ബോളിവുഡിലെ 'കറുത്ത സത്യം'; ലൈംഗിക ചൂഷണം സിനിമയില്‍ സാധാരണമാണെന്ന് കങ്കണ
3 May 2022 6:45 AM GMT
ഫിൽമി റിപ്പോർട്ടർ

ലൈംഗിക ചൂഷണം സിനിമ മേഖലയില്‍ സാധാരണമാണെന്ന് ബോളിവുഡ് താരം കങ്കണ റണൗത്ത്. ബോളിവുഡിലെ കറുത്ത സത്യങ്ങള്‍' എന്ന് വിശേഷിപ്പിച്ചായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. കങ്കണ അവതാരകയായ ലോക് അപ്പ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് നടി ഇക്കാര്യം പറഞ്ഞത്.
'ചെറുപ്പക്കാരെ ലൈംഗികമായി ചൂഷണം ചെയ്യുന്നത് വളരെ സാധാരണമാണെന്ന് ഞാന്‍ കരുതുന്നു. പ്രത്യേകിച്ച് സിനിമ, ഫാഷന്‍ മേഖലകളില്‍. നമ്മള് എത്രമാത്രം പ്രതിരോധിച്ചാലും, അത് സത്യമാണ്. ഇത് നിരവധി അവസരങ്ങള്‍ നല്കുമ്പോള്, നിരവധി സ്വപ്നങ്ങളെ തകര്‍ക്കുകയും ആളുകളെ മുറിവേല്‍പ്പിക്കുകയും ചെയ്യുന്നു. ഇതാണ് കറുത്ത സത്യം', കങ്കണ പറഞ്ഞു.
ബോളിവുഡിലെ 'മീ ടൂ പ്രസ്ഥാനത്തെക്കുറിച്ചും കങ്കണ പറയുന്നു. 'മീടു ആരോപണവുമായി എത്തിയ സ്ത്രീകള്‍ ഇപ്പോള്‍ അപ്രത്യക്ഷരായിരിക്കുന്നു. എത്ര പേര് വന്നോ അവരൊക്കെ ഈ ഭൂമുഖത്ത് നിന്ന് തന്നെ അപ്രത്യക്ഷരായി. ഞാന്‍ അവരെ സപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഇന്‍ഡസ്ട്രിയില്‍ നിന്നും ഞാനും പുറത്താകുന്നു' എന്ന് കങ്കണ കൂട്ടിച്ചേര്‍ത്തു.
ഷോയിലെ സൈഷ ഷിന്‍ഡെ എന്ന മത്സരാര്‍ത്ഥി തനിക്കുണ്ടായ അനുഭവം വെളിപ്പെടുത്തിയതിന് പിന്നാലെയാണ് കങ്കണ ഇക്കാര്യങ്ങള്‍ സംസാരിച്ചത്. വളരെ ഇഷ്ടമുള്ള ഡിസൈനര്‍മാരില്‍ ഒരാള്‍ തന്നെ ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ച സംഭവമാണ് സൈഷ വെളിപ്പെടുത്തിയത്.
Story Highlights; Kangana Ranaut says sexual harassment is common in film industry