'നായകന്മാർ വരുംപോകും, ഇതിഹാസങ്ങൾ എന്നും നിലനിൽക്കും'; ഋഷി കപൂറിന്റെ അവസാന സിനിമയുടെ ബിടിഎസുമായി ഫർഹാൻ
തങ്ങളുടെ പ്രിയപ്പെട്ട താരത്തിന്റെ ബിടിഎസ് വീഡിയോക്ക് നിരവധി പ്രതികരണങ്ങളും ആരാധകർ പങ്കുവച്ചിരുന്നു
11 April 2022 10:48 AM GMT
ഫിൽമി റിപ്പോർട്ടർ

ഋഷി കപൂറിന്റെ അവസാന ചിത്രമായ 'ശർമ്മാജി നംകീൻ' അടുത്തിടെയാണ് ഒടിടിയിൽ റിലീസ് ചെയ്തത്. സിനിമ മുഴുവനായി ചിത്രീകരിക്കാൻ കഴിയാതെയാണ് ഋഷി കപൂർ ലോകത്തോട് വിട പറഞ്ഞത്. എന്നാൽ താരത്തിന്റെ വേഷം ഏറ്റെടുത്ത നടൻ പരേഷ് റാവൽ രംഗത്തെത്തിയിരുന്നു. ഇപ്പോൾ സിനിമയുടെ ചിത്രീകരണ വീഡിയോ പങ്കുവയ്ക്കുകയാണ് ഫർഹാൻ അക്തർ. ജൂഹി ചൗളയാണ് ചിത്രത്തിൽ പ്രധാന വേഷത്തെ അവതരിപ്പിച്ചത്. 'ശർമ്മാജി നംകീൻ' സിനിമയുടെ സെറ്റിൽ നിന്ന് സ്നേഹത്തോടെ വിളമ്പിയ മികച്ച നിമിഷങ്ങൾ എന്ന് കുറിച്ചുകൊണ്ടാണ് ഫർഹാൻ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.
"നായകന്മാർ വരുന്നു, പോകുന്നു, പക്ഷേ ഇതിഹാസങ്ങൾ എന്നെന്നേക്കുമായി നിലനിൽക്കുന്നു" എന്നാണ് വീഡിയോയിലെ വാചകം. തങ്ങളുടെ പ്രിയപ്പെട്ട താരത്തിന്റെ ബിടിഎസ് വീഡിയോക്ക് നിരവധി പ്രതികരണങ്ങളും ആരാധകർ പങ്കുവച്ചിരുന്നു. "ബോബി മുതൽ ശർമ്മാജി നംകീൻ വരെ, ഋഷി കപൂറിന്റെ മികച്ച പ്രകടനങ്ങൾ കാണാനല്ല ഭാഗ്യമുണ്ടായി''. പ്രേക്ഷകരെ രസിപ്പിക്കാനും പിടിച്ചിരുത്താനും അത്ര എളുപ്പമല്ല, എന്നാൽ ഋഷി കപൂർ അത്തരത്തിലൊരു കലാകാരന് എന്നും ആരാധകർ പ്രതികരണത്തിലൂടെ അറിയിച്ചു.
ഹിതേഷ് ഭാട്ട്യ സംവിധാനം ചെയ്ത ചിത്രത്തിൽ ജൂഹി ചൗള, സുഹൈൽ നയ്യാർ, ഇഷ തൽവാർ, ഷീബ ചാദ്ധ, അയേഷ റാസ, സതിഷ് കൗശിക്, പർമീത് സേതി തുടങ്ങിയവരാണ് പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്. ഡൽഹിയിൽ രണ്ട് ആൺമക്കൾക്കൊപ്പം താമസിക്കുന്ന ബി ജി ശർമ്മയെന്ന 58 വയസ്സുകാരൻ്റെ കഥയാണ് ചിത്രം പറയുന്നത്. രണ്ട് താരങ്ങളെ ഒരേ കഥാപാത്രമായി അവതരിപ്പിക്കുന്നതും അത് ആസ്വദിക്കുന്നതും വളരെ പ്രയാസകരമായ കാര്യമായതിനാൽ തന്നെ ഈ പ്രശ്നത്തെ മറികടക്കാൻ സംവിധായകനെ സഹായിച്ച രണ്ട് ഘടകങ്ങളിൽ ഒന്ന് പരേഷ് റാവലാണെന്ന് അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. രണ്ടാമത്തേത് എഡിറ്റാണ്. ഋഷി കപൂറിനായുള്ള ശ്രദ്ധാഞ്ജലി എന്ന നിലയിലും, നല്ലൊരു കുടുംബചിത്രം എന്ന നിലയിലുമാണ് 'ശർമ്മാജി നംകീൻ' പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത്.
story highlights: 'Heroes come and go, legends last forever'; Farhan with BTS for Rishi Kapoor's last film