Top

'ഇരയാക്കപ്പെടുന്നതില്‍ ലിംഗഭേദമില്ല'; ജോണി ഡെപ്പിന് പിന്തുണയുമായി ദിഷ പഠാനിയും സോഫി ചൗദ്രിയും

2 Jun 2022 7:26 AM GMT
ഫിൽമി റിപ്പോർട്ടർ

ഇരയാക്കപ്പെടുന്നതില്‍ ലിംഗഭേദമില്ല; ജോണി ഡെപ്പിന് പിന്തുണയുമായി ദിഷ പഠാനിയും സോഫി ചൗദ്രിയും
X

ഹോളിവുഡ് താരങ്ങളായ ജോണി ഡെപ്പ്, ആംബര്‍ ഹേഡ് മാനനഷ്ടക്കേസില്‍ ഡെപ്പിന് പിന്തുണയറിയിച്ച് ബോളിവുഡ് താരങ്ങളായ ദിഷ പഠാനിയും കുശാല്‍ ടണ്ഠനും. ബ്രിട്ടീഷ് ഗായികയായ സോഫി ചൗദ്രിയും ഡെപ്പിന് ഐക്യദാര്‍ഢ്യവുമായി എത്തിയിട്ടുണ്ട്. കേസില്‍ ഡെപ്പിന് അനുകൂലമായി വിധി വന്നതിന് പിന്നാലെയാണ് താരങ്ങള്‍ രംഗത്തെത്തിയത്. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് താരങ്ങളുടെ പ്രതികരണം.

'ഇതൊരു വ്യക്തിഗത വിജയമായി തോന്നുന്നു. കാരണം ഇത് ഭാവിയിലേക്കുള്ള ഒരു മാതൃകയാണ്. അഭിനന്ദനങ്ങള്‍ മിസ്റ്റര്‍ ഡെപ്പ്.' എന്നാണ് ഡെപ്പിന് പിന്തുണയറിയിച്ച് കുശാല്‍ ടണ്ഠന്‍ കുറിച്ചത്.


ലോകത്തോട് പറയുക, ഞാന്‍ ജോണി ഡെപ്പ്, ഒരു പുരുഷന്‍, ഞാനും ഗാര്‍ഹിക പീഡനത്തിന് ഇരയാണ്. എത്ര പേര്‍ നിങ്ങളെ വിശ്വസിക്കുന്നുവെന്നും നിങ്ങള്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും കാണുക. 6 വര്‍ഷത്തിന് ശേഷം അദ്ദേഹം സത്യം പറഞ്ഞു. കോടതിയിലും പുറത്തും അദ്ദേഹം വിജയിച്ചു' എന്നാണ് സോഫി ചൗദ്രി പ്രതികരിച്ചത്. ദുരുപയോഗത്തിന് ലിംഗഭേദമില്ല(#abusehasnogender)എന്ന ഹാഷ് ടാഗോടെയായിരുന്നു സോഫിയുടെ കുറിപ്പ്.


'നിങ്ങള്‍ക്ക് പകരംവയ്ക്കാന്‍ മറ്റൊരാള്‍ ഇല്ല' എന്നാണ് പൈറേറ്റ്‌സ് ഓഫ് ദ കരീബിയന്‍ എന്ന ചിത്രത്തിലെ ഡെപ്പിന്റെ ചിത്രം പങ്കപവച്ച് ദിഷ പഠാനി കുറിച്ചത്.


ഇന്നലെയാണ് ആര്‍ബര്‍ ഹേഡിന് എതിരെയുള്ള മാനനഷ്ടക്കേസില്‍ ജോണി ഡെപ്പിന് അനുകൂലമായി കോടതി വിധി വന്നത്. ആംബര്‍ ഹേര്‍ഡ് ജോണി ഡെപ്പിന് 15 ദശലക്ഷം ഡോളര്‍ നല്‍കണം. ആംബര്‍ ഹേര്‍ഡിന് രണ്ട് ദശലക്ഷം ഡോളര്‍ ഡെപ്പും നഷ്ട്ടപരിഹാരം നല്‍കണം. ആറ് ആഴ്ചത്തെ സാക്ഷി വിസ്താരം , ക്രോസ് വിസ്താരം എന്നിവയ്ക്കു ശേഷം മുന്‍ ഭര്‍ത്താവ് ജോണി ഡെപ്പിനെ അപകീര്‍ത്തിപ്പെടുത്തിയതിന് ആംബര്‍ ഹേര്‍ഡ് കുറ്റക്കാരിയെന്നാണ് കണ്ടെത്തല്‍. യുഎസിലെ ഫെയര്‍ഫാക്‌സ് കൗണ്ടി സര്‍ക്യൂട്ട് കോടതിയില്‍ ഏഴ് പേരടങ്ങുന്ന വിര്‍ജീനിയ ജൂറിയാണ് വിധി പറഞ്ഞത്.

Story Highlights; Disha Patani and Sophie Choudry with the support of Johnny Depp

Next Story