Top

'ഓട്ടോറിക്ഷ ഡ്രൈവറിൽ നിന്നും രാജ്യത്തിന്റെ ശക്തനായ നേതാവിലേക്ക്'; ഏക്‌നാഥ് ഷിന്‍ഡെയുടേത് പ്രചോദനാത്മകമായ വിജയമെന്ന് കങ്കണ

1 July 2022 7:55 AM GMT
ഫിൽമി റിപ്പോർട്ടർ

ഓട്ടോറിക്ഷ ഡ്രൈവറിൽ നിന്നും രാജ്യത്തിന്റെ ശക്തനായ നേതാവിലേക്ക്; ഏക്‌നാഥ് ഷിന്‍ഡെയുടേത് പ്രചോദനാത്മകമായ വിജയമെന്ന് കങ്കണ
X

മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായി ചുമതലയേറ്റ ഏക്‌നാഥ് ഷിന്‍ഡെയ്ക്ക് ആശംസയറിയിച്ച് ബോളിവുഡ് താരം കങ്കണ റണൗത്ത്. ഏക്‌നാഥ് ഷിന്‍ഡെയുടേത് പ്രചോദനാത്മകമായ വിജയഗാഥയാണെന്ന് കങ്കണ പറഞ്ഞു. ഉപജീവനത്തിനായി ഓട്ടോറിക്ഷ ഓടിച്ചിരുന്നയാളില്‍ നിന്നും രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടവരും ശക്തരുമായ ആളുകളില്‍ ഒരാളായി എന്നും കങ്കണ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ കുറിച്ചു.

മുന്‍മുഖ്യമന്ത്രി ഉദ്ധവ് താക്കറയുടെ രാജിയിലും നടി പ്രതികരണവുമായി എത്തിയിരുന്നു. തിന്മ ഏറ്റെടുക്കുമ്പോള്‍, നാശം സംഭവ്യമാണ് എന്നും 1975 ന് ശേഷമുള്ള ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ കാലഘട്ടമാണ് ഇപ്പോഴുള്ളതെന്നും കങ്കണ ചൂണ്ടിക്കാട്ടി. ജനാധിപത്യം വിശ്വാസത്തിന്റെ കാര്യമാണെന്ന് താന്‍ പറഞ്ഞിരുന്നു എന്നും അധികാരം കൊണ്ട് ജനങ്ങളുടെ വിശ്വാസം തകര്‍ക്കുന്നവന്റെ അഹങ്കാരം ഉറപ്പായും തകര്‍ന്നു വീഴുമെന്നും കങ്കണ 2020ല്‍ പറഞ്ഞത് വീണ്ടും ഓര്‍മ്മപ്പെടുത്തി. തന്റെ ഇന്‍സ്റ്റാഗ്രാം വീഡിയോയിലൂടെയാണ് കങ്കണ തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

സ്വജനപക്ഷപാതത്തിന്റെ മോശമായ അനന്തരഫലമാണ്. ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ നിങ്ങള്‍ സ്വയം ലജ്ജിക്കണം. നിസ്സാര കാരണങ്ങളില്‍ നിങ്ങളോട് യോജിക്കാത്ത ആളുകളെ അപമാനിക്കാനും ദ്രോഹിക്കാനും, നിങ്ങളുടെ ശക്തി ഉപയോഗിച്ച് വൃത്തികെട്ട രാഷ്ട്രീയം കളിച്ച് നിങ്ങള്‍ നേടിയ കസേര നിങ്ങള്‍ അര്‍ഹിക്കുന്നില്ല. ലജ്ജ' എന്നായിരുന്നു 2020ല്‍ താക്കറെയെ കുറിച്ചുള്ള കങ്കണയുടെ പരാമര്‍ശം.

ഇന്നലെയാണ് ഏക്‌നാഥ് ഷിന്‍ഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ചുമതലയേറ്റത്. ശനിയാഴ്ച മഹാരാഷ്ട്രയില്‍ വിശ്വാസവോട്ടെടുപ്പ് നടക്കും. ഉദ്ധവ് താക്കറെ വിശ്വാസ വോട്ടെടുപ്പിന് കാത്തു നില്‍ക്കാതെ രാജിവെച്ചതോടെ ഫഡ്‌നാവിസ് മുഖ്യമന്ത്രിയാവുമെന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാല്‍, ശിവസേന വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയാവുമെന്ന് ഫഡ്‌നാവിസ് പ്രഖ്യാപിക്കുകയായിരുന്നു. ഗവര്‍ണര്‍ ഭഗത്സിംഗ് കോഷിയാരിയെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിച്ചതിന് പിന്നാലെയാണ് ഷിന്‍ഡെ മുഖ്യമന്ത്രിയാവുമെന്ന് പ്രഖ്യാപിച്ചത്.ഏക്‌നാഥ് ഷിന്‍ഡേ മുഖ്യമന്ത്രിയായും ഉപമുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫട്‌നാവിസും രാജ്ഭവന്‍ ദര്‍ബാര്‍ ഹാളില്‍ വെച്ച് സത്യപ്രതിജ്ഞ ചെയ്തു.

Story Highlights; Kangana Ranaut congratulates Maharashtra CM Eknath Shinde

Next Story