'സാമ്രാട്ട് പൃഥ്വിരാജ്' ന്റെ പരാജയം അക്ഷയ്യുടെ 'ഗൂര്‍ഖ' യെ പ്രതിസന്ധിയിലാക്കുന്നു, 2023 ലേക്ക് മാറ്റി നിര്‍മ്മാതാക്കള്‍
30 Jun 2022 4:48 AM GMT
ഫിൽമി റിപ്പോർട്ടർ

അക്ഷയ് കുമാര്‍ നായകനായി എത്തുന്ന ഗൂര്‍ഖയുടെ ഷൂട്ടിംഗ് ഈ വര്‍ഷം ആരംഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും 2023ലേക്ക് മാറ്റിവെച്ചതായാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്. സാമ്രാട്ട് പൃഥ്വിരാജിന്റെ പരാജയത്തെത്തുടര്‍ന്നാണ് നിര്‍മ്മാതാക്കള്‍ ഗൂര്‍ഖയുടെ ചിത്രീകരണം നീട്ടിവെക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. സാമ്രാട്ട് പൃഥ്വിരാജിന്റെ പരാജയത്തെത്തുടര്‍ന്ന് ചിത്രം ഉപേക്ഷിച്ചതായി സ്വയം പ്രഖ്യാപിത നിരൂപകന് കെആര്‍കെ (കമാല്‍ ആര് ഖാന്) മുമ്പ് അവകാശപ്പെട്ടിരുന്നു. അക്ഷയ്യും ഗൂര്‍ഖ നിര്‍മ്മാതാക്കളും ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല.
ബോളിവുഡിലെ ഏറ്റവും വലിയ മുന്‍നിര താരങ്ങളില്‍ ഒരാളാണ് അക്ഷയ് കുമാര്‍. അതേസമയം അദ്ദേഹത്തിന്റെ സമീപകാല റിലീസുകള്‍, ബച്ചന് പാണ്ഡേ, സാമ്രാട്ട് പൃഥ്വിരാജ് എന്നീ രണ്ട് ചിത്രങ്ങളും വലിയ പണം വാരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, നിര്‍മ്മാതാക്കള്‍ക്ക് നഷ്ടം ഉണ്ടാക്കുന്ന ഇതിഹാസ ദുരന്തങ്ങളായി അവ മാറി.
സഞ്ജയ് പുരണ്‍ സിംഗ് ചൗഹാന് സംവിധാനം ചെയ്യുന്ന ഗൂര്‍ഖയില്‍ യുദ്ധവീരനായ മേജര്‍ ജനറല്‍ ഇയാന്‍ കാര്ഡോയുടെ നായക വേഷത്തില്‍ അക്ഷയ് എത്തും. കഴിഞ്ഞ വര്‍ഷം ചിത്രത്തിലെ സൂപ്പര്‍സ്റ്റാറിന്റെ ഫസ്റ്റ് ലുക്ക് നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിരുന്നു. ആരാധകരുടെ കാത്തിരിപ്പിനിടയിലാണ് ഇപ്പോള്‍ ഗൂര്‍ഖ മാറ്റിവെക്കുന്നു എന്ന വാര്‍ത്തകള്‍ പുറത്തു വരുന്നത്.
അതേസമയം ഷൂട്ടിംഗിന് ആവശ്യമായ അനുമതികളാണ് ഗൂര്‍ഖയെ മുന്നോട്ട് തള്ളുന്നതിന് പിന്നിലെ യഥാര്‍ത്ഥ കാരണം എന്നും റിപ്പോര്‍ട്ടുകളുണ്ട്. നിര്‍മ്മാതാക്കള്‍ക്ക് വിവിധ മന്ത്രാലയങ്ങളില്‍ നിന്ന് ആവശ്യമായ അനുമതികള്‍ ലഭിക്കുന്നതിനെ ആശ്രയിച്ച്, ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ വര്‍ഷം അവസാനമോ 2023 മധ്യമോ ആരംഭിക്കും.
ആനന്ദ് എല്‍ റായിയുടെ രക്ഷാ ബന്ധനാണ് അക്ഷയ് അടുത്തതായി പുറത്തു വരുന്ന ചിത്രം. രക്ഷാബന്ധന് പുറമെ, രാം സേതു, സെല്‍ഫി, മിഷന് സിന്‍ഡ്രെല്ല, സൂരറൈ പോട്രുവിന്റെ ഹിന്ദി റീമേക്ക് എന്നിവയും അക്ഷയ്യുടെ അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങളാണ്.
Story Highlight: Defeat of 'Samrat Prithviraj' puts Akshay's 'Gorkha' in crisis, producers shift to 2023