Top

കോലമാവ്‌ കോകിലയിൽ നിന്ന് ജെറിയിലേക്ക്; ജാൻവി കപൂറിന് ആശംസകളറിയിച്ച് നയൻതാര

'കൊലമാവ്‌ കോകില' എന്ന തമിഴ് ചിത്രത്തിന്റെ ഹിന്ദി റീമേക്കാണ് ഗുഡ് ലക്ക് ജെറി

4 Aug 2022 1:17 PM GMT
ഫിൽമി റിപ്പോർട്ടർ

കോലമാവ്‌ കോകിലയിൽ നിന്ന് ജെറിയിലേക്ക്; ജാൻവി കപൂറിന് ആശംസകളറിയിച്ച് നയൻതാര
X

ജാൻവി കപൂർ നായികയായെത്തുന്ന 'ഗുഡ് ലക്ക് ജെറി'യ്ക്ക് ആശംസകൾ അറിയിച്ച് നയൻതാര. നയൻതാര ഫോൺ സന്ദേശത്തിലൂടെ ആശംസകൾ അറിയിച്ചതായി ജാൻവി തന്നെയാണ് ഒരഭിമുഖത്തിൽ അറിയിച്ചത്. ജാൻവിയുടെ 'ധടക്ക് ' എന്ന ചിത്രം ഇഷ്ടപ്പെട്ടു, 'ഗുഡ് ലക്ക് ജെറി'യ്ക്ക് ഗുഡ് ലക്ക് പറഞ്ഞതായും താരം അറിയിക്കുകയായിരുന്നു. 'കൊലമാവ്‌ കോകില' തന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ചിത്രമാണ് എന്ന് നയൻതാര പറഞ്ഞതായും ജാൻവി അറിയിച്ചു.

'കൊലമാവ്‌ കോകില' എന്ന തമിഴ് ചിത്രത്തിന്റെ ഹിന്ദി റീമേക്കാണ് ഗുഡ് ലക്ക് ജെറി. ജയ കുമാരി/ ജെറി എന്നാണ് ജാൻവി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. അമ്മയുടെ ചികിത്സയ്ക്കായി പണം ആവശ്യമായി വരുമ്പോൾ ജെറിയും കുടുംബവും ചേർന്ന് മയക്കുമരുന്ന് കടത്തുവാൻ തുടങ്ങും. പിന്നീടുള്ള രസകരമായ സംഭവങ്ങളാണ് സിനിമ പറയുന്നത്. ബ്ലാക്ക് ഹ്യൂമർ വിഭാഗത്തിലുള്ള 'ഗുഡ് ലക്ക് ജെറി' ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഈ മാസം 29ന് റിലീസ് ചെയ്യും.

'ഓയ് ലക്കി ലക്കി ഓയ്', 'അഗ്നിപത്' തുടങ്ങിയ സിനിമകളുടെ സഹസംവിധായകൻ ആയിരുന്ന സിദ്ധാർഥ് സെൻഗുപ്തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആനന്ദ് എൽ റായ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പങ്കജ് മേത്തയുടേതാണ് തിരക്കഥ. ദീപക് ഡോബ്രിയാൽ, നീരജ് സൂദ്, മിത വസിഷ്ത് എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നെൽസൺ ദിലീപ്കുമാറാണ് 'കൊലമാവ്‌ കോകില' സംവിധാനം ചെയ്തത്. 'ഗുഡ് ലക്ക് ജെറി'യ്ക്ക് പുറമെ 'മിലി' എന്ന സിനിമയും ജാൻവിയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ദേശീയ പുരസ്‌കാരം നേടിയ മലയാള ചിത്രം 'ഹെലന്റെ' റീമേക്കാണ് 'മിലി'. ബോണി കപൂർ ആണ് ചിത്രം നിർമ്മിക്കുന്നത്.

Story highlights: Kolamaavu Kokila to Jerry; Nayanthara praises Janhvi Kapoor

Next Story