Top

'എന്റെ പിന്‍മാറ്റം ബലഹീനതയായിരുന്നു, നല്ലതായാലും മോശമായാലും ഇനി ഒരുമിച്ച് നേരിടും'; 'ഷംഷേര'യുടെ പരാജയത്തില്‍ സംവിധായകന്‍

രണ്‍ബിര്‍ കപൂറും സഞ്ജയ് ദത്തും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഹിസ്റ്റോറിക്കല്‍ ഡ്രാമയാണ് 'ഷംഷേര

27 July 2022 12:33 PM GMT
ഫിൽമി റിപ്പോർട്ടർ

എന്റെ പിന്‍മാറ്റം ബലഹീനതയായിരുന്നു, നല്ലതായാലും മോശമായാലും ഇനി ഒരുമിച്ച് നേരിടും; ഷംഷേരയുടെ പരാജയത്തില്‍ സംവിധായകന്‍
X

ബോളിവുഡ് ചിത്രം 'ഷംഷേര'യുടെ ബോസ്‌ക് ഓഫീസ് പരാജയത്തില്‍ പ്രതികരിച്ച് സംവിധായകന്‍ കരണ്‍ മല്‍ഹോത്ര. സിനിമ നല്ലതാണെങ്കിലും മോശം ആണെങ്കിലും ഒരുമിച്ച് നേരിടുമെന്നും ഷംഷേരയുടെ അണിയറപ്രവര്‍ത്തകര്‍ വലിയ കയ്യടി അര്‍ഹിക്കുന്നുവെന്നും കരണ്‍ മല്‍ഹോത്ര പറഞ്ഞു. സിനിമയുടെ റിലീസ് പിന്നാലെ വന്‍ വിമര്‍ശനങ്ങളും ട്രോളുകളും ഉണ്ടാകുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

അപമാനവും സനേഹവും വെറുപ്പും ഉണ്ടായിട്ടുള്ളത് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെയാണെന്നും അതുകൊണ്ടാണ് ഇവിടെ പ്രതികരിക്കുന്നതെന്നും കുറിപ്പ് പങ്കുവച്ച് കരണ്‍ മല്‍ഹോത്ര പറഞ്ഞു. സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടയിലെ തന്റെ പിന്മാറ്റം ബലഹീനമായിരുന്നുവെന്നും അതില്‍ ക്ഷമ ചോദിക്കുകയാണെന്നും അദ്ദേഹം ട്വീറ്ററില്‍ കുറിച്ചു.

'പ്രിയപ്പെട്ട ഷംഷേരാ, നീ അതിഗംഭീരമാണ്. ഞാന്‍ ഇവിടെ ഇത് പ്രകടിപ്പിക്കേണ്ടത് അത്യാവശ്യമാണ്. കാരണം, ഈ പ്ലാറ്റ്‌ഫോമിലാണ് സ്‌നേഹവും വെറുപ്പും ആഘോഷവും അപമാനവും നിങ്ങള്‍ക്കായി നിലനില്‍ക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിങ്ങളെ ഉപേക്ഷിച്ചതിന് നിങ്ങളോട് ക്ഷമ ചോദിക്കുന്നു. എന്റെ പിന്‍മാറ്റം എന്റെ ബലഹീനതയായിരുന്നു, അതിന് ഒഴികഴിവുകളൊന്നുമില്ല. പക്ഷേ ഞാന്‍ ഇപ്പോള്‍ ഇവിടെ നിങ്ങളുടെ അടുത്തുണ്ട്. നീ എന്റേതാണെന്നതില്‍ അഭിമാനവും ബഹുമാനവും തോന്നുന്നു. നല്ലതായാലും മോശം ആയാലും നമ്മള്‍ ഒരുമിച്ച് നേരിടും. ഷംഷേരയുടെ അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും ആയ കുടുംബത്തിന് വലിയ കയ്യടി. നമ്മുടെ മേല്‍ വര്‍ഷിച്ച സ്‌നേഹവും അനുഗ്രഹങ്ങളും കരുതലുകളും ഏറ്റവും വിലപ്പെട്ടതാണ്, അത് നമ്മളില്‍ നിന്ന് എടുത്തുകളയാന്‍ ആര്‍ക്കും കഴിയില്ല' കരണ്‍ മല്‍ഹോത്ര ട്വീറ്റ് ചെയ്തു.

രണ്‍ബിര്‍ കപൂറും സഞ്ജയ് ദത്തും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഹിസ്റ്റോറിക്കല്‍ ഡ്രാമയാണ് 'ഷംഷേര . 22ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ 31 കോടി മാത്രമാണ് നേടാനായത്. 150 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്‍ 10 കോടിയായിരുന്നു. യഷ് രാജ് ഫിലിംസിന്റെ ബാനറില്‍ ആദിത്യ ചോപ്രയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഹിന്ദിക്ക് പുറമെ തെലുങ്ക്, കന്നഡ, തമിഴ് എന്നീ ഭാഷകളിലും ചിത്രം റിലീസിനെത്തിയിരുന്നു.

Story Highlights; Director Karan Malhotra says Shamshera' flops Will face everything together the good the bad and the ugly

Next Story