Top

'മോദിയെ മെന്‍ഷന്‍ ചെയ്ത ട്വീറ്റില്‍ നഷ്ടം 9 ലക്ഷം'; മാലിദ്വീപിലേക്ക് ഓടുകയായിരുന്നുവെന്ന് കപില്‍ ശര്‍മ്മ

2016ല്‍ അന്ധേരിയിലെ തന്റെ ഓഫീസ് പുതുക്കി പണിയുന്നതുമായി ബന്ധപ്പെട്ട കപില്‍ ശര്‍മ്മയുടെ ട്വീറ്റാണ് വിവാദത്തിന് ഇടയാക്കിയത്

6 Jan 2022 11:54 AM GMT
ഫിൽമി റിപ്പോർട്ടർ

മോദിയെ മെന്‍ഷന്‍ ചെയ്ത ട്വീറ്റില്‍ നഷ്ടം 9 ലക്ഷം; മാലിദ്വീപിലേക്ക് ഓടുകയായിരുന്നുവെന്ന് കപില്‍ ശര്‍മ്മ
X

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മെന്‍ഷന്‍ ചെയത് ട്വീറ്റിന്റെ പേരില്‍ തനിക്ക് നഷ്ടമായത് 9 ലക്ഷം രൂപയാണെന്ന് നടനും അവതാരകനുമായ കപില്‍ ശര്‍മ്മ. മദ്യപിച്ചിരുന്നപ്പോള്‍ ചെയ്ത പോസ്റ്റാണെന്നും സംഭവം വലിയ ചര്‍ച്ചയായതോടെ മാലിദ്വീപില്‍ ഒളിച്ച് താമസിക്കാന്‍ തീരുമാനിച്ചതായും താരം പറഞ്ഞു. നെറ്റ്ഫ്‌ളിക്‌സിന്റെ പുതിയ ഷോ 'അയാം നോട്ട് ഡണ്‍ യെറ്റി'ലാണ് കപില്‍ ശര്‍മ്മയുടെ വെളിപ്പെടുത്തല്‍.

ട്വീറ്റ് ചര്‍ച്ചയായപ്പോള്‍ തന്നെ താന്‍ മാലിദ്വീപിലേക്ക് പോവുകയായിരുന്നു. ഇന്റര്‍നെറ്റ് സൗകര്യം ഇല്ലാത്ത മുറി വേണമെന്ന് അവരോട് പറഞ്ഞു. താങ്കള്‍ വിവാഹികനാണോ എന്നാണ് അവര്‍ ചോദിച്ചത്. ഇല്ല ഒരു ട്വീറ്റ് ചെയ്തുവെന്നായിരുന്നു എന്റെ മറുപടി. ഒന്‍പത് ദിവസത്തോളം അവിടെ താമസിച്ചതിന് നഷ്ടമായത് ഒന്‍പത് ലക്ഷം രൂപയാണ്. ആദ്യമായാണ് ജീവിത്തില്‍ ഇത്രയും പണം ചെലവാക്കുന്നതെന്നും കപില്‍ ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.

2016ല്‍ അന്ധേരിയിലെ തന്റെ ഓഫീസ് പുതുക്കി പണിയുന്നതുമായി ബന്ധപ്പെട്ട കപില്‍ ശര്‍മ്മയുടെ ട്വീറ്റാണ് വിവാദത്തിന് ഇടയാക്കിയത്. 'കഴിഞ്ഞ അഞ്ച് വര്‍ഷമായി 15 കോടിയുടെ നികുതി നല്‍കുന്നുണ്ട്. ഇനി തന്റ ഓഫീസിനായി മുംബൈ ബിഎംസിയ്ക്ക് 5 ലക്ഷം കോഴ നല്‍കണമോ' എന്നായിരുന്നു കപില്‍ ശര്‍മ്മയുടെ ട്വീറ്റ്. മോദിയെ മെന്‍ഷന്‍ ചെയ്തുകൊണ്ടുള്ള ട്വീറ്റില്‍ പ്രധാനമന്ത്രി പ്രതികരിച്ചില്ലെങ്കിലും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിന് മറുപടിയുമായി എത്തി. കോഴ ചോദിച്ചവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കും എന്ന് അദ്ദേഹം പറഞ്ഞു.


Next Story