Top

ഹാസ്യ താരം രാജു ശ്രീവാസ്തവ അന്തരിച്ചു; ജിമ്മിൽ വ്യായാമത്തിനിടെ ഹൃദയാഘാതം

ഒരു മാസത്തിനു ശേഷം സ്ഥിതി വീണ്ടും ഗുരുതരമായതോടെ വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു

21 Sep 2022 6:19 AM GMT
ഫിൽമി റിപ്പോർട്ടർ

ഹാസ്യ താരം രാജു ശ്രീവാസ്തവ അന്തരിച്ചു; ജിമ്മിൽ വ്യായാമത്തിനിടെ ഹൃദയാഘാതം
X

ജനപ്രിയ ഹാസ്യ താരം രാജു ശ്രീവാസ്തവ അന്തരിച്ചു. 58 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഡൽഹി എയിംസിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ മാസം 10നാണ് ജിമ്മിൽ വ്യായാമത്തിനിടെ താരത്തിന് ഹൃദയാഘാതമുണ്ടാകുന്നത്. ഒരു മാസത്തിനു ശേഷം സ്ഥിതി വീണ്ടും ഗുരുതരമായതോടെ വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു.

വെന്റിലേറ്ററിൽ അബോധാവസ്ഥയിലാണെങ്കിലും ജീവിതത്തിലേക്ക് അദ്ദേ​ഹം മടങ്ങിവരുമെന്ന് സഹോദരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 2005 പുറത്തിറങ്ങിയ 'ദ് ഗ്രേറ്റ് ഇന്ത്യൻ ലാഫർ ചാലഞ്ച്' എന്ന ടെലിവിഷൻ ഷോയിലൂടെയാണ് രാജു ശ്രീവാസ്തവ സ്റ്റാൻഡ് അപ് കോമഡി രംഗത്ത് സജീവമാകുന്നത്. കോമഡി സർക്കസ്, ദ് കപിൽ ശർമ ഷോ, ശക്തിമാൻ തുടങ്ങിയ നിരവധി ഹാസ്യ പരിപാടികളിൽ അ​ദ്ദേഹം തിളങ്ങി. മൈനേ പ്യാർ കിയ, തേസാബ്, ബാസിഗർ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലും ശ്ര​ദ്ധേയ വേഷം ചെയ്തു.

അഭിനയത്തിലൂടെ ശ്രദ്ധേയനായിരുന്നുവെങ്കിലും രാഷ്ട്രീയത്തിലും താരം സജീവമായിരുന്നു. 2014 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടി ടിക്കറ്റിൽ കാൻപുരിൽ നിന്ന് മത്സരിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ തനിക്ക് പിന്തുണയില്ലെന്നതിന്റെ പേരിൽ പിന്മാറി. പിന്നാലെ ബിജെപിയിൽ അം​ഗത്വം സ്വീകരിച്ചു. കേന്ദ്ര സർക്കാരിന്റെ സ്വച്ഛ് ഭാരത് അഭിയാനിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജുവിനെ നിർദേശിച്ചിരുന്നു.

Story highlights: comedy artist Raju Srivastav passes away

Next Story