Top

പ്രിയങ്ക-നിക്ക് മകളുടെ പേര് സംസ്‌കൃതത്തിൽ

ജനുവരി 22 ന് വാടക ഗർഭധാരണത്തിലൂടെ തങ്ങളുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞിനെ സ്വാഗതം ചെയ്തതായി പ്രിയങ്കയും നിക്കും സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപിച്ചിരുന്നു

21 April 2022 5:13 AM GMT
ഫിൽമി റിപ്പോർട്ടർ

പ്രിയങ്ക-നിക്ക് മകളുടെ പേര് സംസ്‌കൃതത്തിൽ
X

പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും മാതാപിതാക്കളായ വാർത്ത ബോളിവുഡും ഹോളിവുഡും ഒരുപോലെ ആഘോഷമാക്കിയിരുന്നു. എന്നാൽ കുഞ്ഞിന്റെ പേരോ മറ്റു വിവരങ്ങളോ പുറത്തുവിട്ടിരുന്നില്ല. ഇപ്പോഴിതാ ഔദ്യോഗിക രേഖകളിലെ പേര് പുറത്ത് വിട്ടിരിക്കുകയാണ് ഇംഗ്ലീഷ് ഓൺലൈൻ മാധ്യമമായ ടിഎംസി. ജനന സർട്ടിഫിക്കറ്റ് അനുസരിച്ച് പ്രിയങ്കയും നിക്കും തങ്ങളുടെ പെൺകുഞ്ഞിന് മാൾട്ടി മേരി ചോപ്ര ജോനാസ് എന്നാണ് പേരിട്ടിരിക്കുന്നത്.

വളരെ കൗതുകം നിറഞ്ഞ പേരാണ് ഇരുവരും മകൾക്ക് നൽകിയിരിക്കുന്നത്. പേരിൽ ഒരു ഇംഗ്ലീഷ് ശൈലി ഉണ്ടെങ്കിലും മാൾട്ടി എന്നത് ഒരു സംസ്‌കൃതമാണ്. 'ചെറിയ സുഗന്ധപുഷ്പം അല്ലെങ്കിൽ നിലാവ്' എന്നാണ് അർത്ഥമാക്കുന്നത്. സാൻ ഡിയാഗോയിലെ ആശുപത്രിയിൽ ജനുവരി 15 ന് രാത്രി 8 മണിക്ക് ശേഷമാണ് വാടക ഗർഭധാരണത്തിലൂടെ കുഞ്ഞ് ജനിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ദമ്പതികൾ ഇതേക്കുറിച്ച് ഔദ്യോഗിക പ്രസ്താവനകളൊന്നും നടത്തിയിരുന്നില്ല. എന്നാൽ ജനുവരി 22 ന് വാടക ഗർഭധാരണത്തിലൂടെ തങ്ങളുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞിനെ സ്വാഗതം ചെയ്തതായി പ്രിയങ്കയും നിക്കും സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപിച്ചിരുന്നു.

പ്രിയങ്ക നിക്ക് ആരാധകർ അത്ഭുതത്തോടെയും ഏറെ ആകാംക്ഷയോടെയുമാണ് ഈ വാർത്തയെ വരവേറ്റത്. സോഷ്യൽ മീഡിയയിൽ താരങ്ങൾക്ക് അഭിനന്ദനങ്ങളും ലോകത്തിന്റെ പല കോണിൽ നിന്നും എത്തി. എന്നാൽ തങ്ങളുടെ ആരാധകരോടും സുഹൃത്തുക്കളോടും മാധ്യമങ്ങളോടും സ്വകാര്യത ആവശ്യപ്പെട്ട ദമ്പതികൾ കുട്ടിയുടെ പേരോ ലിംഗമോ സ്ഥിരീകരിച്ചിരുന്നില്ല.

'വാടക ഗർഭധാരണം വഴിയാണ് ഞങ്ങൾ ഒരു കുഞ്ഞിനെ സ്വീകരിച്ചതെന്ന് സ്ഥിരീകരിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ഞങ്ങളുടെ കുടുംബത്തിനായി ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ ഈ സമയത്ത് ഞങ്ങൾ സ്വകാര്യത ആവശ്യപ്പെടുന്നു. വളരെ നന്ദി,' എന്നായിരുന്നു ഇരുവരുടെയും സോഷ്യൽ മീഡിയ പോസ്റ്റ്.കുട്ടിയുടെ പേരിനെ കുറിച്ച് ആരാധകർ ചോദിച്ചപ്പോഴും പേര് നിശ്ചയിച്ചിട്ടില്ല എന്നായിരുന്നു പ്രിയങ്കയുടെ അമ്മ മധു ചോപ്രയുടെ പ്രതികരണം എന്നും ടിഎംസി റിപ്പോർട്ട് ചെയ്യുന്നു.

Story highlights: Priyanka-Nick daughter's name in Sanskrit

Next Story