'സുഷാന്ത് സ്റ്റാറല്ല, അന്ന് പലരും സിനിമ ഉപേക്ഷിച്ചു'; 'കേദാര്‍നാഥ്' സംവിധായകന്
സിനിമ പൂര്‍ത്തിയാക്കുന്നതിന് വേണ്ടി സ്വന്തം പോക്കറ്റില്‍ നിന്നും പണം മുടക്കേണ്ടതായി വന്നുവെന്നും സംവിധായകന്
12 Dec 2021 11:05 AM GMT
ഫിൽമി റിപ്പോർട്ടർ

അന്തരിച്ച ബോളിവുഡ് താരം സുഷാന്ത് സിങ് രാജ്പുത്തിന്റെ ഓര്‍മ്മ പങ്കുവച്ച് സംവിധായകന് അഭിഷേക് കപൂര്‍. സുഷാന്ത് കേന്ദ്രകഥാപാത്രമായെത്തിയ 'കേദാര്‍നാഥി'ന്റെ സംവിധായകനാണ് അഭിഷേക് കപൂര്‍. സിനിമയുടെ ഷൂട്ടിങ് സമയത്ത് താന്‍ അനുഭവിച്ച സമ്മര്‍ദങ്ങളെക്കുറിച്ച് വെളിപ്പെത്തുകയാണ് സംവിധായകന്. ഇന്ത്യ ടുഡേയോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സുഷാന്ത് ഒരു സ്റ്റാര്‍ അല്ലെന്ന കാരണത്താല്‍ പലരും കേദാര്‍നാഥ് ഉപേക്ഷിച്ച് പോയതായും സിനിമക്ക് വേണ്ടി താന്‍ ഒരുപാട് പോരാടിയിരുന്നതായും അഭിഷേക് പറഞ്ഞു. സിനിമ പൂര്‍ത്തിയാക്കുന്നതിന് വേണ്ടി സ്വന്തം പോക്കറ്റില്‍ നിന്നും പണം മുടക്കേണ്ടതായി വന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുഷാന്തിന്റെ ആദ്യ സിനിമക്ക് ഇരുവരും ഒരുമിച്ച സിനിമയായിരുന്നു കേദാര്‍നാഥ്. ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് സുഷാന്ത് എത്രത്തോളം വേദനയിലായിരുന്നുവെന്ന് എനിക്കറിയാമായിരുന്നു. സുഷാന്തിന്റെ മരണ ശേഷം ലോകം മുഴുവന്‍ അവന്റെ ആരാധകരായി മാറി. എന്നാല്‍ എപ്പോഴും അങ്ങനെയായിരുന്നില്ല. അവന്റെ മരണ ശേഷം എല്ലാവരും അവനെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് പ്രഖ്യാപിച്ചു. അതാണ് ഏറ്റവും വലിയ ദുന്തം.- അഭിഷേക് വ്യക്തമാക്കി
സാറ അലി ഖാന് നായികയായെത്തിയ ചിത്രം 2018ലാണ് റിലീസ് ചെയ്യുന്നത്. ഒരു ഹിന്ദു ബ്രാഹ്മണ് പെണ്‍കുട്ടിയും മുസ്ലീം യുവാവും പ്രണയത്തിലാകുന്നതും പിന്നീടുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് സിനിമ. കേഥാര്‍നാഥ് പ്രളയം അടിസ്ഥനാമാക്കി ഒരുങ്ങിയ ചിത്രമായിരുന്നു കേദാര്‍നാഥ്.