Top

സംവിധായകന്‍, സഹതാരങ്ങള്‍, തിരക്കഥാകൃത്ത്; 'എല്ലാവരെയും പുറത്താക്കും'; കങ്കണയുടെ പഴയ വിവാദങ്ങള്‍

4 Jun 2022 7:54 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സംവിധായകന്‍, സഹതാരങ്ങള്‍, തിരക്കഥാകൃത്ത്; എല്ലാവരെയും പുറത്താക്കും; കങ്കണയുടെ പഴയ വിവാദങ്ങള്‍
X

മുംബൈ: ബോളിവുഡ് നടി കങ്കണ റണൗത്തിന്റെ പുതിയ ചിത്രം ദയനീയമായി പരാജയപ്പെട്ടത് സിനിമാ ലോകത്ത് വലിയ ചര്‍ച്ചയാണ്. കങ്കണയുടെ കരിയറിലെ ഏറ്റവും വലിയ പരാജയമായാണ് ധാക്കഡ് വിലയിരുത്തപ്പെടുന്നത്. സമൂഹ മാധ്യമങ്ങളില്‍ വലിയ തോതില്‍ ഈ പരാജയം ചര്‍ച്ചാ വിഷയവുമാവുന്നുണ്ട്. എന്തു കൊണ്ടാണ് കങ്കണയുടെ പരാജയം ഇത്ര വലിയ സംസാര വിഷയമാവാന്‍ കാരണമെന്നാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്ന ചോദ്യം.

പ്രശസ്തി തലയ്ക്ക് പിടിച്ചപ്പോള്‍ കങ്കണ ഉണ്ടാക്കിയ ശത്രുക്കളുടെയും വിവാദങ്ങളുടെയും നീണ്ട നിരയാണ് ഇതിന് കാരണമെന്നാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നത്. കങ്കണയുടെ സിനിമകളുടെ ഭാഗമാവാന്‍ ബോളിവുഡില്‍ ഭൂരിഭാഗം പേരും താല്‍പര്യപ്പെടുന്നില്ലെന്ന് നടി തന്നെ സമ്മതിക്കുന്നുണ്ട്. ചിലര്‍ അനാവശ്യ വിവാദങ്ങളെ ഭയക്കുന്നു. ചില അഭിനേതാക്കളാവട്ടെ തങ്ങളെ ഡമ്മിയാക്കി തന്റെ വണ്‍ വുമണ്‍ ഷോയായി സിനിമയെ കങ്കണ അടപടലം മാറ്റി മറിക്കുമെന്ന് ഭയക്കുകയും ചെയ്യുന്നു. ഇതിന് ഉദാഹരണങ്ങളും ഉണ്ട്.

കങ്കണ അഭിനയിച്ച സിമ്രാന്‍, മണികര്‍ണിക എന്നീ ചിത്രങ്ങള്‍ ഈ വിവാദങ്ങളുടെ ഉദാഹരണമാണ്. 2017 ല്‍ ഹന്‍സല്‍ മെഹ്ത സംവിധാനം ചെയ്ത സിമ്രാന്‍ എന്ന ചിത്രം പ്രഫുല്‍ പട്ടേല്‍ എന്നി ക്രമിനില്‍ യുവതിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ളതായിരുന്നു.

അപൂര്‍വ അസ്രാണിയായിരുന്നു ചിത്രത്തിന്റെ തിരക്കഥാകൃത്ത്. റിലീസിനോടടുപ്പ് ചിത്രം വിവാദത്തിലകപ്പെട്ടു. തിരക്കഥയില്‍ ചില സംഭാഷണങ്ങളും കഥാ സന്ദര്‍ഭങ്ങളും കങ്കണയുടേതായി കൂട്ടിച്ചേര്‍ത്തിരുന്നു. ഇത് ചൂണ്ടിക്കാണിച്ച് തിരക്കഥയുടെ മുഴുവന്‍ ക്രെഡിറ്റും കങ്കണ സ്വന്തമാക്കാന്‍ ശ്രമിക്കുന്നെന്നായിരുന്നു അപൂര്‍വ അസ്രാണി ഉയര്‍ത്തിയ ആരോപണം. സിനിമയുടെ റിലീസിനോനടുപ്പ് ഇത് വലിയ പ്രശ്‌നമുണ്ടാക്കി. അതേസമയം ബോക്‌സ് ഓഫീസില്‍ വലിയ പരാജയമായിരുന്നു സിമ്രാന്‍.

മണികര്‍ണിക

കങ്കണയ്ക്ക് 2020 ലെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരത്തിന് അര്‍ഹയാക്കിയ ചിത്രങ്ങളിലൊന്നായിരുന്നു മണികര്‍ണിക ദ ക്യൂന്‍ ഓഫ് ഝാന്‍സി. പക്ഷെ ചിത്രം വലിയ വിവാദങ്ങളാണ് അന്ന് ഉണ്ടാക്കിയത്. തെന്നിന്ത്യന്‍ സംവിധായകന്‍ കൃഷ് ആയിരുന്നു മണികര്‍ണികയുടെ ആദ്യ സംവിധാനം. എന്നാല്‍ ചിത്രം അവസാന ഘട്ടതിലെത്തിയപ്പോള്‍ സംവിധായക സ്ഥാനത്ത് നിന്നും കങ്കണ തന്നെ മാറ്റിയെന്ന് ആരോപിച്ച് കൃഷ് രംഗത്തെത്തി. സംവിധാനത്തിലെ പോരായ്മകള്‍ ചൂണ്ടിക്കാണിച്ചായിരുന്നു മാറ്റം. ചിത്രം നിര്‍മാതാക്കളായ സീ സ്റ്റുഡിയോസിന് ഇഷ്ടപ്പെട്ടില്ലെന്നും ഒരു ഭോജ്പൂരി സിനിമ പോലയുണ്ടെന്നുമാണ് കൃഷിനോട് കങ്കണ പറഞ്ഞത്. ചിത്രം കണ്ട ശേഷം മറ്റ് കഥാപാത്രങ്ങളുടെ നീളം കുറയ്ക്കണമെന്ന് നടി ആവശ്യപ്പെട്ടതായും കൃഷ് ആരോപിച്ചു. ഇത് സംബന്ധിച്ച് ഇരുവരും തമ്മില്‍ തര്‍ക്കവുമുണ്ടായി. ഒടുവില്‍ ചിത്രത്തില്‍ നിന്ന് കൃഷ് പിന്‍മാറി.

കൃഷ് പോയതോടെ കങ്കണ തന്നെ സംവിധാനം ഏറ്റെടുത്തു. ചിത്രത്തിന്റെ കുറച്ചു ഭാഗം പുനചിത്രീകരിക്കുകയും ചെയ്തു. ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചത് താനാണെന്ന് കങ്കണ അവകാശപ്പെട്ടു. ടൈറ്റില്‍ നേമില്‍ സംവിധാനം കങ്കണ റണൗത്ത് എന്നെഴുതുകയും കൃഷിന് യാതൊരു ക്രെഡിറ്റും നല്‍കിയതുമില്ല. ഇത് ചൂണ്ടിക്കാട്ടി കൃഷ് രംഗത്ത് വന്നു. തന്റെ സ്വപ്‌നവും അധ്വാനവുമാണ് കങ്കണ തട്ടിയെടുത്തതെന്ന് കൃഷ് ആരോപിച്ചു. അവിടെയും തീര്‍ന്നില്ല വിവാദങ്ങള്‍. ചിത്രത്തിലെ നായകനായി ആദ്യം അഭിനയിച്ചത് നടന്‍ സോനു സൂദ് ആയിരുന്നു. കങ്കണ സംവിധാനം ഏറ്റെടുത്തതോടെ സോനുവും കങ്കണയും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉടലെടുത്തു. ഒടുവില്‍ നടന്‍ ചിത്രത്തില്‍ നിന്ന് പിന്‍മാറി. പകരം മുഹമ്മദ് സീഷാന്‍ അയ്യൂബ് എന്ന നടനെ വെച്ച് കങ്കണ ചിത്രം സംവിധാനം ചെയ്തു.

പ്രശ്‌നങ്ങള്‍ അവിടെയും അവസാനിച്ചില്ല. ചിത്രത്തില്‍ അഭിനയിച്ച മിഷ്തി ചക്രബര്‍ത്തി എന്ന നടി കങ്കണയ്‌ക്കെതിരെ രംഗത്തെത്തി. കൃഷ് സംവിധാനം ചെയ്തപ്പോള്‍ പ്രധാനപ്പെട്ട വേഷമായിരുന്ന തന്റെ കഥാപാത്രം കങ്കണ വെട്ടിച്ചുരുക്കി മിനുട്ടുകള്‍ മാത്രം ദൈര്‍ഘ്യമുള്ള ഒരു ജൂനിയര്‍ റോളിലൊതുക്കിയെന്ന് നടി ആരോപിച്ചു. പക്ഷെ സംവിധാനം അവസാന ഘട്ടത്തില്‍ തന്റെ കൈയില്‍ വന്നു ചേര്‍ന്നതാണെന്നും ആര്‍ക്ക് എന്ത് റോളുകള്‍ നല്‍കണം ചിത്രം എങ്ങനെ മുന്നോട്ട് കൊണ്ട് പോവണം എന്നതൊക്ക തന്റെ അധികാരമാണെന്നായിരുന്നു കങ്കണയുടെ പ്രതികരണം.

Story Highlight: kangana ranaut's old controversies

Next Story