Top

'ബ്രഹ്മാസ്ത്ര'യില്‍ ഷാരൂഖ് ഖാനും?; ചര്‍ച്ചയായി ടീസര്‍

1 Jun 2022 7:37 AM GMT
ഫിൽമി റിപ്പോർട്ടർ

ബ്രഹ്മാസ്ത്രയില്‍ ഷാരൂഖ് ഖാനും?; ചര്‍ച്ചയായി ടീസര്‍
X

രണ്‍വീര്‍ കപൂര്‍-ആലിയ ഭട്ട് ചിത്രം ബ്രഹ്മാസ്ത്രയുടെ ടീസര്‍ പുറത്തുവന്നതിന് പിന്നാലെ വന്‍ പ്രതീക്ഷയിലാണ് ആരാധകര്‍. കഥാപാത്രങ്ങളെ പരിചയപ്പെടുത്തി പോകുന്ന 36 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഷാരൂഖ് ഖാനും പ്രത്യക്ഷപ്പെടുന്നുണ്ടെന്നാണ് ആരാധകരുടെ കണ്ടെത്തല്‍.

മുഖം വെളിപ്പെടുത്താത്ത ഒരാള്‍ ത്രിശൂലവുമായി ഒരു ഭീമന്‍ കല്ലിന് നേരെ നടന്ന് നീങ്ങുന്ന രംഗവും ടീസറിലുണ്ട്. ഈ കഥാപാത്രം ഷാരൂഖ് ആണോയെന്നുള്ള സംശയമാണ് സാമൂഹിക മാധ്യമങ്ങളിലടക്കം ചര്‍ച്ചയാകുന്നത്. ബ്രഹ്മാസ്ത്രയില്‍ താരം അതിഥി വേഷത്തിലെത്തുന്നുവെന്നുള്ള ചര്‍ച്ചകള്‍ സിനിമയുടെ ചിത്രീകരണം ആരംഭിച്ചപ്പോള്‍ തന്നെ പുറത്ത് വന്നിരുന്നു.

വി എഫ് എക്‌സ് സാങ്കേതികത പൂര്‍ണമായും ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ടീസറില്‍ നിന്ന് വ്യക്തമാണ്. ജൂണ്‍ 15ന് ട്രെയ്‌ലറും എത്തും. അമിതാഭ് ബച്ചന്‍, നാഗാര്‍ജുന അക്കിനേനി, മൗനി റോയി, എന്നിവരും ടീസറില്‍ എത്തുന്നുണ്ട്. രണ്‍ബീര്‍ ശിവ എന്ന കഥാപാത്രത്തെയും ആലിയ ഇഷ എന്ന കഥാപാത്രത്തെയുമാണ് അവതരിപ്പിക്കുന്നത്.

ഇന്ത്യന്‍ പുരാണങ്ങളില സങ്കല്‍പ്പങ്ങളും ഇന്നത്തെ ലോകവും തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഒരു പക്കാ ഫാന്റസി ചിത്രം തന്നെയാണ് ഇത്. മൂന്ന് ഭാഗങ്ങളായാണ് ചിത്രമെത്തുന്നത്. ആദ്യത്തെ ഭാഗത്തിന്റെ പേര് 'ബ്രഹ്മാസ്ത്ര ഒന്നാം ഭാഗം : ശിവ' എന്നാണ്. ചിത്രത്തിലെ ആദ്യ ഗാനം ആലിയരണ്‍ബീര്‍ വിവാഹത്തോടനുബന്ധിച്ച് പുറത്തു വിട്ടിരുന്നു. ''കേസരിയ...'' എന്ന് തുടങ്ങുന്ന ഗാനം ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി കഴിഞ്ഞു. അര്‍ജിത്ത് സിംഗാണ് ഗാനം ആലപിച്ചിരിക്കുന്നത്.


കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സ്, ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസ്, പ്രൈം ഫോക്കസ്, സ്റ്റാര്‍ലൈറ്റ് പിക്‌ചേഴ്‌സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സെപ്തംബര്‍ 9നാണ് ചിത്രത്തിന്റെ ആദ്യ ഭാഗം റിലീസ് . സിനിമയുടെ ദക്ഷിണേന്ത്യന്‍ വിതരണാവകാശം സംവിധായകന്‍ എസ് എസ് രാജമൗലിയ്ക്കാണ്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിളും ചിത്രം എത്തും.

Story Highlights; Fans spot Shah Rukh Khan in Brahmastra teaser

Next Story