'പുരുഷ പീഡനത്തെ പ്രോത്സാഹിപ്പിക്കുന്നു'; അലിയ ഭട്ടിനെതിരെ ബഹിഷ്കരണ ക്യാംപെയ്ന്
ഹോളിവുഡ് താരം ആംബർ ഹേഡുമായി നടിയെ പലരും താരതമ്യം ചെയ്യുന്നുമുണ്ട്.
4 Aug 2022 4:31 AM GMT
ഫിൽമി റിപ്പോർട്ടർ

ആലിയ ഭട്ട് കേന്ദ്ര കഥാപാത്രമാകുന്ന പുതിയ ചിത്രം 'ഡാർലിംഗ്സ്' റിലീസിന് ഒരുങ്ങുകയാണ്. സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങിയതിന് പിന്നാലെ ആലിയക്കെതിരെ വലിയ തോതിലുള്ള ബഹിഷ്കരണ ക്യാംപെയ്നാണ് ആരംഭിച്ചിരിക്കുന്നത്. സിനിമയിലൂടെ ആലിയ പുരുഷന്മാർക്കെതിരെയുള്ള അതിക്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് എന്നാണ് ആരോപണം.
ട്രെയ്ലറിൽ ആലിയ ഭട്ട് അവതരിപ്പിക്കുന്ന കഥാപാത്രം ഭർത്താവിന്റെ വേഷത്തിലെത്തുന്ന വിജയ് വർമ്മയെ ഉപദ്രവിക്കുന്ന രംഗങ്ങളുണ്ട്. ഇതാണ് ചിലരെ ചൊടിപ്പിച്ചിരിക്കുന്നത്. സിനിമ ബഹിഷ്കരിക്കണമെന്ന് ആവശ്യവുമായി നിരവധിപ്പേർ സമൂഹ മാധ്യമങ്ങളിലൂടെ രംഗത്ത് എത്തിയിട്ടുണ്ട്. 'ബോയ്കോട്ട് ആലി ഭട്ട്' എന്ന ഹാഷ് ടാഗും ട്വിറ്ററിൽ ട്രെൻഡിങ്ങാണ്.
'പുരുഷ പീഡനം ബോളിവുഡിന് വെറും തമാശയാണ്', 'ലിംഗഭേദമില്ലാതെ എല്ലാ ഇരകളെയും തുല്യരായി കാണുക', 'പുരുഷ പീഡനം ആഘോഷിക്കുന്ന ആലിയ ഭട്ടിനെ ബഹിഷ്കരിക്കുക' എന്നിങ്ങനെ പോകുന്നു പ്രതികരണങ്ങൾ. ഹോളിവുഡ് താരം ആംബർ ഹേഡുമായി നടിയെ പലരും താരതമ്യം ചെയ്യുന്നുമുണ്ട്. വിജയ് വർമ്മ-ജോണി ഡെപ്പ് താരതമ്യവുമുണ്ട്.
ഡാർക്ക് കോമഡി വിഭാഗത്തിലുള്ള 'ഡാർലിംഗ്സ്' ഓഗസ്റ്റ് 5ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുക. അഭിനയത്തിന് പുറമെ ആലിയയുടെ നിർമ്മാതാവായുള്ള അരങ്ങേറ്റ ചിത്രം കൂടിയാണ് ഡാർലിംഗ്സ്. ആലിയയുടെ പ്രൊഡക്ഷൻ കമ്പനിയായ എറ്റേർണൽ സൺഷൈൻ പ്രൊഡക്ഷൻസും ഷാരുഖ് ഖാന്റെ റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ്സും ചേർന്നാണ് ചത്രത്തിന്റെ നിർമ്മാണം.
story highlights: boycott campaign against alia bhatt