ലോറന്‍സ് ബിഷ്ണോയിയുടെ പട്ടികയില്‍ കരണ്‍ ജോഹറും; പണം തട്ടാന്‍ പദ്ധതി
19 Jun 2022 4:29 AM GMT
ഫിൽമി റിപ്പോർട്ടർ

നിര്‍മ്മാതാവും സംവിധായകനുമായ കരണ്‍ ജോഹറില്‍ നിന്നും പണം തട്ടാന്‍ ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്ണോയിയും സംഘവും പദ്ധതിയിട്ടതായി റിപ്പോര്‍ട്ട്. അഞ്ച് കോടി തട്ടിയെടുക്കാന്‍ പദ്ധതിയിട്ട കാര്യം സംഘത്തിലെ അംഗമായ മഹാകല്‍ എന്ന സിദ്ധേഷ് കാംബ്ലെയാണ് വെളിപ്പെടുത്തിയതെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന് അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു. എന്നാല്‍ ഇക്കാര്യം സംബന്ധിച്ച് സ്ഥിരീകരണം ഉണ്ടായിട്ടില്ലെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയുന്നു.
സിദ്ധു മൂസെവാലയുടെ കൊലപാതകിയെന്ന് സംശയിക്കുന്ന സന്തോഷ് ജാദവിന്റെ അടുത്ത സഹായിയാണ് സിദ്ധേഷെന്നും പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു. സിദ്ധു മൂസെവാലയുടെ കൊലപാതകത്തില്‍ സന്തോഷ് ജാദവിനും നാഗനാഥ് സൂര്യവന്‍ഷിക്കും പങ്കുണ്ടെന്ന് സിദ്ധേഷ് പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. കരണ്‍ ജോഹറിനെ ഭീഷണിപ്പെടുത്തി 5 കോടി തട്ടിയെടുക്കാന്‍ പദ്ധതിയിട്ടുവെന്നും കാനഡ ആസ്ഥാനമായുള്ള ഗുണ്ടാസംഘവുമായി ഇന്‍സ്റ്റാഗ്രാമിലൂടെ പദ്ധതികള്‍ ചര്‍ച്ച ചെയ്തിരുന്നുവെന്നും സിദ്ധേഷ് വെളിപ്പെടുത്തി.
ചില പ്രതികളുടെ ഇത്തരം കുറ്റസമ്മതം പൊങ്ങച്ചമാണെന്നാണ് വിഷയത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന് പിടിഐയോട് പ്രതികരിച്ചത്. സമൂഹത്തില്‍ പ്രശസ്തിക്ക് വേണ്ടിയും പണം നേടാനും വേണ്ടിയാണത്. പഞ്ചാബിലും മറ്റ് അയല്‍ സംസ്ഥാനങ്ങളിലും ഇത് സാധാരണമാണ്. ഗുണ്ടാസംഘങ്ങള്‍ അവരുടെ പേരുകള്‍ ഉയര്‍ന്ന കേസുകളുമായി ബന്ധപ്പെടുത്തും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തേ ബോളിവുഡ് താരം സല്മാന് ഖാനും പിതാവ് സലിം ഖാനുമെതിരെ ബിഷ്ണോയി സംഘത്തിന്റെ വധ ഭീഷണി കത്ത് ലഭിച്ചിരുന്നു ബിഷ്ണോയിയുടെ സഹായിയായ വിക്രം ബരാദാണ് കത്ത് നടന്റെ പിതാവ് സലീം ഖാന് എത്തിച്ചിരുന്നത്. 'മൂസെവാലയുടെ അവസ്ഥ തന്നെയാകും' എന്നാണ് കത്തില്‍ ഉണ്ടായിരുന്നത്. സലിം ഖാന് സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ എന്നും നടക്കാന്‍ പോകുന്ന പതിവുണ്ട്. അദ്ദേഹം നടത്തത്തിന് ശേഷം പതിവായി വിശ്രമിക്കാറുള്ള സ്ഥലത്ത് നിന്നും സുരക്ഷാ ഉദ്യോഗസ്ഥരാണ് കത്ത് കണ്ടെത്തിയത്.
Story Highlights; Karan Johar was on Lawrence Bishnoi's gang's target