Top

'നല്ല കുടുംബത്തിലെ പെണ്‍കുട്ടി നാണക്കേടില്‍ മുങ്ങിപ്പോകും'; ജാവേദ് അക്തര്‍ അപമാനിച്ചുവെന്ന് കങ്കണ

6 July 2022 6:34 AM GMT
ഫിൽമി റിപ്പോർട്ടർ

നല്ല കുടുംബത്തിലെ പെണ്‍കുട്ടി നാണക്കേടില്‍ മുങ്ങിപ്പോകും; ജാവേദ് അക്തര്‍ അപമാനിച്ചുവെന്ന് കങ്കണ
X

ബോളിവുഡ് ഗാനരചയിതാവ് ജാവേദ് അക്തറിന്റെ മാനനഷ്ട കേസില്‍ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായി നടി കങ്കണ റണൗത്ത്. കോടതി താരത്തിന്റെ മൊഴി രേഖപ്പെടുത്തി. ഹൃതിക് റോഷനുമായുള്ള വിവാദത്തില്‍ താരത്തിനോട് താന്‍ മാപ്പ് പറയാന്‍ വിസമ്മതിച്ചതില്‍ ജാവേദ് അക്തര്‍ അസ്വസ്ഥനാണെന്നും തന്നെ അപമാനിച്ചെന്നും കങ്കണ പറഞ്ഞു. ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ജാവേദ് അക്തര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും നടി ആരോപിച്ചു.

'വഞ്ചകരെ പ്രതിഷ്ഠിക്കാന്‍ സമയമെടുക്കില്ല, അപ്പോള്‍ നിങ്ങളുടെ ബന്ധം ഹൃതിക്കുമായല്ല, വഞ്ചകരുമായായിരുന്നുവെന്ന് പൊതുജനങ്ങള്‍ക്ക് അറിയാന്‍ കഴിയും.പൊതുജനങ്ങള്‍ക്കിടയില്‍ വളരെയധികം അപകീര്‍ത്തി ഉണ്ടാകും. ആത്മഹത്യയല്ലാതെ നിങ്ങള്‍ക്ക് മറ്റ് മാര്‍ഗമില്ല. ഞങ്ങള്‍ക്ക് തെളിവുണ്ട്, അവര്‍ക്ക് എല്ലാ സ്ഥാനങ്ങളും ഉണ്ട്. ക്ഷമാപണം നടത്തി സ്വയം രക്ഷിക്കൂ. നല്ല കുടുംബത്തിലെ പെണ്‍കുട്ടി നാണക്കേടില്‍ മുങ്ങിപ്പോകും. ആത്മാഭിമാനമുണ്ടെങ്കില്‍ നിര്‍ബന്ധിക്കരുത്' എന്ന് കങ്കണ കോടതിയില്‍ വ്യക്തമാക്കി.

ചാനല്‍ ചര്‍ച്ചക്കിടെ കങ്കണ നടത്തിയ അപകീര്‍ത്തി പരാമര്‍ശത്തിലാണ് ജാവേദ് അക്തര്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. ബോളിവുഡ് സിനിമ മേഖലയില്‍ നിരവധി പേരെ ആത്മഹത്യയിലേക്ക് നയിക്കുന്ന സംഘത്തിന്റെ തലവനാണ് ജാവേദ് അക്തര്‍ എന്നായിരുന്നു കങ്കണയുടെ വിവാദ പരാമര്‍ശം. നിരവധി ദേശീയ മാധ്യമങ്ങളിലും താരം ഇതേ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കങ്കണയുടെ പരാമര്‍ശം തന്റെ പ്രതിഛായ തകര്‍ക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ജാവേദ് അക്തര്‍ പരാതി നല്‍കിയത്.

2016ലാണ് തന്റെ ഇമെയില്‍ സന്ദേശങ്ങളും സ്വകാര്യ ചിത്രങ്ങളും ഹൃത്വിക് ചോര്‍ത്തിയെന്നായിരുന്നു കങ്കണയുടെ ആരോപണം. ഇതേ തുടര്‍ന്നാണ് ഹൃത്വക് പോലീസിനെ സമീപിച്ചത്. തന്റെ പേരുപയോഗിച്ച് കങ്കണയെ ആരെങ്കിലും കബളിപ്പിച്ചുവെങ്കില്‍ അവര്‍ക്കെതിരേ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൃതികും പൊലീസിനെ സമീപിച്ചു. കങ്കണ നല്‍കിയ പരാതിയില്‍ ഹൃതികിനെതിരേ തെളിവ് ലഭിക്കാത്തതിനാല്‍ പൊലീസ് ആ കേസില്‍ നടപടി എടുത്തില്ല. ഹൃതിക് അയച്ചു എന്ന് പറയപ്പെടുന്ന മെയിലുകള്‍ ഹാജരാക്കാന്‍ കങ്കണയ്ക്ക് കഴിഞ്ഞില്ല.

ഹൃതികുമായി താന്‍ പ്രണയത്തിലായിരുന്നുവെന്നും വിവാഹനിശ്ചയം വരെ കഴിഞ്ഞുവെന്നും കങ്കണ അവകാശപ്പെട്ടു. ഹൃത്വികും കങ്കണയും ചേര്‍ന്ന് നില്‍ക്കുന്ന ചിത്രവും പ്രചരിപ്പിച്ചു. എന്നാല്‍ ആ ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് വ്യക്തമാക്കി ഹൃതികിന്റെ വക്താവ് രംഗത്ത് വന്നു. ഒരു പാര്‍ട്ടിയില്‍ എടുത്ത ചിത്രമായിരുന്നു അത്. ഹൃതികിന്റെ മുന്‍ഭാര്യ സൂസാനെയടക്കം ഒരുപാട് ആളുകള്‍ ആ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. ചിത്രത്തില്‍ നിന്ന് മറ്റുള്ളവരെ ഒഴിവാക്കി ഹൃതികിന് തൊട്ടടുത്ത് നിന്നയാളുടെ കൈ ഫോട്ടോഷോപ്പ് ചെയ്ത് മായ്ച്ചു കളഞ്ഞായിരുന്നു കങ്കണ ചിത്രം പ്രസിദ്ധീകരിച്ചത്.

Story Highlights; Kangana Ranaut says Javed Akhtar insulted her

Next Story