Top

'എന്റെ സിനിമകള്‍ 100 കോടി നേടണമെന്ന് ആഗ്രഹിക്കുന്നില്ല'; തെന്നിന്ത്യന്‍ സിനിമകളുടെ വിജയത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്ന് രാജ്കുമാര്‍ റാവു

6 July 2022 2:20 AM GMT
ഫിൽമി റിപ്പോർട്ടർ

എന്റെ സിനിമകള്‍ 100 കോടി നേടണമെന്ന് ആഗ്രഹിക്കുന്നില്ല; തെന്നിന്ത്യന്‍ സിനിമകളുടെ വിജയത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്ന് രാജ്കുമാര്‍ റാവു
X

തെന്നിന്ത്യന്‍ ബോളിവുഡ് സിനിമാ വിവാദങ്ങളില്‍ പ്രതികരിച്ച് നടന്‍ രാജ്കുമാര്‍ റാവു. എന്തുകൊണ്ടാണ് സൗത്ത് ഇന്ത്യന്‍ സിനിമകള്‍ വിജയിക്കുന്നതെന്നത് താന്‍ ചിന്തിച്ചിട്ടില്ലെന്നും അവരുടെ കഠിനാധ്വാനം കൊണ്ടായിരിക്കാമെന്നും രാജ്കുമാര്‍ റാവു പറഞ്ഞു. ഒരു ഹിറ്റ് സിനിമയുടെ ഫോര്‍മുല എന്താണന്ന് ആര്‍ക്കും അറിയില്ലെന്നും നടന്‍ അഭിപ്രായപ്പെട്ടു. ഇന്ത്യ ടു ഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

സിനിമ പല ഘട്ടങ്ങളിലൂടെ കടന്നുപോകുന്നുവെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് രാജ്കുമാര്‍ റാവു പറഞ്ഞു. 'ഒരു കാലത്ത് ഞങ്ങള്‍ സ്വിറ്റ്‌സര്‍ലാന്‍ഡില്‍ പാട്ടുകള്‍ ചിത്രീകരിക്കുമായിരുന്നു. പിന്നീട് ഞങ്ങള്‍ ചെറിയ നഗരങ്ങളുടെ കഥകള്‍ പറയാന്‍ തുടങ്ങി. ഒരു നടന്‍ എന്ന നിലയില്‍ എനിക്ക് അഭിമാനിക്കാന്‍ കഴിയുന്ന സിനിമകളാണ് ഞാന്‍ ചെയ്യുന്നത്. നിര്‍മ്മാതാക്കള്‍ക്ക് നഷ്ടമില്ലാത്തിടത്തോളം കാലം ഞാന്‍ കഥകള്‍ പറഞ്ഞുകൊണ്ടേയിരിക്കും. എന്റെ സിനിമകള്‍ ബോക്‌സ് ഓഫീസില്‍ 100 കോടി നേടണമെന്ന് ആഗ്രഹിക്കുന്നില്ല' നടന്‍ കൂട്ടിച്ചേര്‍ത്തു.

ബോളിവുഡ് ഇന്‍ഡസ്ട്രിയിലെ നെപ്പോട്ടിസത്തെക്കുറിച്ചും രാജ്കുമാര്‍ റാവു പറയുന്നു. 'നെപ്പോട്ടിസം ഇപ്പോഴും ഉണ്ട്. അതുപോലെ ഇപ്പോള്‍ ധാരാളം അവസരങ്ങളുണ്ട്. എന്റെ സഹപാഠികളായിരുന്ന സുഹൃത്തുക്കള്‍ ഇന്‍ഡസ്ട്രിയില്‍ ഉണ്ടെങ്കിലും ഞാന്‍ ഇപ്പോള്‍ അംഗീകരിക്കപ്പെടുന്നു. നെപ്പോട്ടിസം ഉണ്ടാകും. പക്ഷേ നിങ്ങളുടെ പ്രവര്‍ത്തിയും കഴിവും അംഗീകരിക്കപ്പെടുക' എന്നും നടന്‍ വ്യക്തമാക്കി.

'പുഷ്പ', 'കെജിഎഫ് 2', 'ആര്‍ആര്‍ആര്‍' എന്നീ തെന്നിന്ത്യന്‍ സിനിമകളുടെ തുടര്‍ച്ചയായ വിജയം ബോളിവുഡിനെ ബാധിക്കുന്നുവെന്ന് ചര്‍ച്ചകള്‍ സജീവമാണ്. സംവിധായകരും താരങ്ങളും അടക്കം വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരുന്നു. 'ബച്ചന്‍ പാണ്ഡെ', 'ധാക്കഡ്', 'ജേഴ്‌സി', 'സാമ്രാട്ട് പൃഥ്വിരാജ്' തുടങ്ങി അടുത്തിടെ ഇറങ്ങിയ ബോളിവുഡ് സിനിമകള്‍ക്ക് ബോക്‌സ് ഓഫീസില്‍ വന്‍ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്.

Story Highlights; Rajkumar Rao reacts to South Indian Bollywood movie controversies

Next Story