ഹിജാബ് വിവാദത്തില്‍ സിനിമ നിര്‍മ്മിക്കും; മോഡേണ്‍ ലൈഫ് സ്റ്റൈല്‍ ആഗ്രഹിക്കുന്ന മുസ്ലിം സ്ത്രീകള്‍ക്ക് ഭീഷണിയെന്ന് കങ്കണ
19 Feb 2022 2:28 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കര്‍ണാടകയില്‍ ഹിജാബ് വിവാദത്തില്‍ പ്രതികരണവുമായി നടി കങ്കണ റണൗത്ത്. സ്ത്രീകളെ ബാധിക്കുന്ന ഈ വിഷയത്തില്‍ തനിക്ക് ആശങ്കയുണ്ടെന്നും ഹിജാബ് സ്കൂളുകളില്‍ ധരിക്കരുതെന്നും കങ്കണ റണൗത്ത് പറഞ്ഞു. നടിയുടെ പുതിയ റിയാലിറ്റി ഷോയായ ലോക്ക് അപ്പിന്റെ പ്രൊമോഷന് പരിപാടിക്കിടെയാണ് പ്രതികരണം. ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് താന്‍ ഒരു സിനിമ തയ്യാറാക്കുന്നുണ്ടെന്നും കങ്കണ പറഞ്ഞു.
'സ്കൂളില്‍ ഒരിക്കലും ഹിജാബ് അനുവദനീയമല്ല. തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിലാണ് ഈ വിവാദം ചിലര്‍ ഉയര്‍ത്തിക്കൊണ്ട് വന്നത്. പക്ഷെ ഇത് മുസ്ലിം സ്ത്രീകളുടെ വിദ്യാഭ്യാസത്തെ ബാധിക്കും. കഴിഞ്ഞ ദിവസം ജമ്മുകശ്മീരില്‍ ഉന്നതവിജയം നേടിയ പെണ്‍കുട്ടി തട്ടം ധരിക്കാത്തതിന് അവര്‍ക്കെതിര ഫത്വ പുറപ്പെടുവിച്ചു. നിങ്ങള്‍ സ്ത്രീകളെ ദുര്‍ബലരാക്കുകയാണ്. അവര്‍ക്കെതിരെ വധഭീഷണി ഉയരുന്നുണ്ട്. മോഡേണ്‍ ലൈഫ് സ്റ്റൈല്‍ ആഗ്രഹിക്കുന്ന മുസ്ലിം സ്ത്രീകളുടെ സുരക്ഷയില്‍ ആശങ്കയുണ്ട്. ഈ മധ്യകാലഘട്ട പ്രത്യയശാസ്ത്രവുമായി എങ്ങോട്ടാണ് നമ്മള് പോവുന്നത്,' കങ്കണ ചോദിച്ചു.
യൂണിഫോം എന്നാല്‍ എല്ലാവരും ഒരേ പോലെ കാണാന്‍ വേണ്ടിയാണ്. നിങ്ങളുടെ മതം, ജാതി, ലിംഗം എന്നീ വ്യത്യാസങ്ങള്‍ മാറ്റി വെച്ച് സ്കൂളിലേക്ക് ഒരു പോലെ വരൂ. ഈ വിഷയത്തില്‍ എനിക്കേറെ സംസാരിക്കാനുണ്ട്. മതത്തിന്റെ പേരില്‍ സ്ത്രീകളെ അടിച്ചമര്‍ത്തല്‍ എന്നത് സംബന്ധിച്ച് താന്‍ ഒരു സിനിമ നിര്‍മ്മിക്കുന്നുണ്ട്. അതാണ് തന്റെ അടുത്ത പ്രൊജക്ടെന്നും കങ്കണ പറഞ്ഞു.
നേരത്തെയും ഹിജാബ് അനുകൂല പ്രതിഷേധങ്ങളെ കങ്കണ റണൗത്ത് തള്ളിക്കളഞ്ഞിരുന്നു. മത ചട്ടങ്ങള്‍ പ്രകാരമുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് ധൈര്യം പ്രകടിപ്പിക്കലല്ലെന്നും അഫ്ഗാനിസ്താനില്‍ ബുര്‍ഖ ധരിക്കാതെ നടന്ന് ധൈര്യം കാണിക്കൂയെന്നുമായിരുന്നു കങ്കണയുടെ പ്രതികരണം. ഇറാനില്‍ ഇസ്ലാമിക വിപ്ലവത്തിന് മുമ്പ് മുസ്ലിം സ്ത്രീകള്‍ ബിക്കിനി ധരിച്ച് ബീച്ചില്‍ ഇരിക്കുന്ന ഫോട്ടോ പങ്ക് വെച്ച് കൊണ്ടാണ് കങ്കണയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി. ഇതിനു മറുപടിയുമായി നടി ഷബാന ആസ്മി രംഗത്തെത്തി.
അഫ്ഗാനിസ്താന് മതരാജ്യമാണ്. പക്ഷെ ഞാന്‍ അവസാനം നോക്കിയപ്പോള്‍ ഇന്ത്യ ഒരു മതേതര, ജനാധിപത്യ രാാജ്യമായിരുന്നു എന്നാണ് കങ്കണയുടെ സ്റ്റോറി പങ്കുവെച്ച് ഷബാന ആസ്മി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
STORY HIGHLIGHT: KANGANA ABOUT HIJAB CONTROVERSY