Top

ബോളിവുഡില്‍ സജീവമാകാന്‍ നാഗ ചൈതന്യ; അടുത്ത ചിത്രം ബന്‍സാലിക്കൊപ്പം?

ലാല്‍ സിങ് ഛദ്ദയില്‍ ആമിര്‍ ഖാന്റെ സുഹൃത്തായ ബാലരാജു എന്ന കഥാപാത്രത്തെയാണ് നാഗ ചൈതന്യ അവതരിപ്പിക്കുന്നത്

3 Aug 2022 7:06 AM GMT
ഫിൽമി റിപ്പോർട്ടർ

ബോളിവുഡില്‍ സജീവമാകാന്‍ നാഗ ചൈതന്യ; അടുത്ത ചിത്രം ബന്‍സാലിക്കൊപ്പം?
X

ആമിര്‍ ഖാന്‍ ചിത്രം 'ലാല്‍ സിങ് ഛദ്ദ'യിലൂടെ തെന്നിന്ത്യന്‍ നടന്‍ നാഗചൈതന്യ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. ആദ്യ സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് താരം മറ്റൊരു ബോളുവുഡ് ചിത്രത്തില്‍ അഭിനയിക്കാനൊരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സഞ്ജയ് ലീല ബന്‍സാലി ചിത്രത്തില്‍ നടന്‍ അഭിനയിച്ചേക്കുമെന്നാണ് സൂചനകള്‍.

'ലാല്‍ സിങ് ഛദ്ദ' പ്രൊമോഷന്റെ ഭാഗമായി മുംബൈയില്‍ എത്തിയ നാഗ ചൈതന്യ ജുഹുവിലെ സഞ്ജയ് ലീല ബന്‍സാലിയുടെ ഓഫീസില്‍ എത്തിയിരുന്നു. നടന്റെ ഫോട്ടോ സോഷ്യല്‍ മീഡിയിയില്‍ വൈറലാണ്. പിന്നാലെ ബന്‍സാലിക്കൊപ്പം പുതിയ ചിത്രം വരാനിരിക്കുന്നുവെന്ന ചര്‍ച്ചകളാണ് സാമൂഹിക മാധ്യമങ്ങളില്‍ സജീവമാകുന്നത്.

ലാല്‍ സിങ് ഛദ്ദയ്ക്ക് മുന്‍പ് ബോളിവുഡില്‍ നിന്നും നിരവധി അവസരങ്ങള്‍ തന്നെ തേടിയെത്തിയിരുന്നുവെന്ന് നാഗ ചൈതന്യ നേരത്തെ പറഞ്ഞിരുന്നു . അവ നിരസിച്ചതിന്റെ കാരണവും താരം വ്യക്തമാക്കിയിരുന്നു. ചെന്നൈയില്‍ ജനിച്ച് വളര്‍ന്ന തനിക്ക് ഹിന്ദി കൈകാര്യം ചെയ്യുന്നതില്‍ അത്മവിശ്വാസക്കുറവ് ഉണ്ടായിരുന്നുവെന്നും അതിനാലാണ് സിനിമകള്‍ സ്വീകരിക്കാതിരുന്നതെന്നും നടന്‍ പറഞ്ഞിരുന്നു.

ലാല്‍ സിങ് ഛദ്ദയില്‍ ആമിര്‍ ഖാന്റെ സുഹൃത്തായ ബാലരാജു എന്ന കഥാപാത്രത്തെയാണ് നാഗ ചൈതന്യ അവതരിപ്പിക്കുന്നത്. ടോം ഹാങ്ക്‌സ് നായകനായ ചിത്രം 'ഫോറസ്റ്റ് ഗമ്പി'ന്റെ റീമേക്കാണ് 'ലാല്‍ സിംഗ് ഛദ്ദ'. 'ത്രീ ഇഡിയറ്റ്‌സ്' എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം ആമിര്‍ ഖാന്‍, കരീന കപൂര്‍ ജോഡികള്‍ ഒരുമിക്കുന്ന ചിത്രം കൂടിയാണ് 'ലാല്‍ സിംഗ് ഛദ്ദ'. ചിത്രം ഓഗസ്റ്റ് 11ന് തിയേറ്ററുകളില്‍ എത്തും. ആമിര്‍ ഖാന്റെ തന്നെ നിര്‍മ്മാണ കമ്പനിയായ ആമിര്‍ഖാന്‍ പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

Story Highlights; Naga Chaitanya teaming up with Sanjay Leela Bhansali?

Next Story