'ഉറപ്പിച്ചു'; 'ജവാനി'ൽ ഷാരൂഖിന്റെ പ്രതിനായകൻ വിജയ് സേതുപതി തന്നെ
ഷാരൂഖാന്റെ പ്രതിനായകനയെത്തുമ്പോൾ ഏറെ പ്രതീക്ഷയിലാണ് ആരാധകർ
4 Aug 2022 9:57 AM GMT
ഫിൽമി റിപ്പോർട്ടർ

ഷാരൂഖ് ഖാൻ നായകനാകുന്ന 'ജവാൻ' സിനിമയുമായി ബന്ധപ്പെട്ട വാർത്തകളും അഭ്യുഹങ്ങളും ഏതാനും നാളുകളായി വരികയാണ്. അറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദളപതി വിജയ്, നയൻതാര എന്നിവർ എത്തുമെന്ന വാർത്തകളും എത്തിയിരുന്നു. ഒപ്പം വിജയ് സേതുപതിയായിരിക്കും വില്ലൻ വേഷത്തിൽ എത്തുക എന്ന അഭ്യൂഹങ്ങളും ഉണ്ടായി എന്നാൽ ഇപ്പോൾ ഇത് ഉറപ്പിക്കുകയാണ് സിനിമ നിരൂപകനും ട്രേഡ് അനലിസ്റ്റുമായ സുമിത് കഡേൽ. ഷാരൂഖിന്റെ വില്ലനായി വിജയ് സേതുപതി തന്നെയാണ് ജവാനിലൂണ്ടാവുക.
'വിക്രം വേദ', 'മാസ്റ്റർ', 'വിക്രം' എന്നീ സിനിമകളിലൂടെ നായക വേഷം മാത്രമല്ല മികച്ച വില്ലനാകാനും സാധിക്കുമെന്ന് തെളിയിച്ച താരമാണ് വിജയ് സേതുപതി. ഇപ്പോൾ ഷാരൂഖ് ഖാന്റെ പ്രതിനായകനയി എത്തുമ്പോൾ ഏറെ പ്രതീക്ഷയിലാണ് ആരാധകരും. 'ബാഹുബലി' താരം റാണ ദഗുബാട്ടിയെയായിരുന്നു കഥാപാത്രത്തിനായി ആദ്യം സമീപിച്ചത്. എന്നാൽ അദ്ദേഹത്തിന്റെ തിരക്കുകൾ മൂലം കഥാപാത്രത്തിനായി അണിയറപ്രവർത്തകർ വിജയ് സേതുപതിയെ സമീപിക്കുകയായിരുന്നു.
അല്ലു അർജുൻ നായകനായ 'പുഷ്പ: ദി റൂളി'ലും വിജയ് സേതുപതി അഭിനയിക്കും എന്ന റിപ്പോർട്ടുകളും ഉണ്ട്. ചിത്രത്തിൽ നിർണായകമായ വേഷം ചെയ്യുന്നതിന് വേണ്ടി നിർമ്മാതാക്കൾ വിജയ് സേതുപതിയെ സമീപിച്ചു എന്നാണ് സൂചന. നിലവിൽ '19 (1) എ' എന്ന സിനിമയാണ് നടന്റേതായി ഒടുവിൽ റിലീസ് ചെയ്തത്. 'മാർക്കോണി മത്തായിക്ക്' ശേഷം വിജയ് സേതുപതിയുടെ രണ്ടാമത്തെ മലയാള ചിത്രമാണ് '19(1)(എ)'. ഇന്ദു വിഎസ് സംവിധാനം ചെയ്ത ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് റിലീസ് ചെയ്തത്. ഇന്ദ്രജിത്ത് സുകുമാരൻ, ഇന്ദ്രൻസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആന്റോ ജോസഫിന്റെ പ്രൊഡക്ഷൻ കമ്പനിയായ ആന്റോ ജോസഫ് ഫിലിം കമ്പനിയുടേതാണ് നിർമ്മാണം. യുവ സംവിധായിക ഇന്ദു വിഎസിന്റെ ആദ്യ സംവിധാന സംരംഭവുമാണ് ചിത്രം.
Story highlights: 'confirmed'; Vijay Sethupathi is Shah Rukh's villain in 'Jawan'