Top

'ഞങ്ങള്‍ക്കതൊരു പ്രശ്‌നമായിരുന്നില്ല'; മകള്‍ക്കെതിരെയുള്ള ട്രോളുകളില്‍ പ്രതികരിച്ച് ദിലീപ് ജോഷി

ആളുകള്‍ ഇങ്ങനെ പ്രതികരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ദിലീപ് ജോഷി

4 Jan 2022 10:11 AM GMT
ഫിൽമി റിപ്പോർട്ടർ

ഞങ്ങള്‍ക്കതൊരു പ്രശ്‌നമായിരുന്നില്ല; മകള്‍ക്കെതിരെയുള്ള ട്രോളുകളില്‍ പ്രതികരിച്ച് ദിലീപ് ജോഷി
X

അടുത്തിടെയായിരുന്നു നടന്‍ ദിലീപ് ജോഷിയുടെ മകള്‍ നിയതി ജോഷിയുടെ വിവാഹം നടന്നത്. വിവാഹത്തിന് തന്റെ നര മറയ്ക്കാതെ നിയതി എത്തിയതിന് പിന്നാലെ നിരവധി ട്രോളുകള്‍ ഉയര്‍ന്നു വന്നിരുന്നു. ഇപ്പോള്‍ ട്രോളുകള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ദിലീപ് ജോഷി. തങ്ങളുടെ വീട്ടില്‍ നിയതിയുടെ നര ഒരു വിഷയമായിരുന്നില്ലെന്നും അതുകൊണ്ടാണ് വിവാഹ ദിവസവും അത് മറക്കാതിരുന്നതെന്നും ദിലീപ് ജോഷി പറയുന്നു.

വിവാഹ ദിവസം നിയതി നരയോടെ വരുന്നത് ഞങ്ങള്‍ക്കൊരു പ്രശ്‌നമായിരുന്നില്ല. പക്ഷേ ആളുകള്‍ ഇങ്ങനെ പ്രതികരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് അകലം പാലിക്കുന്ന വ്യക്തിയാണ് നിയതിയെന്നും വിവാഹദിനത്തിലെ തീരുമാനം ചിലരുടെയെങ്കിലും ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തിയതില്‍ സന്തോഷമുണ്ടെന്നും ദിലീപ് ജോഷി പറഞ്ഞു. ബോംബെ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ദിലീപ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ചെറുപ്പത്തില്‍ തന്നെ മുടി നരയ്ക്കുന്ന അവസ്ഥയാണ് നിയതിക്കുള്ളത്. എന്നാല്‍ നര മറയ്ക്കാന്‍ തയ്യാറാകാതെ വധുവായി അണിഞ്ഞൊരുങ്ങി നിയതി എത്തുകയായിരുന്നു. പിന്നാലെ നിയതിയെ അഭിനന്ദിച്ചും ട്രോളിയും ഒരുപാട് പേര്‍ രംഗത്തെത്തിയിരുന്നു. ഫോട്ടോയ്ക്ക് വധുവിന്റെ അമ്മയാണോ തുടങ്ങിയ പരിഹാസ കന്റുകളും വന്നിരുന്നു. വധു എങ്ങനെയായിരിക്കണം എന്ന സമ്പ്രദായിക രീതിയെ നിയതി മാറ്റി മറിച്ചതിന് പലരും നിയതിക്ക് അഭിനന്ദനവുമായി എത്തിയിരുന്നു.

Next Story