'ഞാൻ ഗന്ധർവ്വൻ' താരം നിതീഷ് ഭരദ്വാജ് വിവാഹ മോചിതനാകുന്നു; 'കാരണം പറയാൻ ആഗ്രഹിക്കുന്നില്ല'
മഹാഭാരതം എന്ന സീരിയലിലെ ശ്രീകൃഷ്ണനെ അവതരിപ്പിച്ചതിലൂടെയാണ് നിതീഷ് ഭരദ്വാജ് ശ്രദ്ധേയനാകുന്നത്.
19 Jan 2022 5:07 AM GMT
ഫിൽമി റിപ്പോർട്ടർ

നടൻ നിതീഷ് ഭരദ്വാജ് വിവാഹ മോചിതനാകുന്നു. 12 വർഷത്തെ ദാമ്പത്യത്തിനൊടുവിലാണ് അദ്ദേഹവും ഭാര്യ സ്മിതയും വിവാഹ മോചിതരാകുന്നത്.
താൻ 2019 സെപ്റ്റംബറിൽ മുംബൈയിലെ കുടുംബ കോടതിയിൽ വിവാഹ മോചന കേസ് ഫയൽ ചെയ്തിരുന്നു. എന്നാൽ തങ്ങൾ പിരിയുന്നതിനു പിന്നിലെ കാരണം തൽകാലം പറയാൻ ആഗ്രഹിക്കുന്നില്ല എന്നും അദ്ദേഹം ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു.
വിവാഹ മോചനം എന്നത് മരണത്തേക്കാൾ വേദനാജനകമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിതീഷിന്റെയും സ്മിതയുടെയും രണ്ടാം വിവാഹമായിരുന്നു. ഇരുവർക്കും ഇരട്ട കുട്ടികളാണ്.
ബി ആർ ചോപ്ര ഒരുക്കിയ മഹാഭാരതം എന്ന സീരിയലിലെ ശ്രീകൃഷ്ണനെ അവതരിപ്പിച്ചതിലൂടെയാണ് നിതീഷ് ഭരദ്വാജ് ശ്രദ്ധേയനാകുന്നത്. പദ്മരാജൻ സംവിധാനം ചെയ്ത ചിത്രം ഞാൻ ഗന്ധർവ്വനിലൂടെ മലയാളത്തിലും തന്റെ സാന്നിധ്യം അദ്ദേഹം അറിയിച്ചു.