Top

'ഡോളര്‍ എസ്‌കലേറ്ററില്‍, രൂപ വെന്റിലേറ്ററിലെന്ന് ശില്പ ഷെട്ടി'; 2014ല്‍ ഉണ്ടായിരുന്ന ധൈര്യം ഇപ്പോള്‍ ഇല്ലേയെന്ന് വിമര്‍ശനം

ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തകര്‍ച്ചയിലാണിപ്പോള്‍ രൂപ

10 May 2022 1:15 PM GMT
ഫിൽമി റിപ്പോർട്ടർ

ഡോളര്‍ എസ്‌കലേറ്ററില്‍, രൂപ വെന്റിലേറ്ററിലെന്ന് ശില്പ ഷെട്ടി; 2014ല്‍ ഉണ്ടായിരുന്ന ധൈര്യം ഇപ്പോള്‍ ഇല്ലേയെന്ന് വിമര്‍ശനം
X

ഡോളറിന് എതിരെയുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തുമ്പോള്‍ ട്രോളുകളില്‍ നിറഞ്ഞ് ബോളിവുഡ് താരങ്ങളായ ജൂഹി ചൗളയും ശില്പ ഷെട്ടിയും. വിഷയത്തില്‍ 2013ല്‍ ഇരുവരുടെയും ട്വിറ്റര്‍ കുറിപ്പുകള്‍ ഷെയര്‍ ചെയ്തുകൊണ്ടാണ് സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമാകുന്നത്.

'ഡോളര്‍ എസ്‌കലേറ്ററിലാണ്, രൂപ വെന്റിലേറ്ററിലും. രാജ്യം ഐസിയുവില്‍. നമ്മള്‍ കോമയില്‍. ഉള്ളി ഷോറൂമില്‍. ദൈവം നമ്മളെ രക്ഷിക്കട്ടെ' എന്നായിരുന്നു അന്ന് രൂപയുടെ മൂല്യമിടിഞ്ഞപ്പോള്‍ ശില്പ പ്രതികരിച്ചിരുന്നത്. ഈ കുറിപ്പ് കുത്തിപ്പൊക്കിയാണ് വിമര്‍ശം.

' അപുവിന്റെ അടിവസ്ത്രത്തിന്റെ പേര് ഡോളര്‍ എന്നായിരുന്നു. രൂപയായിരുന്നെങ്കില്‍ ഇടക്കിടെ അഴിഞ്ഞു വീഴുമായിരുന്നു', എന്നായിരുന്നു ജൂഹി ചൗളയുടെ കുറിപ്പ്.

ഇപ്പോള്‍ രൂപയുടെ മൂല്യം ഇടിയുമ്പോള്‍ പ്രതികരിക്കാത്ത ഇവര്‍ക്ക് 2014ന് മുമ്പ് എന്തു ധൈര്യമായിരുന്നുവെന്നും ഇപ്പോള്‍ ഇവരുടെ പ്രതികരണശേഷി എവിടെ പോയെന്നും ചിലര്‍ ചോദിക്കുന്നു. ഇന്ധനത്തെയും എല്‍പിജിയെയും ചെറുനാരങ്ങയെയും കൂടി ഷോറൂമിലാക്കൂ എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം.

അതേസമയം, ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തകര്‍ച്ചയിലാണിപ്പോള്‍ രൂപ. ഡോളറിനിനെതിരെ 77.40 നിലവാരത്തിലേക്കാണ് തിങ്കളാഴ്ച്ച രാവിലെ വ്യാപാരം നടന്നത്. വെള്ളിയാഴ്ച്ച് 77.05 നിലവാരത്തിലായിരുന്നു ക്ലോസിംഗ്. എന്നാല്‍ രാവിലെ വ്യാപാരം ആരംഭിച്ചതോടെ ഇത് 77.42 ലേക്ക് എത്തി. ഇതോടെ മാര്‍ച്ചില്‍ രേഖപ്പെടുത്തിയ 76.98 എമ്മ റെക്കാര്‍ഡ് ഇത് മറികടന്നു.

ചൈനയിലെ ലോക്ക്ഡൗണ്‍, യുദ്ധം, ഉയര്‍ന്ന പലിശനിരക്കിനെക്കുറിച്ചുള്ള ഭയം തുടങ്ങിയ കാര്യങ്ങളാണ് ഡോളറിലേക്ക് നിക്ഷേപകരെ ആകര്‍ഷിച്ചത്.യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് നിരക്കില്‍ അരശതമാനം വര്‍ധനവരുത്തിയത് തുടര്‍ച്ചയായി അഞ്ചാമത്തെ ആഴ്ചയും ഡോളറിന് കുതിപ്പേകി. നിലവില്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് ഡോളര്‍.മെയ് മാസത്തെ ആദ്യത്തെ നാല് വ്യാപാര ദിനങ്ങളിലായി വിദേശ നിക്ഷേപകര്‍ 6,400 കോടി രൂപയാണ് രാജ്യത്തെ ഓഹരി വിപണിയില്‍നിന്ന് പിന്‍വലിച്ചത്.

Story Highlights; Criticism of Juhi Chawla and Shilpa Shetty on rupee depreciation

Next Story

Popular Stories