Top

തോക്ക് ലൈസന്‍സ് അപേക്ഷയ്ക്ക് പിന്നാലെ ബുള്ളറ്റ്പ്രൂഫ് കാർ; സുരക്ഷ വർധിപ്പിച്ച് സൽമാൻ ഖാൻ

തന്റെ വാഹനങ്ങളിൽ ഒന്നായ ലാൻഡ് ക്രൂയിസറാണ് ബുള്ളറ്റ്പ്രൂഫായി അപ്‌ഗ്രേഡ് ചെയ്തിരിക്കുന്നത്

30 July 2022 10:26 AM GMT
ഫിൽമി റിപ്പോർട്ടർ

തോക്ക് ലൈസന്‍സ് അപേക്ഷയ്ക്ക് പിന്നാലെ ബുള്ളറ്റ്പ്രൂഫ് കാർ; സുരക്ഷ വർധിപ്പിച്ച് സൽമാൻ ഖാൻ
X

തോക്ക് ലൈസന്‍സിന് അപേക്ഷ സമര്‍പ്പിച്ച് ദിവസങ്ങൾക്കുള്ളിൽ പുതിയ ബുള്ളറ്റ്പ്രൂഫ് കാർ വാങ്ങി ബോളിവുഡ് താരം സൽമാൻ ഖാൻ. താരത്തിന്റെ വീട്ടിൽ ബുള്ളറ്റ്പ്രൂഫ് ഗ്ലാസ്സുള്ള ഒരു കാറും പ്രത്യേക സുരക്ഷകളും കണ്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തനിക്കും പിതാവിനും നേരെ വധഭീഷണി ഉയർന്നതിന് പിന്നാലെയാണ് താരം കൂടുതൽ സുരക്ഷ വർധിപ്പിച്ചിരിക്കുന്നത്.

തന്റെ വാഹനങ്ങളിൽ ഒന്നായ ലാൻഡ് ക്രൂയിസറാണ് ബുള്ളറ്റ്പ്രൂഫായി അപ്‌ഗ്രേഡ് ചെയ്തിരിക്കുന്നത്. കാർ പുതിയ മോഡൽ അല്ലെങ്കിലും, അപകടങ്ങളിൽ നിന്ന് സംരക്ഷണം നൽകാൻ ഇതിനു കഴിയും. ഗുണ്ടാ തലവൻ ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘം, ഗായകനും കോണ്‍ഗ്രസ് നേതാവുമായിരുന്ന സിദ്ധു മുസേവാലയെ കൊലപ്പെടുത്തി ദിവസങ്ങള്‍ക്കുള്ളിലാണ് സൽമാനും പിതാവിനും വധഭീഷണി കത്ത് ലഭിച്ചത്. തുടർന്ന് താരം സ്വന്തം സുരക്ഷയും കുടുംബാംഗങ്ങളുടെ സുരക്ഷയും ഉറപ്പാക്കുന്നതിന് വേണ്ടിയാണ് തോക്ക് ലൈസന്‍സിന് അപേക്ഷിച്ചത് എന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ജൂണിലാണ് സൽമാനും പിതാവിനുമെതിരെ വധ ഭീഷണി ഉണ്ടായത്. ബാന്ദ്ര ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നും കത്ത് മുഖാന്തരമാണ് താരത്തിനെതിരെ ഭീഷണി ഉണ്ടായത്. 'മൂസെവാലയുടെ അവസ്ഥ തന്നെയാകും' എന്നായിരുന്നു കത്തിൽ കുറിച്ചിരുന്നത്. സലിം ഖാന്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ എന്നും നടക്കാന്‍ പോകുന്ന പതിവുണ്ട്. അദ്ദേഹം നടത്തത്തിന് ശേഷം പതിവായി വിശ്രമിക്കാറുള്ള സ്ഥലത്ത് നിന്നും സുരക്ഷാ ഉദ്യോഗസ്ഥരാണ് കത്ത് കണ്ടെത്തിയത്. സംഭവത്തിൽ ഇരുവരുടെയും മൊഴിയും പൊലീസ് ശേഖരിച്ചിരുന്നു.

Story highlights: Bulletproof car after gun license application; Salman Khan increased security

Next Story