരത്തെ നടത്തുന്നതെന്നാണ് ലഭിക്കുന്ന വിവരം.


2017-18 കാലയളവിലാണ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും പ്രണയത്തിലാവുന്നത്. നടി കത്രീന കൈഫുമായി ആറു വര്‍ഷത്തോളം നീണ്ട പ്രണയം വേര്‍പിരിഞ്ഞ ശേഷമാണ് നടന്‍ ആലിയയുമായി അടുത്തത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് കത്രീന കൈഫ് നടന്‍ വിക്കി കൗശലിനെ വിവാഹം ചെയ്തത്. നിലവില്‍ ഗംഗുഭായ്, ആര്‍ആര്‍ആര്‍ എന്നീ ചിത്രങ്ങളുടെ വിജയത്തിളക്കത്തിലാണ് ആലിയ. ആലിയയോടൊപ്പം അഭിനയിച്ച ബ്രഹ്മാസ്ത്രയ്ക്ക് പുറമെ ഷംഷെര, അനിമല്‍ എന്നീ ചിത്രങ്ങളാണ് രണ്‍ബീറിന്റെ പുറത്തു വരാനിരിക്കുന്ന സിനിമകള്‍.

story highlights: Ranbir-Alia marriage; Between April 13 and 18, preparations began

Next Story