Top

കത്രീന കൈഫ് അറ്റ് 39; നടിയെക്കുറിച്ചറിയാം ചില കൗതുകങ്ങൾ

താരം ചില തെന്നിന്ത്യൻ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് എന്ന് കേട്ടാൽ വിശ്വസിക്കുമോ?

16 July 2022 8:14 AM GMT
ഫിൽമി റിപ്പോർട്ടർ

കത്രീന കൈഫ് അറ്റ് 39; നടിയെക്കുറിച്ചറിയാം ചില കൗതുകങ്ങൾ
X

ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളായ കത്രീന കൈഫിന് ഇന്ന് 39 വയസ്സ് തികയുകയാണ്. 'വെൽക്കം', 'മേനെ പ്യാർ ക്യൂൻ' തുടങ്ങിയ സിനിമകളിലെ ഉന്മേഷവദിയായ നായിക കഥാപാത്രങ്ങളിൽ നിന്ന് 'രാജനീതി', 'ടൈഗർ സിന്ദാ ഹേ' തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങളിലൂടെ പ്രേക്ഷക- നിരൂപക പ്രശംസ നേടുന്നത് വരെയുള്ള കത്രീനയുടെ യാത്ര ഒന്നിനൊന്ന് മികച്ചതിലേക്കായിരുന്നു. 2003- ൽ കൈസാദ് ഗുസ്താദിന്റെ 'ബൂം' എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച കത്രീന കൈഫ്, പാർട്ണർ (2007), നമസ്‌തേ ലണ്ടൻ (2007), സിംഗ് ഈസ് കിംഗ് (2008) തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ഹിന്ദി ചലച്ചിത്ര ലോകത്ത് തന്റെ സ്ഥാനം ഉറപ്പിച്ചത്.

മികച്ച ഒരു നർത്തകി കൂടിയായ താരം ചില തെന്നിന്ത്യൻ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് എന്ന് കേട്ടാൽ വിശ്വസിക്കുമോ? സംഗതി ഉള്ളതാണ്. കത്രീനയെക്കുറിച്ച് അധികമാർക്കും അറിയാത്ത ചില വസ്തുതതകൾ അറിയാം.

1. ഹോങ്കോങ്ങിലായിരുന്നു കത്രീന കൈഫിന്റെ ജനനം. കത്രീന ടർക്കോട്ടെ എന്നാണ് അവരുടെ യഥാർത്ഥ പേര്. കത്രീന കൈഫിന്റെ ചെറുപ്പത്തിൽ തന്നെ അവരുടെ മാതാപിതാക്കൾ വിവാഹമോചനം നേടി.

2. ബോളിവുഡ് സിനിമകളിലൂടെയായിരിന്നില്ല കത്രീനയുടെ ഇന്ത്യൻ വിനോദ വ്യവസായത്തിലേക്കുള്ള പ്രവേശം. ഫോട്ടോഗ്രാഫർ അതുൽ കസ്ബേക്കറിന് വേണ്ടി കുറച്ചുകാലം ജോലി ചെയ്യുകയും ഫെവിക്കോൾ, ലാക്മേ തുടങ്ങിയ പരസ്യങ്ങളിൽ അഭിനയിക്കുകയും ചെയ്ത ശേഷമാണ് അവർ ബോളിവുഡിന്റെ താര പദവിയിൽ എത്തുന്നത്.

3. 'മല്ലേശ്വരി', 'അല്ലരി പിഡുഗു' എന്നീ തെലുങ്ക് ചിത്രങ്ങളിലും 'ബൽറാം വേഴ്സസ് താരാദാസ്' എന്ന മലയാളം സിനിമയിലും അഭിനയിച്ചിട്ടുണ്ട് .

4. 2003ൽ കൈസാദ് ഗുസ്താദിന്റെ 'ബൂം' എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ കത്രീന കൈഫിന് 18 വയസ്സായിരുന്നു പ്രായം.14 വയസ്സിൽ മോഡലായ കത്രീനയുടെ ആദ്യ പ്രോജക്റ്റ് ഒരു ജ്വല്ലറി കമ്പനിക്ക് വേണ്ടിയുള്ളതായിരുന്നു.

5. സാമൂഹിക പ്രശ്‌നങ്ങളെക്കുറിച്ച് അവബോധം വളർത്താൻ കത്രീന എപ്പോഴും തന്റെ സ്വാധീനവും സെലിബ്രിറ്റി പദവിയും ഉപയോഗിച്ചിട്ടുണ്ട്. ഉപേക്ഷിക്കപ്പെട്ട പെൺകുഞ്ഞുങ്ങളെ രക്ഷിക്കുന്ന ചാരിറ്റബിൾ ട്രസ്റ്റായ റിലീഫ് പ്രോജക്ട്സ് ഇന്ത്യയുമായി ചേർന്ന് അവർ പ്രവർത്തിക്കുന്നുണ്ട്. നടിയുടെ അമ്മ സൂസൻ ടർക്കോട്ടാണ് ട്രസ്റ്റ് നടത്തുന്നത്.

6. തന്റെ മാതൃകയിൽ ബാർബി ഡോൾ ഉണ്ടാകുന്ന ആദ്യ ബോളിവുഡ് നടിയാണ് കത്രീന കൈഫ്.

Story highlights: Some lesser known facts about Katrina Kaif

Next Story