Top

'വേറെയും പരാജയ സിനിമകളുണ്ട് അതിനെക്കുറിച്ചാരും സംസാരിക്കുന്നില്ല'; 'ധാക്കഡ്' നെഗറ്റീവ് പിആറിന്റെ ഇരയെന്ന് കങ്കണ

മെയ് 20 ന് തിയേറ്ററുകളില്‍ എത്തിയ ധാക്കഡിന് വന്‍ പരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നത്

9 July 2022 7:24 AM GMT
ഫിൽമി റിപ്പോർട്ടർ

വേറെയും പരാജയ സിനിമകളുണ്ട് അതിനെക്കുറിച്ചാരും സംസാരിക്കുന്നില്ല; ധാക്കഡ് നെഗറ്റീവ് പിആറിന്റെ ഇരയെന്ന് കങ്കണ
X

ബോളിവുഡ് ചിത്രം 'ധാക്കഡി'ന്റെ പരാജയത്തിന് കാരണം ബോധപൂര്‍വ്വമായ പ്രചാരണമെന്ന് നടി കങ്കണ റണൗത്ത്. സമീപകാലത്തെ മറ്റ് ബോക്‌സ് ഓഫീസ് പരാജയ സിനിമകളെ ചൂണ്ടിക്കാട്ടിയാണ് കങ്കണയുടെ പ്രതികരണം. 'ഗംഗുഭായ് കത്തിയവാടി', 'രാധേശ്യാം' തുടങ്ങിയ സിനിമകളും പരാജമായിരുന്നുവെങ്കിലും ആരും അതിനെക്കുറിച്ച് സംസാരിക്കുന്നില്ലെന്നും ധാക്കഡിന്റെ പരാജയത്തെക്കുറിച്ചുള്ള ലേഖനങ്ങള്‍ മാത്രമാണ് കാണാനാകുന്നതെന്നും കങ്കണ പറഞ്ഞു.

'രാധേ ശ്യാം', 'ഗംഗുബായ് കത്തിയവാടി', 'ജഗ്ജഗ്ഗ് ജിയോ', '83' തുടങ്ങിയ ബോക്‌സോഫീസ് പരാജയ സിനിമകളുടെ സ്‌ക്രീന്‍ ഗ്രാഫ് പങ്കിട്ടുകൊണ്ട് ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയായിരുന്നു കങ്കണയുടെ പ്രതികരണം. 'ദിവസവും ഉണരുമ്പോള്‍ ധാക്കഡിന്റെ പരാജയത്തെക്കുറിച്ച് നൂറ് കണക്കിന് ലേഖനങ്ങളാണ് കാണുന്നത്. ഈ വലിയ ദുരന്തങ്ങളെക്കുറിച്ച് ആരും സംസാരിക്കുന്നില്ല. ഇതിന് എന്തെങ്കിലും പ്രത്യേക കാരണം ഉണ്ടോ?' എന്നാണ് കങ്കണ കുറിച്ചത്.

മെയ് 20 ന് തിയേറ്ററുകളില്‍ എത്തിയ ധാക്കഡിന് വന്‍ പരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. കങ്കണയുടെ കരിയറിലെ ഏറ്റവും മോശം പ്രതികരണവും കളക്ഷനും നേടിയ സിനിമയായി ധാക്കഡ് മാറി. 85 കോടിക്ക് അടുത്ത് ബജറ്റില്‍ ഒരുങ്ങിയ സിനിമയ്ക്ക് ആഗോളതലത്തില്‍ 6 കോടി മാത്രമാണ് നേടാനായത്. 78 കോടിയാണ് നര്‍മ്മാതാക്കളുടെ നഷ്ടം. തിയേറ്ററുകളില്‍ അളുകള്‍ എത്താത്ത കാരത്താല്‍ പല പ്രദര്‍ശനങ്ങളും റദ്ദ് ചെയ്യുന്ന അവസ്ഥയും ഉണ്ടായിരുന്നു.

തിയേറ്ററിലെ വന്‍ പരാജയത്തിന് പിന്നാലെ ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് ആരംഭിച്ചു. സീ5ലൂടെ ഈ മാസം ആദ്യമാണ് സ്ട്രീമിങ് ആരംഭിച്ചത്. ഏറ്റവും കുറഞ്ഞ തുകയ്ക്കാണ് സിനിമയുടെ ഒടിടി അവകാശം വിറ്റ് പോയതെന്നാണ് സൂചന. രസ്‌നീഷ് ഘായ് ആണ് ധാക്കഡ് സംവിധാനം ചെയ്തത്. ചിത്രത്തില്‍ അര്‍ജുന്‍ രാംപാല്‍, ദിവ്യ ദത്ത, ശാശ്വത ചാറ്റര്‍ജി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Story Highlights; Kangana Ranaut claims Dhaakad is victim of negative PR

Next Story