'പുരുഷ സഹതാരങ്ങളെ കണ്ടെത്തുന്നത് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം'; ബോളിവുഡിൽ ഏജിസം എന്ന് നീന ഗുപ്ത
ബോളിവുഡിലെ ലിംഗ വിവേചനത്തെയും ഏജിസത്തെയും കുറിച്ച് തുറന്ന് സംസാരിക്കുകയാണ് നീന ഗുപ്ത.
2 Aug 2022 3:18 PM GMT
ഫിൽമി റിപ്പോർട്ടർ

പ്രായം ഒരു സംഖ്യ മാത്രമെന്ന് തെളിയിച്ച് അറുപത്തി മൂന്നാം വയസ്സിലും ബോളിവുഡിൽ സജീവമായ നടിയാണ് നീന ഗുപ്ത. എന്നാൽ തനിക്കൊപ്പം അഭിനയിക്കാൻ നടന്മാരെ കണ്ടെത്തുന്നത് ശ്രമകരമാണെന്ന് അവർ പറയുന്നു. ബോളിവുഡിലെ ലിംഗ വിവേചനത്തെയും ഏജിസത്തെയും കുറിച്ച് തുറന്ന് സംസാരിക്കുകയാണ് നീന ഗുപ്ത.
"രണ്ട് മൂന്ന് ചിത്രങ്ങളിൽ ഞാൻ എന്റെ സംവിധായകരോട് എനിക്കൊപ്പം അഭിനയിക്കുന്നത് ആരാണെന്ന് ചോദിച്ചു, നിങ്ങൾ പറയൂ എന്നാണവർ പറഞ്ഞത്. എനിക്കൊപ്പം അഭിനയിക്കാൻ പുരുഷ താരങ്ങളെ കണ്ടെത്തുകയാണ് ഏറ്റവും ശ്രമകരം. അവരിൽ ഭൂരിഭാഗവും പ്രായം കുറഞ്ഞ നടിമാർക്കൊപ്പം അഭിനയിക്കാൻ ആഗ്രഹിക്കുന്നു," നീന ഗുപ്ത പറഞ്ഞു. തന്നെക്കാൾ പ്രായം കുറവായിട്ടും തനിക്കൊപ്പം അഭിനയിക്കാൻ തയ്യാറായതിന് റാം കപൂറിന് നന്ദി പറയുന്നുവെന്നും നടി കൂട്ടിച്ചേർത്തു. ബോളിവുഡിലെ ലിംഗ വിവേചനത്തെയും ഏജിസത്തെയും കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു നീന ഗുപ്ത. ഗുഡ്ടൈംസിനോടായിരുന്നു നടിയുടെ പ്രതികരണം.
1982ൽ പുറത്തിറങ്ങിയ 'സാത്ത് സാത്ത്' എന്ന ചിത്രത്തിലൂടെയായിരുന്നു നീന ഗുപ്തയുടെ ബോളിവുഡ് അരങ്ങേറ്റം. തുടർന്ന് ചെറുതും വലുതുമായ മികച്ച കഥാപാത്രങ്ങളിലൂടെ ബോളിവുഡിൽ നീന നിറഞ്ഞു നിന്നു. സിനിമയിലേയും ജീവിതത്തിലേയും 'ബോൾഡ്' ആയ തീരുമാനങ്ങൾ കൊണ്ട് വാർത്തകളിൽ എന്നും നീന ഉണ്ടായിരുന്നു. സിനിമയിലും ടെലിവിഷനിലുമായി ഉള്ള കരിയറിൽ വന്ന ഇടവേളയ്ക്ക് ശേഷം 2018 ൽ 'ബദായ് ഹോ'യിലൂടെ അവർ രണ്ടാം വരവ് നടത്തി. അടുത്തിടെ പുറത്തിറങ്ങിയ നെറ്റ്ഫ്ലിക്സിന്റെ 'മസാബ മസാബ സീസൺ 2' ൽ ആണ് നീന അവസാനം എത്തിയത്. രാം കപൂർ ആണ് സീരീസിൽ നീനയുടെ സഹനടൻ.
Story highlights: Neena Gupta about ageism in Bollywood
- TAGS:
- Neena Gupta
- Bollywood
- Ageism