Top

ജാക്വിലിൻ ഫെർണാണ്ടസിന് വിദേശയാത്രയ്ക്ക് അനുമതി; ഏഴ് ദിവസത്തെ യാത്ര കർശന ഉപാദികളോടെ

മെയ് 31 മുതൽ ജൂൺ ആറു വരെയാണ് യാത്രാനുമതി

29 May 2022 12:59 PM GMT
ഫിൽമി റിപ്പോർട്ടർ

ജാക്വിലിൻ ഫെർണാണ്ടസിന് വിദേശയാത്രയ്ക്ക് അനുമതി; ഏഴ് ദിവസത്തെ യാത്ര കർശന ഉപാദികളോടെ
X

സാമ്പത്തിക തട്ടിപ്പ് കേസിൽ വിചാരണ നേരിടുന്ന ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിന് വിദേശയാത്രയ്ക്ക് അനുമതി നൽകി കോടതി. യാത്രാനുമതി തേടിയുള്ള ജാക്വിലിന്റെ അപേക്ഷയെ തുടർന്ന് പട്യാല കോടതിയുടേതാണ് ഉത്തരവ്. കർശന ഉപാദികളോടെ മെയ് 31 മുതൽ ജൂൺ ആറു വരെയാണ് യാത്രാനുമതി. തിരിച്ചുവന്നാൽ അന്വേഷണ ഏജൻസികളെ അറിയിക്കണമെന്നും കോടതി നിർദേശിച്ചു.

അബുദാബിയിൽ താമസിക്കുന്ന ഹോട്ടലിന്റെ വിവരങ്ങൾ സമർപ്പിക്കണം, യാത്രയുടെ വിശദവിവരങ്ങളും മടക്കയാത്രയും അന്വേഷണ ഉദ്യോഗസ്ഥരെ അറിയിക്കണം, 50 ലക്ഷം രൂപ ബോണ്ടായി സമർപ്പിക്കണം തുടങ്ങിയവയാണ് ഉപാധികൾ. കഴിഞ്ഞ വർഷം മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിക്കപ്പെട്ട സുകേഷ് ഉൾപ്പെടുന്ന 200 കോടി രൂപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ജാക്വിലിന് ലുക്ക് ഔട്ട് സർക്കുലർ ഇറക്കിയിരുന്നു. ലുക്ക് ഔട്ട് സർക്കുലറും കോടതി സസ്പെൻഡ് ചെയ്തിട്ടുണ്ട്.

ഒരു അവാർഡ് ദാന ചടങ്ങിനായി അബുദാബിയിലേക്ക് പോകുന്നതിനായാണ് ജാക്വിലിൻ കോടതിയുടെ അനുമതി തേടിയിരുന്നത്. 15 ദിവസത്തെ ഇളവാണ് താരം ആവശ്യപ്പെട്ടിരുന്നത്. അബുദാബി കൂടാതെ ജോലി ആവശ്യത്തിനായി ഫ്രാൻസ് നേപ്പാൾ എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനും താരം അനുമതി തേടിയതായും റിപ്പോർട്ട് ഉണ്ടായിരുന്നു.

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് ജാക്വിലിൻ ഫെർണാണ്ടസിന് വിദേശ യാത്രയ്ക്ക് വിലക്കേർപ്പെടുത്തിയിരുന്നത്. സുകേഷ് ചന്ദ്രശേഖർ പ്രതിയായ 200 കോടിയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടായിരുന്നു നടപടി. ഈ കേസുമായി ബന്ധപ്പെട്ട് ജാക്വിലിന്റെ 7.27 കോടി രൂപയുടെ സ്വത്തും ഇ.ഡി. കണ്ടുകെട്ടിയിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമായിരുന്നു നടപടി.

Story Highlights; Jacqueline Fernandez Gets Court Permission To Travel To Abu Dhabi

Next Story